കാഞ്ഞാണി: ക്ഷേത്രങ്ങളില്‍ ഭഗവത് സന്നിധിയില്‍ ഉപയോഗിച്ചുവരുന്ന ഇടയ്ക്ക ഉപയോഗിച്ച് പള്ളിയിലെ അള്‍ത്താര സംഗീതത്തില്‍ പുതിയൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് എറവ് കപ്പല്‍ പള്ളി വികാരി ഫാ. റോയ് ജോസഫ് വടക്കന്‍. കുര്‍ബാനക്ക് ഉപയോഗിക്കുന്ന സംഗീതോപകരങ്ങള്ക്ക് പുറമെ ഇടയ്ക്ക കൂടി ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം.
‘വന്ദേ മുകുന്ദ ഹരേ’ മുതല്‍ ‘പരിശുദ്ധാത്മാവേ നീയെഴുന്നള്ളും’ എന്ന് തുടങ്ങിയ ഗാനങ്ങള്‍ വരെ ഇടയ്ക്കയില്‍ വായിച്ച് വേറിട്ട പാതയിലൂടെയാണ് വടക്കനച്ചന്റെ സഞ്ചാരം. സംസ്ഥാനത്ത് ഒരുപക്ഷെ ആദ്യമായി ഇടയ്ക്കയില്‍ താളം കൊട്ടിപ്പഠിച്ച വൈദികന് ആയിരിക്കും ഫാ. വടക്കന്‍. ചെറുപ്പം മുതല്‍ സമീപ പ്രദേശത്തെ ക്ഷേത്രങ്ങളില്‍ നിന്ന് ഇടയ്ക്കയുടെ നാദം കേള്‍ക്കുമ്പോള്‍ ഇദ്ദേഹത്തിന് പഠിക്കണമെന്നുള്ള ആഗ്രഹം തുടങ്ങിയിരുന്നു. മുതിര്‍ന്ന ശേഷം ചെറുതുരുത്തിയില്‍ ജോലി ചെയ്യുന്നതിനിടയില്‍ കലാമണ്ഡലത്തില്‍ അരങ്ങേറുന്ന പരിപാടികള്‍ കണ്ട് വീണ്ടും കമ്പം മൂത്തു. ഇടയ്ക്ക വിദ്വാന് ഞെരളത്ത് ഹരിഗോവിന്ദനോട് ഫാ. റോയ് തന്റെ ആഗ്രഹം അറിയിക്കുകയും ഇടയ്ക്ക വിദ്വാനായ പെരിങ്ങോട് മണികണ്ഠനാശാനെ ഏര്‍പ്പാടാക്കി കൊടുക്കുകയും ചെയ്തു. പാങ്ങാവ് ശിവക്ഷേത്രത്തിന്റെ ഹാളിലായിരുന്നു പഠനം. കൗമാരക്കാരായ 12 ഓളം പേര്‍ക്കൊപ്പമായിരുന്നു റോയിയുടെ പരിശീലനവും. ഇപ്പോള്‍ പഠനം 2 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. പള്ളികളില്‍ അള്‍ത്താര സംഗീതത്തിന് ഇടയ്ക്ക ഉപയോഗിക്കാനുള്ള സാധ്യതകള്‍ തേടുകയാണ് ഈ വൈദികന്. സ്ഥിരമായി കണ്ടുവരുന്ന കീബോര്‍ഡും തബലയും കൂടാതെ ദൈവീക കലയെന്ന് താന്‍ വിശ്വസിക്കുന്ന ഇടയ്ക്കയുടെ നാദം കൂടി പള്ളിയങ്കണങ്ങളില്‍ കുര്‍ബാനകള്‍ക്ക് സജ്ജമാക്കാന്‍ ശ്രമം തുടങ്ങിയതായി ഫാ. റോയ് വടക്കന്‍ പറഞ്ഞു. ഇടയ്ക്കയുടെ നാദം ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഏറ്റെടുക്കണമെന്നും ഇദ്ദേഹം പറയുന്നു.
ഇടയ്ക്കയില്‍ മാത്രമല്ല ശിങ്കാരിമേളവും ബാന്‍ഡ് വാദ്യവും ഇദ്ദേഹത്തിന് വഴങ്ങും. രണ്ടു പതിറ്റാണ്ടോളമായി ഫാ. റോയ് ബാസ്കറ്റ് ബോള്‍ മത്സരങ്ങളിലെ റഫറിയുമാണ്. ഏനാമ്മാവ് ഇട്ടൂപ്പ് – മര്‍ഗിളി ദമ്പതികളുടെ ഏഴു മക്കളില്‍ ഇളയവനാണ് ഇദ്ദേഹം. കോട്ടയം വടവാതൂര്‍ സെമിനാരിയുടെ ബാസ്കറ്റ് ബോള്‍ ക്യാപ്റ്റനായിരിക്കെ കേരള റഫറി പരീക്ഷ എഴുതാന്‍ അവസരം ലഭിക്കുകയും തുടര്‍ന്ന് കളിക്കളം നിയന്ത്രിക്കാനുള്ള യോഗ്യത നേടുകയുമായിരുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജ്, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് അസി. പ്രൊഫസര്‍, ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിങ്ങ് കോളേജ് ഡയറക്ടറായി 12 വര്‍ഷം എന്നിങ്ങനെ ഫാ. റോയ് ജോസഫ് വടക്കന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വതന്ത്ര ഇടവക വികാരിയായി ആദ്യമായി നിയമിതനാകുന്നത് ഇപ്പോഴുള്ള എറവ് സെ. തെരേസാസ് കപ്പല്‍ പള്ളിയില്‍ കഴിഞ്ഞവര്‍ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: