പുതുക്കാട്: പാലപ്പിള്ളി കുണ്ടായി ചൊക്കന ജനവാസ മേഖലയില്‍ നിന്ന് മാറാതെ കാട്ടാനക്കൂട്ടം. കഴിഞ്ഞ ദിവസം കാനയില്‍ വീണ ആനക്കുട്ടി ഉള്‍പ്പെട്ട കാട്ടാനക്കൂട്ടമാണ് ജനവാസ മേഖലയോടു ചേര്‍ന്നുള്ള റബ്ബര്‍ തോട്ടങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഏഴ് ആനകളാണ് ചൊക്കന ആശുപത്രിക്ക് മുന്നിലുള്ള തോട്ടത്തിലുള്ളത്. മൂന്നു ദിവസമായി ഈ ആനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കുണ്ടായി പാറക്കൂട്ടത്ത് നിന്നാണ് ആനക്കൂട്ടം ചൊക്കനയില്‍ എത്തിയത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞും ആനക്കൂട്ടം തോട്ടത്തിലുള്ളതായി തൊഴിലാളികള്‍ പറയുന്നു.
ഹാരിസണ്‍ കമ്പനിയുടെ കുണ്ടായി എസ്റ്റേറ്റിലെ നിരവധി റബര്‍ മരങ്ങളാണ് ആനക്കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ തോട്ടം തൊഴിലാളികളുടെ പറമ്പുകളിലും ആനകള്‍ ഇറങ്ങിയിരുന്നു. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിയാനകള്‍ ഉള്ളതുകൊണ്ടാണ് ആനക്കൂട്ടം ജനവാസ മേഖലയില്‍ നിന്ന് മാറാത്തതെന്നാണ് വനപാലകര്‍ പറയുന്നത്. പിടിയാനകളാണ് കൂട്ടത്തില്‍ ഏറെയും ഉള്ളത്. മറ്റ് രണ്ട് കൂട്ടം ആനകളും മേഖലയില്‍ എത്തുന്നുണ്ടെന്ന് പറയുന്നു. ഇതില്‍ ഒറ്റപ്പെട്ടു നടക്കുന്ന കൊമ്പന്മാര് അപകടകാരികളാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കുണ്ടായി പാലപ്പിള്ളി റോഡിലും, മുപ്ലി പുഴയിലും ആനകള്‍ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. ടാപ്പിംഗ് തൊഴിലാളികള്‍ ഭീതിയോടെയാണ് പണിക്കിറങ്ങുന്നത്. തൊഴിലാളി കുടുംബങ്ങളും വഴിയാത്രക്കാരും ഏറെ ആശങ്കയിലായ സാഹചര്യത്തില്‍ ആനശല്യം ഒഴിവാക്കാന്‍ വനപാലകര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: