കൊല്‍ക്കത്ത: ബംഗാളില്‍ അധ്യാപക നിയമന കുംഭകോണത്തില്‍ അഡൈ്വസറി കമ്മിറ്റിക്കെതിരായ സിബിഐ അന്വേഷണം ആരംഭിച്ചു. ഉപദേശക സമിതിയുടെ ഘടനയും നടപടിക്രമവും തേടി സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിന് സിബിഐ കത്തയച്ചു. കത്തിന് മറുപടി നല്‍കിയെന്ന് വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും നല്കിയ മൂന്ന് കത്തില്‍ ഒന്നിന് മാത്രമാണ് സര്‍ക്കാര്‍ ഉത്തരം നല്‍കിയതെന്ന് സിബിഐ വൃത്തങ്ങള്‍ പറയുന്നു. അത് തന്നെ അവ്യക്തവുമാണ്. ബോര്‍ഡ് സെക്രട്ടറി, സ്കൂള്‍ സര്‍വീസ് കമ്മിഷന് ചെയര്മാന്, വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കാണ് സിബിഐ കത്ത് നല്‍കിയത്.
അധ്യാപകനിയമനത്തിന് 2016ല്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും 2017ല്‍ ഫലം പുറത്തുവരികയും ചെയ്തു. അതിന് ശേഷം 2018ലാണ് ഉപദേശക സമിതി രൂപീകരിച്ചത്. നിയമനങ്ങളെല്ലാം ഈ സമിതിയുടെ ശിപാര്‍ശ പ്രകാരമായിരുന്നു. ഇതിന്റെ നടപടിക്രമത്തെ കുറിച്ചാണ് സിബിഐ പ്രാഥമികമായി അന്വേഷിക്കുന്നത്. കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം.
വിജ്ഞാപനം വന്ന് രണ്ട് വര്‍ഷത്തിന് ശേഷം ഉപദേശക സമിതി രൂപീകരിക്കാന്‍ ആരാണ് തീരുമാനിച്ചതെന്ന് സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിനോട് സിബിഐ ആരാഞ്ഞിരുന്നു. അവരുടെ മറുപടി കിട്ടിയെങ്കിലും മറ്റ് രണ്ട് വകുപ്പുകളുടെ മറുപടി കിട്ടിയതിന് ശേഷമേ ബാക്കി നടപടികള്‍ സിബിഐ സ്വീകരിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: