ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ജൂലൈ 27, 28 തീയതികളില്‍ രാജസ്ഥാനും ഗുജറാത്തും സന്ദര്‍ശിക്കും.ജൂലൈ 27ന് രാവിലെ 11.15ന് രാജസ്ഥാനിലെ സീക്കറില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികള്‍ക്കു തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3:15ന് അദ്ദേഹം ഗുജറാത്തിലെ രാജ്കോട്ടില്‍ എത്തിച്ചേരും. രാജ്കോട്ട് അന്താരാഷ്ട്ര വിമാനത്താവളം അദ്ദേഹം സന്ദര്‍ശിക്കും. അതിനുശേഷം, വൈകുന്നേരം 4:15 ന് രാജ്കോട്ടിലെ റേസ് കോഴ്സ് മൈതാനത്ത് പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജൂലൈ 28-ന് രാവിലെ 10.30-ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ പ്രധാനമന്ത്രി ‘സെമിക്കോണ്‍ ഇന്ത്യ 2023’ ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രി സീക്കറില്‍
കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന സുപ്രധാന നീക്കത്തിന്റെ ഭാഗമായി, ഒരു ലക്ഷം പിഎം കിസാന്‍ സമൃദ്ധി കേന്ദ്രങ്ങള്‍ (പിഎംകെഎസ്കെ) പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒരിടത്തുതന്നെ പ്രതിവിധി ലഭ്യമാക്കുന്നതിനാണ് പിഎംകെഎസ്കെ വികസിപ്പിക്കുന്നത്. കാര്‍ഷിക സാമഗ്രികള്‍ (വളം, വിത്തുകള്‍, ഉപകരണങ്ങള്‍) മുതല്‍ മണ്ണ്, വിത്ത്, വളം എന്നിവയുടെ പരിശോധനാ സൗകര്യങ്ങള്‍ വരെ, വിവിധ ഗവണ്മെന്റ് പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ വരെ, രാജ്യത്തെ കര്‍ഷകര്‍ക്ക് വിശ്വസനീയമായ പിന്തുണാ സംവിധാനമായാണ് പിഎംകെഎസ്കെ വിഭാവനം ചെയ്യുന്നത്. ബ്ലോക്ക്/ജില്ലാതല ഔട്ട്ലെറ്റുകളില് രാസവളം ചില്ലറ വില്‍പ്പനക്കാരുടെ പതിവുശേഷി വര്‍ധനയും അവ ഉറപ്പാക്കും.
സള്‍ഫര്‍ പൂശിയ യൂറിയയുടെ പുതിയ ഇനമായ യൂറിയ ഗോള്‍ഡ് പ്രധാനമന്ത്രി പുറത്തിറക്കും. സള്‍ഫര്‍ പൂശിയ യൂറിയയുടെ വരവ് മണ്ണിലെ സള്‍ഫറിന്റെ കുറവ് പരിഹരിക്കും. ഈ നൂതന വളം വേപ്പ് പൂശിയ യൂറിയയേക്കാള്‍ ലാഭകരവും കാര്യക്ഷമവുമാണ്. സസ്യങ്ങളിലെ നൈട്രജന്‍ ഉപയോഗം ഇതു കാര്യക്ഷമമാക്കും. രാസവളത്തിന്റെ ഉപഭോഗം കുറയ്ക്കും. വിളയുടെ ഗുണനിലവാരം വര്‍ധിപ്പിക്കും.
പരിപാടിയില്‍, ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സില്‍ (ഒഎന്‍ഡിസി) 1500 കാര്‍ഷികോല്‍പ്പാദന സംഘടനകളുടെ (എഫ്പിഒ) ഉള്‍പ്പെടുത്തല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഓണ്‍ലൈന്‍ പണമിടപാട്, ബിസിനസ്-ടു-ബിസിനസ് (B2B), ബിസിനസ്-ടു-കണ്‍സ്യൂമര്‍ ഇടപാടുകള്‍ എന്നിവയിലേക്ക് നേരിട്ട് പ്രവേശനം നല്കി ഒഎന്‍ഡിസി എഫ്പിഒകളെ ശാക്തീകരിക്കുന്നു. കൂടാതെ ഗ്രാമീണ മേഖലയിലെ ലോജിസ്റ്റിക്സിന്റെ വളര്‍ച്ചയ്ക്ക് ഉത്തേജനം നല്കി പ്രാദേശിക മൂല്യവര്‍ധന പ്രോത്സാഹിപ്പിക്കുന്നു.
കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ ഉദാഹരണമായി, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് (പിഎം-കിസാന്‍) കീഴിലുള്ള 14-ാം ഗഡു തുകയായ ഏകദേശം 17,000 കോടി രൂപ 8.5 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റത്തിലൂടെ അനുവദിക്കും.
ചിറ്റോര്‍ഗഢ്, ധോല്‍പുര്‍, സിരോഹി, സീക്കര്‍, ശ്രീ ഗംഗാനഗര്‍ എന്നിവിടങ്ങളില്‍ അഞ്ച് പുതിയ മെഡിക്കല്‍ കോളേജുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ബാരന്, ബുണ്ടി, കരൗലി, ഝുന്‍ഝുനു, സവായ് മധോപുര്‍, ജയ്സാല്‍മര്‍, ടോങ്ക് എന്നിവിടങ്ങളില്‍ ഏഴ് മെഡിക്കല്‍ കോളേജുകള്‍ക്ക് തറക്കല്ലിടുകയും ചെയ്യും. ഇതിലൂടെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ വലിയ വിപുലീകരണത്തിന് രാജസ്ഥാന് സാക്ഷ്യം വഹിക്കും.
‘നിലവിലുള്ള ജില്ലാ/ റഫറല്‍ ആശുപത്രികളോട് അനുബന്ധിച്ച് പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതിനുള്ള’ കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കീഴിലാണ് മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന അഞ്ച് മെഡിക്കല്‍ കോളേജുകള്‍ 1400 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിച്ചവയാണ്. തറക്കല്ലിടുന്ന ഏഴ് മെഡിക്കല്‍ കോളേജുകള്‍ 2275 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്.
2014 വരെ 10 മെഡിക്കല്‍ കോളേജുകള്‍ മാത്രമാണ് രാജസ്ഥാനില്‍ ഉണ്ടായിരുന്നത്. കേന്ദ്ര ഗവണ്മെന്റിന്റെ പരിശ്രമ ഫലമായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 250% വര്‍ധിച്ച് 35 ആയി ഉയര്‍ന്നു. ഈ 12 പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത് സംസ്ഥാനത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 2013-14 ലെ 1750ല്‍ നിന്ന് 258% വര്‍ധിപ്പിച്ച് 6275 ആയി ഉയര്‍ത്തും.
കൂടാതെ, ഉദയ്പുര്‍, ബാന്സ്വാര, പ്രതാപ്ഗഢ്, ദുംഗാര്‍പുര്‍ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ആറ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ജോധ്പുര്‍ തിവ്രിയിലെ കേന്ദ്രീയ വിദ്യാലയവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രി രാജ്കോട്ടില്‍
രാജ്യത്തുടനീളമുള്ള വ്യോമഗതാഗതം മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് രാജ്കോട്ടിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം വഴിയൊരുക്കും. 1400 കോടിയിലധികം രൂപ ചെലവഴിച്ച് 2500 ഏക്കറിലധികം വിസ്തൃതിയിലാണ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം വികസിപ്പിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയും സുസ്ഥിര സവിശേഷതകളും സമന്വയിപ്പിച്ചാണു പുതിയ വിമാനത്താവളം ഒരുക്കിയിരിക്കുന്നത്. GRIHA -4 കംപ്ലയിന്റാണ് (ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസെസ്മെന്റിനുള്ള ഗ്രീന്‍ റേറ്റിംഗ്) ടെര്‍മിനല്‍ കെട്ടിടം. പുതിയ ടെര്‍മിനല്‍ കെട്ടിടത്തില്‍ (NITB) ഡബിള്‍ ഇന്‍സുലേറ്റഡ് റൂഫിങ് സിസ്റ്റം, സ്കൈലൈറ്റുകള്‍, എല്‍ഇഡി ലൈറ്റിങ്, ലോ ഹീറ്റ് ഗെയിന്‍ ഗ്ലേസിംഗ് തുടങ്ങിയ വിവിധ സുസ്ഥിര സവിശേഷതകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
രാജ്കോട്ടിന്റെ സാംസ്കാരിക ചൈതന്യം വിമാനത്താവള ടെര്‍മിനലിന്റെ രൂപകല്‍പ്പനയ്ക്ക് പ്രചോദനമായി. ലിപ്പന്‍ ആര്‍ട്ട് മുതല്‍ ദാണ്ഡിയ നൃത്തം വരെയുള്ള കലാരൂപങ്ങളെ അതിന്റെ ചലനാത്മകമായ ബാഹ്യ മുഖത്തിലൂടെയും ഗംഭീരമായ ഇന്റീരിയറുകളിലൂടെയും ഇതു ചിത്രീകരിക്കും. പ്രാദേശിക വാസ്തുവിദ്യാ പൈതൃകത്തിന്റെ പ്രതീകമായ ഈ വിമാനത്താവളം, ഗുജറാത്തിലെ കത്തിയവാര്‍ പ്രദേശത്തെ കലയുടെയും നൃത്തരൂപങ്ങളുടെയും സാംസ്കാരിക മഹത്വം പ്രതിഫലിപ്പിക്കും. രാജ്കോട്ടിലെ പുതിയ വിമാനത്താവളം രാജ്കോട്ടിലെ പ്രാദേശിക ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വികസനത്തിന് മാത്രമല്ല, ഗുജറാത്തിലുടനീളം വ്യാപാരം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, വ്യാവസായികം എന്നീ മേഖലകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
860 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. സൗനി യോജന ലിങ്ക് 3 പാക്കേജ് 8ഉം 9ഉം ജലസേചന സൗകര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സൗരാഷ്ട്ര മേഖലയ്ക്ക് കുടിവെള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും സഹായിക്കും. ദ്വാരക RWSS നവീകരിക്കുന്നത് പൈപ്പ്ലൈന് വഴി ഗ്രാമങ്ങളില്‍ മതിയായ കുടിവെള്ളം ലഭ്യമാക്കാന്‍ സഹായിക്കും. ഉപര്‍കോട്ട് കോട്ട I & II ന്റെ സംരക്ഷണവും പുനരുദ്ധാരണവും വികസനവും; ജലശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണം; മലിനജല സംസ്കരണ പ്ലാന്റ്; മേല്‍പ്പാലം തുടങ്ങിയവയാണ് മറ്റു പദ്ധതികള്‍.
പ്രധാനമന്ത്രി ഗാന്ധിനഗറില്‍
ജൂലൈ 28ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ പ്രധാനമന്ത്രി ‘സെമിക്കോണ്‍ ഇന്ത്യ 2023’ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും. ‘ഇന്ത്യയുടെ സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുക’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ആഗോളതലത്തില്‍ മുന്‍നിരയിലുള്ള വ്യവസായ-വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളെ ഒരുമിച്ച് കൊണ്ടുവരാന്‍ ഇത് ലക്ഷ്യമിടുന്നു. ഇത് ഇന്ത്യയുടെ സെമികണ്ടക്ടര്‍ തന്ത്രവും നയവും വെളിവാക്കുന്നു. ഇന്ത്യയെ സെമികണ്ടക്ടര്‍ രൂപകല്‍പ്പന, നിര്‍മാണം, സാങ്കേതിക വികസനം എന്നിവയുടെ ആഗോള കേന്ദ്രമാക്കി മാറ്റാനും ഇതു സഹായിക്കും. മൈക്രോണ്‍ ടെക്നോളജി, അപ്ലൈഡ് മെറ്റീരിയല്‍സ്, ഫോക്സ്കോണ്‍, സെമി, കാഡന്‍സ്, എഎംഡി തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രതിനിധികളുടെ പങ്കാളിത്തത്തിന് ‘സെമിക്കോണ്‍ഇന്ത്യ 2023’ സാക്ഷ്യം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: