പോര്‍ട്ട് ഓഫ് സ്പെയിന്: രണ്ടാം ടെസ്റ്റ് കൂടി ജയിച്ച് ആധിപത്യത്തോടെ പരമ്പര സ്വന്തമാക്കാമെന്നുള്ള ഇന്ത്യന്‍ മോഹത്തിന് ട്രിനിഡാഡില്‍ തിരിച്ചടി. ടെസ്റ്റിന്റെ അഞ്ചാം ദിനം രാവിലത്തെ സെഷന്റെ ആത്രയും സമയം കഴിഞ്ഞിട്ടും ഒരു പന്ത് പോലും എറിയാനായില്ല. കനത്ത മഴയാണ് ട്രിനിഡാഡില്‍ പെയ്തുകൊണ്ടിരിക്കുന്നത്.
മഴ പെയ്ത് സമയം വൈകിയതിനാല്‍ വിന്‍ഡീസിന് ജയത്തിനായുള്ള സകല പ്രതീക്ഷയും ഇല്ലാത്ത അവസ്ഥയിലായി. മത്സരം സമനിലയിലാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പരമ്പര ഇന്ത്യ ഉറപ്പിച്ചു. ഡോമിനിക്കയില്‍ നടന്ന ആദ്യ മത്സരം ഇന്ത്യ അനായാസം നേടിയതാണ്.
രണ്ടാം ടെസ്റ്റിലും തീര്‍ത്തും ആധിപത്യത്തോടെയാണ് ഇന്ത്യയുടെ പോരാട്ടം. മഴ പെയ്തതാണ് തിരിച്ചടിയായത്.
ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. 438 റണ്‍സെടുത്താണ് ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് തീര്‍ന്നത്. ഇതിനെതിരെ വിന്‍ഡീസ് 255 റണ്‍സില്‍ എല്ലാവരും പുറത്തായി. ഫോളോ ഓണ്‍ ഭീഷണിയെ ആതിഥേയര്‍ പാടുപെട്ട് മറികടന്നു.
രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത ഇന്ത്യ നാലാം ദിനത്തിലെ അവസാനത്തെ കുറച്ച് സമയവും അഞ്ചാം ദിവസവും അനുവദിച്ചുകൊണ്ട് രണ്ടിന് 182 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. വിന്‍ഡീസ് സ്കോര്‍ രണ്ടിന് 76 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം തീര്‍ന്നു. അഞ്ചാം ദിനം ഉച്ചയോടടുക്കുമ്പോഴും മത്സരം മഴയുടെ അന്തരീക്ഷത്തില്‍ നിലച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: