ജി വേണുഗോപാല്‍
കെ എസ് ചിത്രയുമായി വര്‍ഷങ്ങള്‍ നീണ്ട ആഴമേറിയ അടുപ്പവും സൗഹൃദവുമുണ്ട്. കലാലയ കാലത്തു തുടങ്ങിയ പരിചയം പിന്നണി ഗാനരംഗത്തേയ്‌ക്ക് എത്തിയപ്പോഴും അതേ ശോഭയോടെ നിലനിന്നു. ഒരുമിച്ച് നിരവധി പാട്ടുകളുടെ പിന്നണിയില്‍ സ്വരമായി. കൂടെ പാടുന്നയാളെ എല്ലാ പിന്തുണയും നല്‍കി പ്രോത്സാഹിപ്പിക്കുന്ന സ്നേഹഗായികയാണ് ചിത്ര.
കോളജ് കാലഘട്ടത്തില്‍ ഞാനും ഗായകന്‍ ശ്രീനിവാസ്, സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍ എന്നിങ്ങനെ കുറച്ചുപേര്‍ അടങ്ങിയ ഒരു സംഗീത കൂട്ടായ്മ ഉണ്ടായിരുന്നു. ബ്ലൂ ബേര്‍ഡ്സ് എന്നായിരുന്നു ഞങ്ങളുടെ ഓര്‍ക്കസ്ട്രയുടെ പേര്. എല്ലാവരും ചേര്‍ന്ന് വിവിധ കോളജുകളില്‍ സംഗീത പരിപാടികള്‍ നടത്തിയിരുന്നു. എന്‍ജിനിയറിങ് കോളജിലും യൂണിവേഴ്സിറ്റി കോളജിലുമൊക്കെ പരിപാടികള്‍ക്കായി പോകുമായിരുന്നു.
അന്ന് ഇടയ്‌ക്ക് ഞങ്ങള്‍ക്കൊപ്പം പാടാന്‍ ചിത്രയും ചേച്ചി ബീനയും അരുന്ധതിയുമുള്‍പ്പെടെയുള്ള ഗായകരും എത്തിയിരുന്നു. ഞങ്ങള്‍ സമകാലികര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പ്രതിഭയുള്ളത് ചിത്രയ്‌ക്കാണ്. എത്രയൊക്കെ ഉന്നതിയില്‍ നിന്നാലും പരിചയപ്പെടുത്തലുകളോ പുകഴ്‌ത്തലുകളോ ഇഷ്ടപ്പെടാത്ത ആളാണ് ചിത്ര.
ചിത്ര പിന്നണി ഗാനരംഗത്തേക്ക് എത്തിയപ്പോഴും ഒരുമിച്ച് പല യുഗ്മഗാനങ്ങളും പാടി. സ്റ്റേജ് പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ചിത്രയ്‌ക്കൊപ്പം ഡ്യുയറ്റ് പാടാന്‍ പോയാലും പ്രത്യേകിച്ച് യാതൊരു തയ്യാറെടുപ്പുകളുടെയും ആവശ്യമില്ല. കാരണം ചിത്ര എല്ലാം പഠിച്ചൊരുങ്ങിയാണ് വരാറുള്ളത്. കൂടെയുള്ള ആള്‍ക്ക് തെറ്റിയാലും പറഞ്ഞു തന്നു സഹായിക്കും. ചിത്ര വളരെ ഫാസ്റ്റ് ലേണര്‍ ആണെന്നു പറയാം. വേഗത്തില്‍ പഠിക്കുകയും പഠിപ്പിച്ചു തരികയും ചെയ്യും.
പല രംഗങ്ങളിലും പ്രതിഭാധനരായ നിരവധി വ്യക്തികളെ നാം കാണാറുണ്ട്. പക്ഷേ അവരില്‍ നിന്നൊക്കെ ചിത്രയെ മാറ്റി നിര്‍ത്തുന്ന ചില ഘടകങ്ങളുണ്ട്. വളരെയേറെ മാനുഷിക മൂല്യമുള്ള ആളാണ് ചിത്ര. ചിത്രയുടെ നല്ല മനസ്സ് വിവരിക്കാന്‍ എന്റെ വ്യക്തിപരമായ ഈ ഒരു അനുഭവം മാത്രം മതി. എന്റെ ഭാര്യാ സഹോദരന്‍ രാമചന്ദ്രന്‍ പക്ഷാഘാതം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്ന സമയത്ത് അദ്ദേഹത്തെ ഉണര്‍ത്തിയത് ചിത്രയുടെ സ്വരമാണ്. രാമചന്ദ്രന്‍ വളരെ പ്രശസ്തനായ വയലിനിസ്റ്റ് ആയിരുന്നു. ഇളയരാജയ്‌ക്കും റഹ്മാനും ഉള്‍പ്പെടെ പ്രഗത്ഭരായ ഒട്ടുമിക്ക സംഗീതജ്ഞര്‍ക്കുമൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീതരംഗത്ത് ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ പക്ഷാഘാതം ബാധിച്ച് അദ്ദേഹം വെന്റിലേറ്ററില്‍ ആയി. ജീവിക്കുമോ മരിക്കുമോ എന്നു പോലും അറിയാത്ത അവസ്ഥ. അദ്ദേഹത്തെ ഐസിയുവിലേക്കു മാറ്റിയ അന്ന് ചിത്ര ആശുപത്രിയിലെത്തി. രാമചന്ദ്രന്റെ കട്ടിലില്‍ ഇരുന്ന് ചെവിയോടു ചേര്‍ന്ന് ‘പാടറിയേന്‍ പടിപ്പറിയേന്‍’ എന്ന പാട്ടിന്റെ ഏതാനും വരികള്‍ ആലപിച്ചു. പെട്ടന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രാമചന്ദ്രന്‍ പ്രതികരിച്ചു. ‘ദ് ഗോള്‍ഡന്‍ വോയ്സ് ഓഫ് ചിത്ര’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ജീവിതത്തിലേയ്‌ക്കു തിരിച്ചു വന്നു. കൂടുതലൊന്നും ചിത്രയെക്കുറിച്ചു പറയേണ്ടതില്ല. പാട്ടുകാരെല്ലാവരും വീട്ടുകാരല്ല. പക്ഷേ ഈ പാട്ടുകാരി നമ്മുടെയെല്ലാം വീട്ടുകാരി കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: