ശ്രീനഗര്‍: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണ ഘടനയിലെ 370-ാം വകുപ്പ് നീക്കിയതിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങി വിരമിച്ച ജഡ്ജിമാരുടെ സംഘം. ആഗസ്ത് നാല്, അഞ്ച് തീയതികളില്‍ നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ആഗസ്ത് 4ന് കശ്മീരിലെ ലാല്‍ ചൗക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുമെന്ന് മുതിര്‍ന്ന അഭിഭാഷകനും സുപ്രീം കോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റുമായ ഡോ. ആദിഷ് ഡി. അഗര്‍വാല അറിയിച്ചു.
വിരമിച്ച ജഡ്ജിമാരുടെ പ്രതിനിധി സംഘമാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നതും ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നതും. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാര്‍, ചീഫ് ജസ്റ്റിസുമാര്‍, വിവിധ ഹൈക്കോടതികളിലെ വിരമിച്ച ജഡ്ജിമാര്‍, വിവിധ ബാര്‍ കൗണ്‍സിലുകളുടെയും ബാര്‍ അസോസിയേഷനുകളുടെയും ഭാരവാഹികള്‍, നിയമവിദ്യാര്‍ത്ഥികള്‍ എന്നിവരാണ് സംഘത്തില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെന്നും, അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഇത് തെളിയിക്കാനാണ് തങ്ങള്‍ സുരക്ഷയില്ലാതെ ലാല്‍ ചൗക്കിലേക്ക് പോകുന്നതെന്നും ഡോ. ആദിഷ് പറഞ്ഞു. 370-ാം വകുപ്പ് റദ്ദാക്കിയത് രാഷ്ട്രീയ നീക്കം മാത്രമല്ല, കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്റെ നീക്കങ്ങള്‍ തകര്‍ക്കുന്നതുമാണെന്ന് ആദിഷ് പറഞ്ഞു. സ്കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ എന്നിവയുള്‍പ്പെടെ വിവിധ പൊതുസ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും.
ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്‍.കെ. സിങ്, കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ്, നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: