പ്രധാനമന്ത്രിയായിരിക്കെ രാജീവ്ഗാന്ധി, രാജ്യത്ത് വന്‍ രാഷ്ട്രീയ കോളിളക്കമുണ്ടാക്കാന്‍ ഇടയാക്കിയ ‘ഷാ ബാനു ബീഗം കേസിന്’ കാരണക്കാരിയായ ഷാ ബാനുവിനെ ഔദ്യോഗിക വസതിയിലേക്ക് കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ച സംഭവം മുന്‍പൊരു ‘നിരീക്ഷണ’ത്തില്‍ പരാമര്‍ശിച്ചിരുന്നു. മദ്ധ്യപ്രദേശുകാരിയായ ഷാ ബാനു അങ്ങനെ മകനെയും കൂട്ടി ദല്‍ഹിയിലെത്തി പ്രധാനമന്ത്രിയുടെ വസതിയില്‍ ചര്‍ച്ച നടത്തി. മൊഴിചൊല്ലപ്പെട്ട മുസ്ലിം സ്ത്രീക്ക് ജീവനാംശം നല്‍കണമെന്ന് ഷാ ബാനുവിന് അനുകൂലമായി വന്ന സുപ്രിം കോടതി വിധിയില്‍, ആ കോടതിവിധി തനിക്ക് ആവശ്യമില്ലെന്ന് പറയണമെന്നായിരുന്ന പ്രധാനമന്ത്രി രാജീവ് ഗാന്ധി, നാട്ടിന്‍പുറത്തുകാരിയായ ഷാ ബാനുവെന്ന സ്ത്രീയോട് ആവശ്യപ്പെട്ടത്!
കോടിക്കണക്കിന് ഹതഭാഗ്യരായ സ്ത്രീകളുടെ പ്രതിരൂപമായി നിന്ന, നിസ്സഹായയായ ഷാ ബാനുവിന്റെ ക്ഷീണിച്ച്, നനഞ്ഞ കണ്ണുകളില്‍ നോക്കി രാജീവ് അങ്ങനെ ആവശ്യപ്പെട്ടപ്പോള്‍ ഒരുപക്ഷേ, അഞ്ചുമക്കളുടെ അമ്മയായ ഷാ ബാനു പതറിപ്പോയിട്ടുണ്ടാവണം. അന്ന് രാജീവ് ഗാന്ധി രാഷ്ട്രീയത്തിലെ ‘മിസ്റ്റര്‍ ക്ലീന്‍’ മാത്രമല്ല, ഏതമ്മയ്ക്കും സഹതാപ വാത്സല്യം തോന്നുന്ന, അമ്മനഷ്ടപ്പെട്ട ഒരു മകന്കൂടിയായിരുന്നല്ലോ. അങ്ങനെയാണല്ലോ ചരിത്രത്തില്‍ മുന്‍പ് ലഭിക്കാത്തത്ര ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. എന്തായാലും ഭോപ്പാലില്‍ തിരിച്ചെത്തി, ഷാ ബാനു തനിക്ക് നഷ്ടപരിഹാരത്തുക വേണ്ടെന്ന് പത്രസമ്മേളനം നടത്തി പറഞ്ഞു. അന്ന് 1986 ല്‍ ഷാ ബാനുവിനെ വീട്ടില്‍ ക്ഷണിച്ചു വരുത്തിയ പ്രധാനമന്ത്രി രാജീവ് വൈകാതെ മറ്റൊരു വീട് സന്ദര്‍ശിച്ചു. അന്ന് ബിജെപി അദ്ധ്യക്ഷനായിരുന്ന എല്‍.കെ. അദ്വാനിയുടെ ന്യൂദല്‍ഹി പണ്ടാരാ പാര്‍ക്കിലെ വീട്ടില്‍ രാജീവ് എത്തി. മുന്‍ വര്‍ഷം ഡിസംബറില്‍ (നാലു മാസംമുമ്പ്) അദ്വാനിയുടെ അച്ഛന് അന്തരിച്ചതില്‍ അനുശോചനമര്പ്പിക്കാനായിരുന്നു അത്. ഗുജറാത്തിലെ കച്ചില്‍ ആദിപുരിലെ വീട്ടിലായിരുന്നു മരണം. മടങ്ങുമ്പോള്‍ അദ്വാനിയോട് രാജീവ് ചോദിച്ചു:”അദ്വാനിജി, ഷാ ബാനോ വിഷയത്തില്‍ സുപ്രീം കോടതി വിധിയില്‍ എന്തുചെയ്യണമെന്നാണ് അങ്ങ് കരുതുന്നത്?”
വാസ്തവത്തില്‍ രാജീവിന്റെ ഭവനസന്ദര്‍ശനം അതിനായിരുന്നു. രാജീവിന് ലോക്സഭയിലെ പിന്ബലമനുസരിച്ച്, നിയമ നിര്‍മ്മാണത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണ പോലും വേണ്ടാത്ത കാലം. എന്നിട്ടും ബിജെപി നേതാവിനെ കണ്ട് രഹസ്യമായി സംസാരിക്കാന്‍ രാജീവ് വന്നത് താന്‍ ചെയ്യാന്‍ പോകുന്നതിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കിയാല്‍ വലിയ രാഷ്ട്രീയ അപകടമുണ്ടാക്കുന്നതാണെന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നര്ത്ഥം.
സുപ്രീം കോടതിവിധി വന്നപ്പോള്‍ ആദ്യം രാജീവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്താങ്ങിയതാണ്. പാര്‍ലമെന്റില്‍ ആരിഫ് മുഹമ്മദ് ഖാനെ (ഇന്നത്തെ കേരള ഗവര്‍ണര്‍) ഇറക്കിയാണ് വിധിയെ പിന്താങ്ങിയത്. ആരീഫ് ഖാന് അന്ന് ചരിത്രപ്രസിദ്ധമായ പ്രസംഗമാണ് നടത്തിയത്. മിക്ക വനിതാ സംഘടനകളും ആരിഫിനെ പ്രശംസിച്ചു. മുസ്ലിം സംഘടനകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇതെല്ലാമറിയുന്ന അദ്വാനി ഒന്നമ്പരന്നു. അക്കാര്യം ആത്മകഥയായ ‘മൈ കണ്ട്രി മൈ ലൈഫില്‍’ അദ്വാനി തുറന്നു പറഞ്ഞിട്ടുമുണ്ട്. ”താങ്കളാണ് പ്രധാനമന്ത്രി. എന്തുംചെയ്യാനുള്ള ഭൂരിപക്ഷവും പാര്‍ലമെന്റിലുണ്ട്. പക്ഷേ, സുപ്രീംകോടതിവിധിയെ മറികടക്കാനുള്ള നിയമനിര്‍മ്മാണമാണ് ചെയ്യുന്നതെങ്കില്‍ അത് രാജ്യത്തിനോട് ചെയ്യുന്ന തെറ്റായ പ്രവൃത്തിയാകും” എന്ന് അദ്വാനി പ്രതികരിച്ചു. ശേഷം സംഭവിച്ചത് രാജീവിന്റെയും രാജ്യത്തിന്റെയും ദയനീയ രാഷ്ട്രീയ ചരിത്രം.
സുപ്രിം കോടതിവിധി മറികടക്കാന്‍ രാജീവ് ഗാന്ധി നിയമം പാസാക്കി, മുസ്ലിം വിമന്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ഓണ്‍ ഡൈവോഴ്സ്) ആക്ട് 1986. മുസ്ലിം ദമ്പതികള്‍ വിവാഹ ബന്ധം പിരിഞ്ഞ് മൊഴിചൊല്ലിയാല്‍ അതിന് മുസ്ലിം വ്യക്തിനിയമമായ ശരിയത്ത് ചട്ടപ്രകാരം പിരിയലിന് നിയമസാധുത ലഭിക്കുന്ന കാലം (ഇദാത്ത്) കഴിഞ്ഞാല്‍ ചെലവിന് കൊടുക്കേണ്ടതില്ല എന്ന വ്യവസ്ഥ തുടരുന്നതാണ് ആ നിയമം. ജീവനാംശം ഇദാത്ത് കാലത്തിനു ശേഷവും തുടരണമെന്നായിരുന്നു സുപ്രീം കോടതി ഷാ ബാനു കേസില്‍ വിധിച്ചത്. ആരിഫ് മുഹമ്മദ് ഖാന് എന്ന തന്റെ മന്ത്രിയെക്കൊണ്ട് സുപ്രീം കോടതി വിധിയെ ന്യായീകരിപ്പിക്കുകയും പ്രശംസിപ്പിക്കുകയും ചെയ്ത അതേ രാജീവ് ഗാന്ധി, സെഡ്.ആര്. അന്‍സാരി എന്ന മറ്റൊരു മന്ത്രിയെക്കൊണ്ട് കോടതിവിധിക്കെതിരെ പാസാക്കിയ നിയമത്തെ ന്യായീകരിപ്പിച്ചു. മന്ത്രിയാകട്ടെ കിട്ടിയ അവസരം പാഴാക്കാതെ കോടതിയേയും ജഡ്ജിമാരെയും പഴി പറഞ്ഞു. അമ്മ ഇന്ദിരാഗാന്ധി സുപ്രീം കോടതിയെയും മരവിപ്പിച്ച് അടിയന്തരാവസ്ഥ നടപ്പാക്കി, മകന് സുപ്രീം കോടതിയെ മറികടക്കാന്‍ നിയമംതന്നെ നിര്‍മ്മിച്ചു. രണ്ടുപേരും കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളുമായിരുന്നു. അവരാണ് ജനാധിപത്യ സംരക്ഷണത്തിന്റെ തലതൊട്ടപ്പന്മാരായി സ്വയം പുകഴ്ത്തുന്നത്.
യഥാര്‍ത്ഥത്തില്‍ ആ നിയമ നിര്‍മ്മാണത്തിനു പകരം മുത്ത്വലാഖ് എന്ന അപരിഷ്കൃത മതനിയമ നടപടി നിരോധിക്കുകയായിരുന്നില്ലേ അന്ന് ചെയ്യേണ്ടിയിരുന്നത്. അതിന് പിന്നെയും കാത്തിരിക്കേണ്ടി വന്നു, 2019 ജൂലൈ 30 വരെ; 33 വര്‍ഷം, നരേന്ദ്ര മോദി സര്‍ക്കാര്‍ വരുംവരെ. ഇപ്പോഴും ചര്‍ച്ച പൊതു സിവില്‍ നിയമം വേണോ വേണ്ടയോ എന്നാണ്. വേണമെന്നത് ഭരണഘടനാപരമായ തീരുമാനമാണ്. ഒരു രാജ്യത്ത് ക്രമിനല്‍-സിവില്‍ നിയമങ്ങള്‍ എല്ലാ പൗരര്‍ക്കും ഒരുപോലെയാവണമെന്നാണ് ചട്ടം. അതു മാത്രമല്ല, എല്ലാ കാര്യത്തിലും വ്യക്തികള്‍ക്ക് പൊതു നിയമങ്ങളും ചട്ടങ്ങളും പരിഗണനകളും ഉണ്ടാവണമെന്നാണ് ഭരണഘടന പറയുന്നത്.
പൊതു സിവില്‍ നിയമം ആവശ്യംതന്നെയെങ്കിലും അതിന് സമയമായില്ല എന്ന് വാദിക്കുന്നവരും അത് ബിജെപി-മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. പക്ഷേ, മോദി സര്‍ക്കാരും ബിജെപി സര്‍ക്കാരും വരുന്നതിനു മുമ്പ് കാല് നൂറ്റാണ്ട് കിട്ടിയ അവസരങ്ങളില്‍ ഭരണത്തിലിരുന്ന ആര്‍ക്കും അതിന് തീരുമാനമെടുക്കാന്‍ പോലും കഴിഞ്ഞില്ല എന്നതാണ് അമ്പരപ്പിക്കുന്നത്. അവസരം വന്നപ്പോള്‍, നിയമനിര്‍മ്മാണത്തിന് ഭൂരിപക്ഷമുണ്ടെന്നുവന്നപ്പോള് മോദി സര്‍ക്കാര്‍ അത് ചെയ്യുന്നു. ഇത്തവണ അല്ലെങ്കില്‍ അടുത്ത ഭരണവട്ടത്തില് അത് ചെയ്യുകതന്നെചെയ്യും.
അപ്പോള്‍ ഇനി വേണ്ടത് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ചര്‍ച്ചകളാണ്. എങ്ങനെ പൊതു സിവില്‍ നിയമം നടപ്പാക്കാം? ശരിയാണ്, ഒറ്റയടിക്ക് നിയമം പൊതുവായി ബാധകമാക്കുന്നതിനു പകരം തര്‍ക്കമില്ലാത്ത വിഷയങ്ങളില്‍ നിയമ നിര്മ്മാണമായാലോ എന്ന് ചിന്തിക്കാനും പറയാനും പോലും തയാറാകാത്തതാണ് മൗലിക വാദം. അത് മത നിയമമാണെന്നും ദൈവ നിയോഗമാണെന്നും വാദിക്കുമ്പോളാണ് അത് മതമൗലിക വാദമാകുന്നത്. മുസ്ലിം-ക്രിസ്ത്യന്‍-ഹിന്ദു-പാര്‍സി മത നിയമത്തിലൊന്നും മാറ്റം വരുത്താനല്ല പൊതു നിയമം. മതാതീതമായി, രാഷ്ട്രത്ത് ഒരേ നിയമമായിരിക്കും എല്ലാ വ്യക്തിക്കും എന്നതാണ് ഫലം. അതായത് മത വിശ്വാസങ്ങളെയല്ല പരിഷ്കരിക്കുന്നത്, മറിച്ച് മതേതരമായി വ്യക്തികള്‍ക്കെല്ലാം ഒരേ നിയമം എന്നതാണ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.
‘മനുസ്മൃതി’ ഭാരതത്തില്‍ ഒരുകാലത്ത് ഭരണ സംവിധാനത്തിലുണ്ടായിരുന്ന നടപ്പുകളുടെ വ്യവസ്ഥയാണ് എന്ന് പൊതുവായി പറയാം. മനുസ്മൃതി ഇന്ന് സ്വതന്ത്ര ഭാരതത്തില്‍ ഭരണനിര്‍വഹണ കാര്യത്തില്‍ പ്രസക്തമല്ല. ഭാരത ഭരണഘടനയാണ് ഇന്ന് ഭരണത്തിന് ആധാരം. എന്നുകരുതി മനുസ്മൃതി വായിക്കാന്‍ വിലക്കില്ല, വാങ്ങാനും പ്രസിദ്ധീകരിക്കാനും വിലക്കില്ല. പക്ഷേ മനുസ്മൃതിയെ വിമര്‍ശിക്കാതെ ഭാരതത്തിലെ ഒരു സാമൂഹ്യ-സാംസ്കാരിക വിമര്‍ശനവും കേട്ടിട്ടുമില്ല. പ്രത്യേകിച്ച് അതിലെ ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നവസാനിക്കുന്ന ശ്ലോകം, ‘സ്ത്രീക്ക് സ്വാതന്ത്ര്യം അനുവദിക്കാഞ്ഞ ഭാരത’മെന്നാണ് ദുര്‍വ്യാഖ്യാനം. എന്നാല്‍ പൊതു സിവില്‍ നിയമത്തെ എതിര്‍ക്കുന്ന ഇസ്ലാമിക പണ്ഡിതരില്‍ ചിലര്‍ പറയുന്ന വിചിത്രമായ വാദം, ”സ്ത്രീക്ക് അവരുടെ ജീവിതത്തിന് സ്വയം വഴിയും സമ്പത്തും കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാകരുത്; അച്ഛന്, ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ അതത് കാലത്ത് അവരെ സഹായിക്കണ”മെന്നാണ് അവരുടെ മതചട്ടം എന്ന്. അപ്പോള്‍ മനുപറഞ്ഞത് ശരിയാണെന്നാണോ എന്ന് ചോദിച്ചാല്‍ കൃത്യമായ മറുപടിയില്ല.
പറഞ്ഞു തുടങ്ങിയത് രാജീവ് ഗാന്ധിയുടെ ‘ഭവന സന്ദര്‍ശന ഡിപ്ലോമസി’യെക്കുറിച്ചാണ്. മൂന്നരപ്പതിറ്റാണ്ടിനുമുമ്പ് ഒരു ഭൂതത്തെ കുടം തുറന്നുവിട്ടത് കോണ്‍ഗ്രസും രാജീവ് ഗാന്ധിയുമായിരുന്നു. ഇപ്പോള്‍ മകന് രാഹുല്‍ ഗാന്ധി, ആ ഭൂതത്തെ കുടത്തില്‍ കയറ്റാന്‍ കിട്ടിയ മികച്ച അവസരം പാഴാക്കാന്‍ ശ്രമം നടത്തുകയാണ്. ഒരു വലിയ സമുദായത്തിലെ കോടിക്കണക്കിന് ഷാ ബാനു ബീഗങ്ങള്ക്ക് സഹായകമാകുന്ന നടപടിക്ക് തടസം നില്ക്കുകയാണവര്.
പിന്കുറിപ്പ്:
രാജീവ് ഗാന്ധിയുടെ ഭരണ നടപടികള്‍ എല്ലാം പരാജയമായിരുന്നു. പക്ഷേ അന്ന് എതിരാളികള്‍ അത്ര ശക്തരല്ലാഞ്ഞതിനാല്‍ രാഷ്ട്രീയത്തില്‍ പിടിച്ചുനിന്നു. മകന് രാഹുല്‍ ഗാന്ധി, അധികാരമുള്ളപ്പോഴും അല്ലാത്തപ്പൊഴും ചെയ്യുന്ന ഒരു വൃത്തിയിലുമില്ല വിജയിക്കാനുള്ള ത്വര. അതുകൊണ്ടുതന്നെ പൊതു സിവില്‍ നിയമക്കാര്യത്തില്‍ അഴകൊഴമ്പന്‍ നിലപാടുതന്നെ തുടരും. പാരമ്പര്യ വഴിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: