തിരുവനന്തപുരം: പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നുതന്നെയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഈ കാര്യത്തിൽ ഇനി കുടുംബത്തിലാണ് ചർച്ച വേണ്ടതെന്നും സുധാകരൻ പറഞ്ഞു. കുടുംബം നിർദേശിക്കുന്ന പേര് പാർട്ടി സ്വീകരിക്കുമെന്നും പുറത്തു നിന്ന് സ്ഥാനാർഥി ഉണ്ടാവില്ലെന്നും സുധാകരൻ പറഞ്ഞു.
സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മൻ വരണോ അച്ചു ഉമ്മൻ വരണോ എന്നത് കുടുംബം തീരുമാനിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ ഔപചാരിക ചർച്ചകൾ രണ്ടുദിവസത്തിനുള്ളിൽ തുടങ്ങും. പാർട്ടി കുടുംബവുമായി നേരിട്ട് ബന്ധപ്പെട്ട് കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സുധാകന് പറഞ്ഞു. ഉമ്മൻചാണ്ടിയോടുള്ള ആദരവ് മാനിച്ച് എൽഡിഎഫും ബിജെപിയും മത്സരം ഒഴിവാക്കാനുള്ള ഔന്നത്യം കാണിക്കണമെന്നും സുധാകരൻ പറഞ്ഞു.
പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വത്തെക്കുറിച്ച് പാർട്ടി തീരുമാനമെടുക്കുന്നതിനു മുൻപ് ചെറിയാൻ ഫിലിപ്പ് അഭിപ്രായം പറഞ്ഞതിനോട് യോജിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ചാണ്ടി ഉമ്മന്‍ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ് രംഗത്ത് എത്തിയിരുന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാവാന്‍ ചാണ്ടി ഉമ്മന്‍ അര്‍ഹനാണെന്നാണ് ചെറിയാന് ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
കോണ്‍ഗ്രസിന്റെ സംസ്കാരവും ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തന രീതിയും മനസിലാക്കുകയും ചെയ്ത ചാണ്ടി ഉമ്മന്‍ സ്വന്തം അധ്വാനവും കഴിവും കൊണ്ടാണ് ദേശീയ സംസ്ഥാന തലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായതെന്നും ചെറിയാന് ഫിലിപ്പ് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: