കൊച്ചി: സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനും പൊതു സിവില്‍ കോഡ് അനിവാര്യമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്ഡെ. ഭരണഘടന രൂപീകരിക്കുന്ന വേളയില്‍ ബാബാ സാഹേബ് അംബേഡ്കര്‍ പൊതുസിവില്‍ കോഡിനെ പിന്തുണച്ചിരുന്നു. 1937ലാണ് മുസ്ലിം സ്വകാര്യ നിയമം നിലവില്‍ വന്നത്. അതിന് മുന്‍പ് മുസ്ലിങ്ങള്‍ക്കായി പ്രത്യേക നിയമം ഇല്ലായിരുന്നെന്നും എല്ലാവര്ക്കും ഒരു നിയമമായിരുന്നെന്നും പൊതുസിവില്‍ കോഡ് വരേണ്ടത് സ്ത്രീ ശാക്തീകരണത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പൊതു സിവില്‍ കോഡ് മതപരമായ ആചാരങ്ങള്‍ കൈകാര്യം ചെയ്യുന്ന നിയമമാണെന്നാണ് ചിലര്‍ പറഞ്ഞു പരത്തുന്നത്. എന്നാല്‍ ഈ നിയമത്തില്‍ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും വിശ്വഹിന്ദു പരിഷത്ത് പൊതു സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നുവെന്നും മിലിന്ദ് പരാണ്ഡെ പറഞ്ഞു. നമ്മുടെ രാജ്യത്ത് മാത്രമാണ് പൊതു സിവില്‍ കോഡ് ഇല്ലാത്തതെന്നും മറ്റു രാജ്യങ്ങളില്‍ പൊതു സിവില്‍ കോഡ് ഉണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ബജരംഗദള്‍ എറണാകുളം ഭാസ്കരീയം കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ച യുവശക്തി ശൗര്യസമ്മേളനത്തില് പങ്കെടുക്കാനാണ് എത്തിയതായിരുന്നു മിലിന്ദ് പരാണ്ഡെ.
രാജ്യത്തുടനീളം മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരണമെന്നും ഹിന്ദു സമൂഹം മാത്രമല്ല, ക്രിസ്ത്യന്‍ സമൂഹവും ലൗ ജിഹാദിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അതുകൊണ്ട് മതപരിവര്‍ത്തന നിരോധന നിയമവും കേരളത്തില്‍ പശുവിനെ കൊല്ലാതിരിക്കാനുള്ള നിയമവും കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണിപ്പൂരില്‍ നടക്കുന്നത് ലജ്ജാകരമായ കാര്യമാണ്. എത്രയും വേഗം സമാധാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മണിപ്പൂരില്‍ നടക്കുന്നത് ഹിന്ദു-ക്രിസ്ത്യന്‍ സംഘര്‍ഷമാണെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്, അത് തെറ്റാണ്. അങ്ങേയറ്റം അപകടകരമായ പ്രചാരണമാണത്. അവിടെ നടക്കുന്നത് രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്നും അദ്ദേഹം പറഞ്ഞു. ഇരു സമുദായങ്ങളുടെയും ആളുകള്‍ ഒരുമിച്ചിരുന്ന് പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്.
വിശ്വഹിന്ദു പരിഷത്ത് രൂപീകരണത്തിന്റെ 60-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ സംഘടന വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. അതിനായി 2024 ല്‍ 7,000 സ്ഥലങ്ങളില്‍ 14 ലക്ഷം വീടുകളില്‍ 70 ലക്ഷം ഹിന്ദുക്കളെ സ്വാഭിമാന ഹിന്ദുക്കളാക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായാണ് യുവശക്തി ശൗര്യ സംഗമം നടത്തിയത്.
വാര്‍ഷിക ബൈഠക്ക് ഇന്നും നാളെയും പാലക്കാട് അശ്വതി കല്യാണ മണ്ഡപത്തില്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, സംസ്ഥാന ജനറല്‍സെക്രട്ടറി വി.ആര്. രാജശേഖരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: