മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ സമഗ്ര കുടിവെള്ള പദ്ധതിക്കുവേണ്ടിയുള്ള ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ജല്‍ജീവന്‍ പദ്ധതിയില്‍ മള്‍ടി വില്ലേജ് സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് കാഞ്ഞിരപ്പുഴ, തെങ്കര, തച്ചമ്പാറ, കാരാകുര്‍ശ്ശി പഞ്ചായത്തുകളിലെ കുടിവെള്ളം നല്കുവാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യവിഹിതം ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. കാഞ്ഞിരപ്പുഴയിലെ നിലവിലുള്ള കുടിവെള്ള പ്ലാന്റിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിച്ചാണ് പുതിയ പ്ലാന്റ് നിര്‍മാണം. പുതിയ ജലസംഭരണിയും ശുദ്ധീകരണശാലയും ഇതിനോടനുബന്ധിച്ച് നിര്‍മിക്കുന്നുണ്ട്.
നിലവിലുള്ള പ്ലാന്റിന്റെ 900 മീറ്റര്‍ അകലെയാണ് കിണര്‍ കുഴിക്കുന്നത്. ഇവയുടെയെല്ലാം നിര്‍മാണം പാതിഘട്ടം കഴിഞ്ഞതായി ജലവിതരണ വകുപ്പ് പാലക്കാട് അസി. എക്സി. എന്‍ജിനീയര്‍ എസ്. ദിനു ‘ജന്മഭൂമി’യോട് പറഞ്ഞു. അടുത്തവര്‍ഷം മാര്‍ച്ചിനുമുമ്പ് പണി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പുഴ കുടിവെളള സംഭരണിയില്‍ നിലവിലുള്ള 7 ദശലക്ഷം ലിറ്ററിന് പുറമെ 14 ദശലക്ഷം ലിറ്റര്‍ കൂടി വര്‍ധിപ്പിച്ച് ആകെ 21 ദശലക്ഷം ലിറ്ററാക്കും. പദ്ധതിക്കായി കാഞ്ഞിരപ്പുഴ – 20.70 കോടി, തെങ്കര – 51.56 കോടി, തച്ചമ്പാറ – 18.80 കോടി, കാരാകുര്‍ശ്ശി – 14.41 കോടി, തുക പഞ്ചായത്തുകള്‍ വകയിരുത്തിയിട്ടുണ്ട്. ഇവക്കെല്ലാം അനുമതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
തച്ചമ്പാറ പഞ്ചായത്തിലെ പാലക്കയത്ത് 2 ലക്ഷം ലിറ്ററിന്റെ ജലസംഭരണിയും, തെങ്കര പഞ്ചായത്തിലെ ആനമൂളിയില്‍ 15 ദശലക്ഷം ലിറ്റര്‍ ജലസംഭരണിയും നിര്‍മിക്കും. കാഞ്ഞിരപ്പുഴ, കാരാകുര്‍ശ്ശി പഞ്ചായത്തുകളില്‍ നിലവിലുള്ള പമ്പ്സെറ്റ് മാറ്റി കൂടുതല്‍ പ്രസരണ ശേഷിയുള്ളത് സ്ഥാപിക്കും. കാഞ്ഞിരപ്പുഴയില്‍ 63 കി.മീറ്ററും തെങ്കരയില്‍ 145 കി.മീ., കാരാകുര്‍ശ്ശിയില്‍ 70 കി.മീ., തച്ചമ്പാറ 68 കി.മീറ്ററും പൈപ്പ്ലൈന് ഇടുന്ന പ്രവര്‍ത്തി നടന്നുവരുന്നു. കാഞ്ഞിരപ്പുഴ മേജര്‍ കുടിവെള്ള പദ്ധതിയില്‍ തെങ്കര കൂടി ഉള്‍പ്പെട്ടതോടെ സ്ഥലവാസികള്‍ ആശ്വാസത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: