ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള ഗോകുലം കേരള എഫ്സിയുടെ വനിതാ ടീമിന് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷ(എഎഫ്സി)ന്റെ എഎഫ്സി വനിതാ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് 2023ല്‍ കളിക്കാന്‍ അനുമതി. ഇക്കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ വനിതാ ലീഗി(ഐ ഡബ്ലിയു എല്‍ 2022-23)ല്‍ ചാമ്പ്യന്‍ ടീമാണ് ഗോകുലം കേരള എഫ്സി വനിതാ ടീം. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്(എഐഎഫ്എഫ്) എഎഫ്സിക്ക് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇതോടെ ഇക്കൊല്ലം നടക്കുന്ന എഎഫ്സി വനിതകളുടെ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കേരളയും പങ്കെടുക്കുമെന്ന് ഉറപ്പായി. എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേ, സെക്രട്ടറി ജെനറല്‍ ഷാജി പ്രഭാകരന് എന്നിവരുടെ നേതൃത്വത്തില്‍ ന്യൂദല്‍ഹിയില്‍ ഇന്നലെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഗോകുലം കേരള എഎഫ്സി ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുമെന്ന വിവരം അറിയിച്ചത്.
യോഗത്തില്‍ ഐലീഗും ഐഡബ്ല്യുയു ലീഗും കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന തരത്തിലുള്ള ഫോര്‍മാറ്റിലേക്ക് ലീഗിനെ മാറ്റുന്നതിനുമുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു. കൂടാതെ ഇന്ത്യന്‍ ക്ലബ്ബുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള മാര്‍ഗത്തെ കുറിച്ച് ആലോചിക്കുകയാണെന്നും എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരന് പറഞ്ഞു. ചിലപ്പോള്‍ ഐ ലീഗിന്റെ ഫോര്‍മാറ്റില്‍ മാറ്റം വരുത്തിയേക്കുമെന്നും യോഗത്തില്‍ അഭിപ്രായങ്ങളുയര്‍ന്നു.
ഗോകുലം കേരള എഫ്സി, ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സി ഗോവ, മുഹമ്മദന്‍സ്, ഐസ്വാള്‍ എഫ്സി, നെരോക്ക എഫ്സി, ശ്രീനിധി ഡെക്കാന്‍ എന്നിവരടക്കമുള്ള ഐ ലീഗ് ക്ലബ്ബുകളെല്ലാം യോഗത്തില്‍ സംബന്ധിച്ചു. കളിക്കളങ്ങളടക്കമുള്ളവയുടെ ഗുണനിലവാരത്തിനൊപ്പം മത്സരങ്ങളുടെ പ്രക്ഷേപണവും മെച്ചപ്പെടുത്താനും ആലോചനയുണ്ട്. വിദേശ താരങ്ങളെ ടീമിലെടുക്കുന്ന നിബന്ധനകളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: