ന്യൂദല്‍ഹി: കോഴിക്കോട് വിമാനത്താവളത്തിന്റെ റെസ നവീകരണം എപ്പോള്‍ പൂര്‍ത്തിയാക്കുമെന്നത് ആവശ്യമായ 14.5 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറുന്ന സമയത്തെ ആശ്രയിച്ചിരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റെസ നവീകരണത്തിന്റെ എസ്റ്റിമേറ്റ്, നിര്‍മാണ രീതി എന്നിവ സംബന്ധിച്ച് എം.കെ. രാഘവന് എംപി പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. നിരന്തരം കത്തിടപാടുകള്‍ നടത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയിട്ടില്ലെന്നും കേന്ദ്രം മറുപടിയില്‍ പറയുന്നു.
എര്‍ത്ത് എംബാങ്ക്മെന്റ്, റീ ഇന്‍ഫോഴ്സ്ഡ് സോയില്‍ വാള്, സ്ലോപ്പ് പ്രൊട്ടക്ഷന്‍ സിസ്റ്റം ഉള്‍പ്പടെയുള്ള രീതികള്‍ അവലംബിച്ചാണ് റെസ നിര്‍മാണം പൂര്‍ത്തീകരിക്കുക. ഭാവിയില്‍ വലിയ വിമാന സര്‍വീസ് ഉള്‍പ്പടെയുള്ള കോഴിക്കോട് വിമാനത്താവളത്തിന്റെ സാധ്യതകളെ പരിഗണിച്ച് ഭൂമി കൈമാറി കിട്ടിയാല്‍ റെസ നിര്‍മാണത്തിന്റെ സാമ്പത്തിക ബാധ്യത അതോറിറ്റി നിര്‍വഹിക്കും. 484.57 കോടി രൂപയുടെ ഭരണാനുമതി ഇതിനോടകം ആയതായും കേന്ദ്ര വ്യോമയാന വകുപ്പ് മറുപടിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: