നീലേശ്വരം: നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ പള്ളിക്കര റെയില്‍വേ മേല്‍പ്പാലം എന്ന സ്വപന പദ്ധതി യാഥാര്‍ഥ്യമായി. കേന്ദ്രസര്‍ക്കാരിന്റെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണികഴിപ്പിച്ച കാസര്‍കോട് ജില്ലയിലെ നീലേശ്വരം പള്ളിക്കര റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നാഷണല്‍ ഹൈവേ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ ഉനിത് കുമാര്‍ രാവിലെ ഔദ്യോഗികമായി നാടിന് സമര്‍പ്പിച്ചു.
2018 ലാണ് പള്ളിക്കരയില്‍ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണം ആരംഭിച്ചത്. എറണാകുളത്തെ ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് പാല നിര്‍മ്മാണം ഏറ്റെടുത്തത്. 68 കോടിയോളം ചെലവില്‍ 780 മീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലും നാലുവരിയായാണ് പാലം നിര്‍മ്മിച്ചത്. ദേശീയ പാതയില്‍ റയില്‍വെ ഗേറ്റുള്ള ഏക സ്ഥലം പള്ളിക്കരയാണ്. 29 ഓളം ട്രെയിനുകള്‍ ദിവസം പാളത്തിലൂടെ കടന്നു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ മേല്‍പ്പാലം തുറന്ന് കൊടുത്തതോടെ ഇവിടുത്തെ ഗതാഗത കുരുക്കിന് പരിഹാരമായി.
അഞ്ച് വര്‍ഷം മുമ്പ് നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും 2022 ഫെബ്രുവരി മുതല്‍ എട്ടുമാസത്തോളം നിര്‍മാണം തുടരാന്‍ റെയില്‍വെ അനുമതിക്കായി കാത്തുകിടക്കേണ്ടി വന്നു. കൊവിഡ് കാലം, കനത്ത മഴ, സാങ്കേതിക അനുമതി തുടങ്ങിയവയെ അതിജീവിച്ചാണ് ഇപ്പോള്‍ പാല നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. പാലത്തിന് മുകളില്‍ ഇരുവശങ്ങളിലുമായി 42 അടി ഉയരത്തില്‍ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.രാത്രികാലങ്ങളിലെ ഇതുവഴിയുള്ള യാത്ര നിറമുള്ള കാഴ്ചകളാണ്. ഇതോടെ കൊച്ചി മുതല്‍ പനവേല്‍ വരെയുള്ള ദേശീയപാതയിലെ അവസാന ലെവല്‍ ക്രോസ് ഓര്‍മ്മയായി.
ചടങ്ങില്‍ നാഷണല്‍ ഹൈവേയുടെ ഉന്നത ഉദ്യോഗസ്ഥരും ഇകെകെ യുടെ പ്രൊജക്റ്റ് എഞ്ചിനീയര്‍ അജിത്ത് കുമാര്‍, ഭാരതീയ ജനതാ പാര്‍ട്ടി നീലേശ്വരം മണ്ഡലം ജന.സെക്രട്ടറിമരായ സാഗര്‍ ചാത്തമത്ത്, രാജീവന് ചീമേനി, ജില്ലാ കമ്മറ്റി അംഗം പി.രാജീവന്, മണ്ഡലം വൈസ് പ്രസിഡന്റ് വിജയകുമാര്‍, സേവാ ഭാരതി മുനിസിപ്പല്‍ സെക്രട്ടറി സന്തോഷ് കുമാര്‍, മറ്റ് രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാരും ചടങ്ങിന് സാക്ഷികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: