ജലത്തിലെ മീന്‍പോലെ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നയാളാവണം രാഷ്ട്രീയ നേതാവ് എന്ന് പലരെക്കുറിച്ചും പറയാറുള്ളതാണെങ്കിലും കേരളത്തില്‍ അങ്ങനെയൊരാളെ ചൂണ്ടിക്കാട്ടാന്‍ പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞേ മറ്റൊരു നേതാവുള്ളൂ. രാഷ്ട്രീയ നേതാവ്, ജനപ്രതിനിധി, ഭരണാധികാരി എന്നീ നിലകളില്‍ പതിറ്റാണ്ടുകള്‍ നീളുന്ന രാഷ്ട്രീയ ജീവിതത്തിനിടയില്‍ ഒരിക്കല്‍പ്പോലും ഉമ്മന്‍ ചാണ്ടിയുടെ ഈ പ്രതിഛായയ്ക്ക് മങ്ങലേറ്റില്ല.
പുതുപ്പള്ളിയിലെ വീട്ടില്‍ ഉമ്മന്‍ചാണ്ടിയുണ്ടോ എന്നറിയാന്‍ വിളിച്ചു ചോദിക്കേണ്ടതില്ല. വീടിനകത്തും പുറത്തുമായി തടിച്ചുകൂടി നില്ക്കുന്ന ജനക്കൂട്ടത്തെ കണ്ടാല്‍ അത് ഉറപ്പിക്കാം. മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമൊക്കെയായി സംസ്ഥാന തലസ്ഥാനത്ത് കഴിയുമ്പോഴും ഔദ്യോഗിക വസതിയുടെ വാതിലുകള്‍ എപ്പോഴും തുറന്നുകിടന്നു. അതിലൂടെ ആര്‍ക്കു വേണമെങ്കിലും കയറിച്ചെല്ലാം. ആവശ്യങ്ങളുന്നയിക്കാം, പരാതികള്‍ പറയാം. അതൊക്കെ കേള്‍ക്കാനുള്ള മനസ്സ് ഏത് തിരക്കിനിടയിലും ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നു. തന്റേതായ രാഷ്ട്രീയത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍തന്നെ രാഷ്ട്രീയത്തിനതീതമായി ആളുകളെ സ്വീകരിക്കാനും, പ്രശ്നങ്ങളെ സമീപിക്കാനും കാണിച്ച ആര്‍ജവമാണ് ഈ നേതാവിനെ വ്യത്യസ്തനാക്കിയത്. ഉമ്മന്‍ചാണ്ടിയുടെ അടുത്തെത്തിയാല്‍ പല പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരമാകും. അഥവാ ഏതെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിലും അതുമായി സമീപിക്കുന്നവര്‍ തൃപ്തരായിരിക്കും. പെരുമാറ്റത്തിലെ സൗന്ദര്യമായിരുന്നു അത്.
നേതാക്കളെ മുകളില്‍നിന്ന് കെട്ടിയിറക്കുക എന്നത് കോണ്‍ഗ്രസ്സിന്റെ ശൈലി എന്നതിനേക്കാള്‍ ആ പാര്‍ട്ടിയുടെ സംസ്കാരമാണ്. ഇങ്ങനെ മേല്‍ക്കൂര പൊളിച്ച് ഇറങ്ങിവന്നയാളല്ല ഉമ്മന്‍ചാണ്ടി. വിദ്യാര്‍ത്ഥി സംഘടനാ രംഗത്തും യുവജന സംഘടനാ രംഗത്തും പ്രവര്‍ത്തിച്ച് മുന്നേറി സമരങ്ങള്‍ നയിച്ച് പാര്‍ട്ടിയിലും പൊതുസമൂഹത്തിലും സ്വീകാര്യത നേടുകയായിരുന്നു. പുതുപ്പള്ളിയുടെ പര്യായപദമായി മാറിയ ഉമ്മന്‍ചാണ്ടി ഇവിടെനിന്ന് പന്ത്രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടതുതന്നെ ഒരു അപൂര്‍വ്വ ബഹുമതിയാണ്. തന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ് ജയിച്ചപ്പോഴും തോറ്റപ്പോഴും പുതുപ്പള്ളിയില്‍നിന്ന് ഉമ്മന്‍ചാണ്ടി തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടേയിരുന്നു. അസൂയാവഹമായ ഒരു ജനസമ്മതിയായിരുന്നു ഇത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പല ദുഷ്പ്രവണതകളും കോണ്‍ഗ്രസ്സിനോട് ചേര്‍ത്തുവയ്ക്കാവുന്നവയാണ്. കാലുവാരല്‍, കുതികാല്‍വെട്ട്, ഗ്രൂപ്പ്മാറല്‍, മറുകണ്ടം ചാടല്‍ എന്നിവയൊക്കെ ഓരോയിഞ്ചും കുഴിബോംബുകളായി പാകിവച്ചിരുന്ന ഒരു പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് ആറു പതിറ്റാണ്ടുകാലത്തോളം നിലയുറപ്പിച്ചു എന്നതുതന്നെ അതിശയകരമാണ്. സഹയാത്രികര്‍ പലരും ഇടയ്ക്കുവച്ച് വഴിപിരിയുകയും വീണുപോവുകയും വിരുദ്ധ രാഷ്ട്രീയപാളയത്തില്‍ ചേക്കേറുകയും ചെയ്തപ്പോള്‍ മുന്നോട്ടുതന്നെ യാത്ര തുടരാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. വിശ്വസിച്ചവരെ ഒരിക്കലും വഞ്ചിച്ചിട്ടില്ല. കൊട്ടാരവിപ്ലവങ്ങളെ സമചിത്തതയോടെ നേരിട്ടു.
കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാക്കളില്‍ ഒരാളായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഈ നിരയില്‍പ്പെടുന്ന പലരെക്കാളും തലപ്പൊക്കമുണ്ടായിരുന്നു. എന്നിട്ടും കേരളമാണ് തട്ടകമാക്കിയത്. ഇവിടെ തൊഴില്‍മന്ത്രിയും ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും രണ്ടുതവണ മുഖ്യമന്ത്രിയുമായപ്പോഴും അധികാരധാര്‍ഷ്ട്യം ഒരിക്കല്‍പ്പോലും തലയ്ക്കുപിടിക്കാതിരുന്ന ഭരണാധികാരിയായിരുന്നു. മാധ്യമങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും എക്കാലവും മാന്യമായി പെരുമാറി. രാഷ്ട്രീയമായ ഏതു കൊടുങ്കാറ്റിലും ഉലയാതെനിന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റെ പാഠപുസ്തകമായിരിക്കുമ്പോഴും പ്രതിപക്ഷ ബഹുമാനം ഒരിക്കല്‍പ്പോലും കയ്യൊഴിഞ്ഞില്ല. അക്രമരാഷ്ട്രീയത്തെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക മാത്രമല്ല, മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിലെ കമ്യൂണിസ്റ്റുകളില്‍നിന്ന് ശാരീരികമായി ആക്രമിക്കപ്പെട്ടപ്പോള്‍പോലും പ്രതികാരബുദ്ധിയോടെ പെരുമാറിയില്ല. തന്റെ പൊതുജീവിതത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയ സോളാര്‍ കേസ് ഒരു അഴിമതിയാരോപണം എന്നതിനപ്പുറം വ്യക്തിപരമായ സംശുദ്ധിയെപ്പോലും സംശയത്തിലാഴ്ത്തിയപ്പോഴും സംയമനത്തോടെ നേരിട്ട് രാഷ്ട്രീയ പ്രതിയോഗികളെ അമ്പരപ്പിച്ചു. വികസനത്തോടുള്ള ഉമ്മന്‍ചാണ്ടിയുടെ താല്പര്യം ആത്മാര്‍ത്ഥമായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ‘അതിവേഗം ബഹുദൂരം’ എന്ന മുദ്രാവാക്യം ഉയര്‍ന്നുവന്നത് ഇതിനാലാണ്. കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഉമ്മന്‍ചാണ്ടി വിമര്‍ശനത്തിന് അതീതനല്ലായിരിക്കാം. പക്ഷേ ഒരു രാഷ്ട്രീയനേതാവെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും കിടയറ്റ നേതൃശേഷിയും പ്രതിബദ്ധതയുമുള്ള ഇതുപോലൊരാള്‍ക്കുവേണ്ടി കേരളം കാത്തിരിക്കേണ്ടിവരും. ഞങ്ങളുടെ ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: