ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും മൂന്നുമാസം മുന്‍പ് ജോലിയില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചു പിരിച്ചുവിടപ്പെട്ട പിആര്‍ ഒ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫീസില്‍ നടന്ന പിആര്‍ഒ അഭിമുഖത്തില്‍ പങ്കെടുത്തുവെന്ന കാരണത്താല്‍ അഭിമുഖം പൂര്‍ണ്ണമായും റദ്ദു ചെയ്തു. വീണ്ടും പത്രങ്ങളില്‍ പരസ്യം ചെയ്ത് പുതിയ അഭിമുഖം നടത്തുവാന്‍ തയ്യാറെടുക്കുകയാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍.
ആരോഗ്യവകുപ്പ് ഓഫീസില്‍ നിന്നുള്ള ഒരാളുടെ ബന്ധുവിന്റെ മെഡിക്കല്‍ കോളജ് ചികിത്സ സംബന്ധിച്ചുള്ള അന്വേഷണത്തിന് കൃത്യമായ മറുപടി നല്‍കിയില്ലെന്ന കാരണത്തിനാണ് കഞ്ഞിക്കുഴി സ്വദേശിയായ പിആര്‍ഒയെ പിരിച്ചുവിട്ടത്. സീനിയറായ ഈ പിആര്‍ഒയെ പിരിച്ചു വിട്ട ശേഷം മറ്റൊരു സീനിയര്‍ പിആര്‍ഒ കഴിഞ്ഞമാസം രാജിവയ്ക്കുകയും ചെയ്തിരുന്നു. രണ്ട് പിആര്‍ഒമാരുടെ ഒഴിവുവന്നതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ ആവശ്യപ്രകാരം എറണാകുളം പ്രൊഫഷണല്‍ എംപ്ലോയിമെന്റില്‍ നിന്നും യോഗ്യതാ ലിസ്റ്റ് തയ്യാറാക്കി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ കത്ത് അയച്ചത്.
ഇതില്‍ പങ്കെടുക്കുവാന്‍ പിരിച്ചു വിടപ്പെട്ട പിആര്‍ഒയ്ക്കും കത്ത് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി മറ്റുള്ള ഉദ്യോഗാര്‍ത്ഥികളോടൊപ്പം ഇദ്ദേഹവും പങ്കെടുത്തു. ഈ കാരണത്താലാണ് ഇപ്പോള്‍ നടത്തിയ അഭിമുഖം പൂര്‍ണ്ണമായും റദ്ദു ചെയ്തത്. 21ന് വീണ്ടും പുതിയ അഭിമുഖത്തിനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് ആശുപത്രി അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: