ന്യൂദല്‍ഹി: തക്കാളി വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ആശ്വാസ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ദല്‍ഹിയിലെ വിവിധ സ്ഥലങ്ങളിലും ഗുരുഗ്രാം, ഫരീദാബാദ്, നോയിഡ എന്നിവയുള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളിലും കിലോഗ്രാമിന് 90 രൂപ നിരക്കില്‍ തക്കാളി വില്പന തുടങ്ങി.നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് (എന്‍സിസിഎഫ്) വഴിയാണ് വില കുറച്ച് തക്കാളി വില്‍ക്കുന്നത്. ലക്നൗവിലും കാണ്‍പൂരിലും 15 വീതം വാഹനങ്ങളില്‍ കുറഞ്ഞ നിരക്കില്‍ തക്കാളി വില്‍പ്പനയും ഇന്ന് മുതല്‍ ആരംഭിച്ചു.
ചില്ലറ വില വര്‍ധിക്കുന്നത് തടയാന്‍ പ്രധാന ഉപഭോഗ കേന്ദ്രങ്ങളില്‍ വിതരണത്തിനായി ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് തക്കാളി ഉടന്‍ സംഭരിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ മാസം ചില്ലറവില്‍പ്പന വിലയില്‍ വലിയ വര്‍ധന ഉണ്ടായ പ്രധാന ഉപഭോഗ കേന്ദ്രങ്ങളില്‍ ഒരേസമയം വിതരണത്തിനായി മൂന്ന് സംസ്ഥാനങ്ങളിലെയും മണ്ടികളില്‍ നിന്ന് തക്കാളി ഉടന്‍ സംഭരിക്കാന്‍ ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷനോടും എന്‍സിസിഎഫിനോടും ഉപഭോക്തൃകാര്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
നടീല്‍, വിളവെടുപ്പ് സീസണുകളുടെ ക്രമം, പ്രദേശങ്ങളിലെ വ്യത്യാസം എന്നിവയാണ് തക്കാളിയുടെ വില നിര്‍ണയിക്കുന്നതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം വെളിപ്പെടുത്തി. പ്രതികൂല കാലാവസ്ഥയും മറ്റ് ഘടകങ്ങള്‍ മൂലമുള്ള വിതരണ ശൃംഖലയിലെ തടസങ്ങളും വിളനാശവുമാണ് പലപ്പോഴും പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: