ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിലെത്തും. ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷമാണ് മോദി യുഎഇയിലേക്ക് തിരിച്ചത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അഞ്ചാമത്ത യുഎഇ സന്ദര്‍ശനമാണിത്. ഇന്ത്യയുടേയും യുഎഇയുടേയും വളര്‍ച്ചയ്ക്ക് ഈ സന്ദര്‍ശനം മുതല്‍ക്കൂട്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്കാരം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ കരാറുകള്‍ക്ക് സാധ്യതയുണ്ട്.
കോപ്പ് 28 പ്രസിഡന്റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 12.50നാണ് ഇന്ത്യ യുഎഇ ഉഭയകക്ഷി ചര്‍ച്ച. ഇരുരാജ്യങ്ങളും തമ്മില്‍ രൂപയില്‍ വ്യാപാരം നടത്തുന്നത് സംബന്ധിച്ച് യുഎഇയും ഇന്ത്യയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചേക്കും.
ഇന്ത്യ യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോഗതിയും ഇരുനേതാക്കളും വിലയിരുത്തും. കൂടാതെ ദല്‍ഹി ഐഐടിയുടെ ഓഫ് ക്യാമ്പസ് അബുദാബിയില്‍ തുടങ്ങുന്ന കാര്യത്തിലും ധാരണാപത്രം ഒപ്പിടും. ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് യുഎഇയെ ഔദ്യോഗികമായി പ്രധാനമന്ത്രി ക്ഷണിക്കും. ഊര്‍ജം വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പരസ്പരസഹകരണം മെച്ചപ്പെടുത്തുന്നതും ചര്‍ച്ചയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: