വെള്ളാനിക്കര: കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വനശാസ്ത്ര കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ലോക പാമ്പുദിനാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലോകത്തിലെ വിവിധതരം പാമ്പുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ജൈവമണ്ഡലത്തില്‍ അവ വഹിക്കുന്ന ഒഴിച്ചുകൂടാനാവാത്ത പങ്കിനെക്കുറിച്ചു പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും ജൂലൈ 16 ലോക പാമ്പു ദിനമായി ആചരിക്കുന്നു.
കേരളത്തില്‍ കണ്ടുവരുന്ന വിവിധതരം പാമ്പുകളെ കുറിച്ച് പരിചയപ്പെടുത്തിയ സെമിനാര്‍ വന്യജീവി ശാസ്ത്രവിഭാഗ ബിരുദാനന്തര ബിരുദ ഗവേഷണ വിദ്യാര്‍ത്ഥി അഭിന്‍ എം. സുനില്‍ നയിച്ചു. പാമ്പുകളെ കുറിച്ചുള്ള അന്ധവിശ്വാസങ്ങളെ ബോധ്യപ്പെടുത്തുന്ന ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളുടെ വിവിധ സംശയങ്ങള്‍ക്കു മറുപടി നല്കി. പാമ്പുകടിയേറ്റാല്‍ അനുവര്‍ത്തിക്കേണ്ട അടിസ്ഥാന പരിചരണ മുറകളെ വനശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുത്തി. പാമ്പുകളെ കുറിച്ച് വിവരങ്ങള്‍ നല്കുന്ന ‘സര്‍പ്പ’ എന്ന മൊബൈല്‍ ആപ്പും പരിചയപ്പെടുത്തി.
സജിഷ മോഹന്‍ സ്വാഗതം പറയുകയും സ്കൂള്‍ ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജും കാര്‍ഷിക സര്‍വകലാശാല അസി. പ്രൊഫസറുമായ ഡോ. സന്തോഷ് സി. ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. അസി. പ്രൊഫസര്‍മാരായ ഡോ. സുനില്‍ വി. ജി., ജാലിയ എം. കെ. എന്നിവര്‍ ആശംസകളും രമ്യ കൃഷ്ണ നന്ദി അറിയിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: