മാറനല്ലൂർ: 2021 ഡിസംബറിൽ തികഞ്ഞ പാർട്ടിപരിപാടിയായി നിർമ്മാണോദ്ഘാടനം നടന്ന മലവിള പാലത്തിന്റെ വശം ഇടിഞ്ഞുതാണത് ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. കാലങ്ങളായി കുപ്പിക്കഴുത്തിലെ യാത്ര അനുഭവിച്ച നാട്ടുകാർക്ക് ആറ് കോടി രൂപ ചിലവിൽ പുതിയ പാലമെന്ന വാഗ്ദാനം വലിയ ആശ്വാസമായി. ആറ് മാസം കൊണ്ട് പണിത് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് തന്നെ നേരിട്ടത്തി പ്രസംഗിച്ചപ്പോൾ ഇതൊരു പഞ്ചവടിപ്പാലമാകുമെന്ന് ആരും പ്രതീഷിച്ചില്ല.
പാലം നിർമ്മാണത്തിൽ വൻ അഴിമതിയാണ് പുറത്തുവരുന്നത്. നിർമ്മാണത്തിന്റെ ആരംഭത്തിൽ തന്നെ നാട്ടുകാർ അവരുടെ ആശങ്ക പങ്കുവച്ചുവെങ്കിലും എംഎൽഎയോ, കോൺട്രാക്ടറോ ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാർ. മഴവെള്ളം ഒഴുകി കനാലിന്റെ വശത്തെ മൺതിട്ടയിൽ താഴ്ന്നിറങ്ങുമെന്ന് മുന്നറിയിപ്പ് ചിലർ നൽകിയെങ്കിലും അധികൃതർ ചെവികൊണ്ടില്ല.
കഴിഞ്ഞ രണ്ടുമൂന്നുദിവസമായി ജലഅതോരിറ്റി പൈപ്പ് പൊട്ടി പാഞ്ഞ വെള്ളം ഈ മൺതിട്ടയിൽ ആഴ്ന്നിറങ്ങിയതാണ് അപ്രോച്ച് റോഡിന്റെ വശം ഇടിഞ്ഞുവീഴാൻ ഇടയാക്കിയതും. നിർമ്മാണത്തിന്റെ അഴിമതി അന്വേഷിക്കുക, നിർമ്മാണം നടത്തിയ കരാറുകാരനെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്
ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡൻറ് തിരുനെല്ലിയൂർ സുധീഷ്, ദക്ഷിണ മേഖല സെക്രട്ടറി മുക്കംപാലമൂട് ബിജു, സംസ്ഥാന സമിതി അംഗം എഴുത്താവൂർ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ മലവിള പാലത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു.
വൈകുന്നേരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാറനല്ലൂർ കവലയിൽ നടന്ന പ്രതിഷേധയോഗം ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഉത്തരവാദികളായ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിജെപി ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: