തിരുവനന്തപുരം: കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് ബലിതര്‍പ്പണത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ വിപുലമായ ക്രമീകരണങ്ങളൊരുക്കിയതായി ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍.
ബലിതര്‍പ്പണത്തിനുളള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 23 പ്രധാന ക്ഷേത്രങ്ങളിലും മറ്റ് ക്ഷേത്രങ്ങളിലും ബലി തര്‍പ്പണം നടക്കും. ക്രമീകരണങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനായി സ്പെഷല്‍ ഓഫീസര്‍മാരെ നിയോഗിച്ചതായും പ്രസിഡന്റ് പറഞ്ഞു.
കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന സമയം കൂടിയായതിനാല്‍ വാവുബലി ദിവസമായ 17ന് കൂടുതല്‍ ആളുകള്‍ പമ്പയില്‍ ബലി തര്‍പ്പണത്തിന് എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്നില്‍ക്കണ്ടുളള ഒരുക്കങ്ങളാണ് പമ്പാ നദിക്കരയില്‍ നടക്കുന്നത്. കൂടുതല്‍ ബലിത്തറകള്‍ പമ്പയില്‍ ക്രമീകരിക്കും. എരുമേലിയിലും ബലിതര്‍പ്പണത്തിന് എത്തിച്ചേരുന്നവര്‍ക്കായി ക്രമീകരണങ്ങള്‍ സജ്ജമാക്കുന്നുണ്ട്.
തിരുവനന്തപുരത്ത് തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ 17ന് പുലര്‍ച്ചെ 2.30 മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും. ക്ഷേത്രത്തില്‍ സ്ഥിരമായുള്ള രണ്ട് ബലി മണ്ഡപങ്ങള്‍ക്ക് പുറമെ ഏഴു ബലിമണ്ഡപങ്ങള്‍ ക്ഷേത്രത്തിന് മുന്‍വശത്തും പുറത്തും നദിക്കരയിലും സജ്ജീകരിക്കുന്നുണ്ട്. ഒന്‍പതു ബലി മണ്ഡപങ്ങളിലായി ഒരേസമയം 3500 പേര്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ സാധിക്കും. 25 പുരോഹിതന്മാര് ബലികര്‍മ്മങ്ങള്‍ക്ക് പൗരോഹിത്യം വഹിക്കും.
വര്‍ക്കല കടപ്പുറത്തെ ദേവസ്വം ബോര്‍ഡ് വക ബലിമണ്ഡപത്തിലും താല്‍ക്കാലിക മണ്ഡപത്തിലും 16ന് രാത്രി 10.25 മുതല്‍ ബലിതര്‍പ്പണം ആരംഭിയ്ക്കും. തിരുമുല്ലവാരത്ത് ബലിതര്‍പ്പണത്തിന് മുന്‍വര്‍ഷത്തെപ്പോലെ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.
ആലുവ മണപ്പുറത്ത് 16ന് രാത്രി 10.30 മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പോലീസ്, ആരോഗ്യം, ഫയര്‍ഫോഴ്സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ബലിതര്‍പ്പണത്തിന് വേണ്ട മുന്നൊരുക്കങ്ങള്‍ ദേവസ്വം ബോര്‍ഡ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: