ഗോപന് ചുള്ളാളം
പുളിമരങ്ങള്‍ അതിരിട്ടു നീളുന്ന റോഡില്‍ നിന്ന് ദൂരെ കാണാം കണ്ണെത്താ സമതലങ്ങളില്‍ നിന്നുയിര്‍ത്ത 266 അടി ഉയരവും 13 കിലോമീറ്റര്‍ ചുറ്റളവുമുള്ള ഒരൊറ്റമല. ആയിരം ആണ്ടുകളായി ആത്മാന്വേഷകരെ ആകര്‍ഷിക്കുന്ന അഗ്നിയുടെ ആത്മീയശൈലം. അരുണാചലം. തിരുവണ്ണാമലയിലെ അഗ്നിസ്വരൂപനായ ശിവന് അണ്ണാമലൈയ്യര്‍ ആയി ഇവിടെ വാഴുന്നു. ആദിമധ്യാന്ത ഹീനനായ മഹാദേവന് തന്നെയാണ് അരുണാഗ്നി വര്‍ണ്ണത്തില്‍ പ്രഭ പൂണ്ട അരുണാചലം. ദേവി ഇവിടെ ഉണ്ണാമലൈയാളാണ്.
മോക്ഷപ്രാപ്തിയെക്കുറിച്ച് തമിഴ് മനസിലുള്ളത് തിരുവാരൂരില്‍ ജനിക്കുക, കാശിയില്‍ മരിക്കുക, ചിദംബരത്ത് ഭജിക്കുക, അണ്ണാമലയെപറ്റി ചിന്തിക്കുക എന്നാണ്. ചിന്തിച്ചാല്‍ പോലും അഗ്നിശുദ്ധി കൈവരുന്ന പുണ്യസ്ഥലമാണ് അരുണാചലം. നാലു വശങ്ങളിലും പ്രവേശനകവാടങ്ങളോടുകൂടിയ ഗോപുരങ്ങള്‍. കിഴക്ക് രാജഗോപുരത്തിനാണ് ഏറ്റവും ഉയരം. കരിങ്കല്ല് കൊണ്ട് നിര്‍മ്മിച്ച ഗോപുരത്തിന്റെ അടിത്തറ 41 മീ.-30 മീ. അളവിലാണ്. വിജയനഗര സാമ്രാജ്യാധിപന് കൃഷ്ണദേവരായര്‍ തുടക്കം കുറിച്ച ഗോപുര നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് സേവപ്പ നായക് ആയിരുന്നു. രാജഗോപുരം കഴിഞ്ഞാല്‍ കാണുന്ന ആയിരംകാല്‍മണ്ഡപവും എതിര്‍വശത്തുളള മനോഹരമായ ശിവഗംഗാ തീര്‍ഥവും വിജയനഗരാധിപതി തന്നെയാണ് നിര്‍മ്മിച്ചത്. അരുണാചലത്തിന്റെ മടിത്തട്ടില്‍ 25 ഏക്കറില്‍ കിഴക്കോട്ട് ദര്‍ശനമായാണ് ക്ഷേത്രം. കിഴക്കും പടിഞ്ഞാറുമുള്ള ക്ഷേത്രമതിലുകള്‍ക്ക് 210 മീറ്ററും തെക്ക് 451 മീറ്ററും വടക്ക് 480 മീറ്ററുമാണ് നീളം.
ഐതിഹ്യം
പാര്‍വതി ദേവി ഒരിക്കല്‍ ശിവന്റെ കണ്ണുകള്‍ അടച്ചുപിടിക്കുകയും പ്രപഞ്ചം ഇരുട്ടില്‍ മുങ്ങുകയും ചെയ്തു. തന്റെ തെറ്റ് മനസ്സിലാക്കിയ ദേവി തപസനുഷ്ഠിച്ചു. ശിവന് ഒരു കുന്നിന് മുകളില്‍ അഗ്നിസ്തംഭമായി അവതരിച്ചു. സ്തംഭം അഗ്നിലിംഗമായും മല തിരുവണ്ണാമലയായും മാറി.
മറ്റൊരു കഥയില്‍: ആരാണ് വലിയവന്‍ എന്ന് തീരുമാനിക്കാന്‍ വിഷ്ണുവും ബ്രഹ്മാവും തര്‍ക്കത്തിലായി. അവര്‍ ശിവനോട് തര്‍ക്കത്തില്‍ തീരുമാനമുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. തന്റെ കിരീടത്തിലും കാലിലും ആദ്യം എത്തുന്നവന് വിജയിയാകുമെന്നായിരുന്നു ശിവന്റെ ഒത്തുതീര്‍പ്പുവ്യവസ്ഥ. തുടര്‍ന്ന് ശിവന് ഒരു നീണ്ട അഗ്നി ലിംഗത്തിന്റെ രൂപമെടുത്തു.
വിഷ്ണു വരാഹരൂപിയായി ശിവന്റെ പാദങ്ങളിലെത്താന്‍ ഭൂമിയുടെ ആഴത്തിലേക്കും ബ്രഹ്മാവ് ഹംസമായി കിരീടം കണ്ടെത്താന്‍ ആകാശത്തേക്കും യാത്രതിരിച്ചു. ഹംസഗതിക്കിടയില്‍ കിരീടത്തില്‍ നിന്ന് താഴമ്പൂ താഴേക്ക് വീഴുന്നത് ബ്രഹ്മാവ് കണ്ടു. കിരീടത്തിലെത്താന്‍ എത്ര സമയമെടുക്കുമെന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങളായി കൊഴിഞ്ഞുവീഴുകയാണെന്നും ഇതുവരെ ഇവിടെവരെയെ എത്തിയിട്ടുള്ളുവെന്നും പുഷ്പം മറുപടി നല്കി.
താഴമ്പൂ കൈവശപ്പെടുത്തിയ ബ്രഹ്മാവ് ഉടന്‍ തിരികെ ശിവന്റെ അടുക്കലെത്തിയശേഷം കിരീടം കണ്ടെത്തിയെന്നും അവിടെനിന്ന് ലഭിച്ചതാണെന്നും പറഞ്ഞു. നുണ തിരിച്ചറിഞ്ഞ ശിവന് ബ്രഹ്മാവിനെയും പുഷ്പത്തെയും ശപിച്ചു. അന്നുമുതല്‍ ബ്രഹ്മാവിന് ക്ഷേത്രങ്ങളില്‍ പൂജ ഇല്ലാതായി. പൂജകള്‍ക്കായി താഴമ്പൂ ഉപയോഗിക്കാതെയായി. തിരുവണ്ണാമലൈ അരുണാചലം ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങളില്‍ ഈ കഥയുണ്ട്.
അരുണാചലമെന്ന തപോഭൂമി
രമണമഹര്‍ഷിയടക്കം നിരവധി സംന്യാസിവര്യന്മാര് പല കാലങ്ങളിലായി സത്യാന്വേഷികളായി ഇവിടെയെത്തിയിരുന്നു. ഇന്നും എത്തിക്കൊണ്ടേയിരിക്കുന്നു. ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെയാണ് മലയുടെ പാര്‍ശ്വത്തിലുള്ള രമണാശ്രമം. രമണമഹര്‍ഷി തപം ചെയ്ത സ്കന്ദാശ്രമത്തിലേക്കുള്ള കയറ്റത്തിനിടെ കാണുന്ന ക്ഷേത്രക്കാഴ്ച്ച അനുപമമായ ദൃശ്യാനുഭവമാണ്. ആയിരം കാല് മണ്ഡപത്തിലാണ് രമണമഹര്‍ഷി ധ്യാനിച്ചിരുന്ന പാതാളലിംഗ ക്ഷേത്രം. ചെറിയൊരു ഗുഹ. അരുണഗിരിനാഥര്ക്കു മുന്നില്‍ മുരുഗന് പ്രത്യക്ഷപ്പെട്ട കമ്പത്തിലായനാര് സന്നിധിയും ഇവിടെയാണ്.
ക്ഷേത്ര പ്രാകാരങ്ങളിലെങ്ങും വിനായക വിഗ്രഹങ്ങളാണ്. പ്രവേശനദ്വാരത്തില്‍ തന്നെ ഗോപുര വിനായകര്‍, തീര്‍ഥക്കരയില്‍ സിദ്ധി വിനായകര്‍, പടിഞ്ഞാറ് കോത്തല വിനായകര്‍, വിഘ്നേശ്വരര്‍, ആനൈതിരൈക്കൊണ്ട വിനായകര്‍ എന്നിങ്ങനെ വിനായക വിഗ്രഹങ്ങള്‍ നിരവധി. നാലാമത്തെ പ്രാകാരത്തിനുള്ളില്‍ പഞ്ചഭൂതേശന്‍മാര്‍ക്കുള്ള ക്ഷേത്രങ്ങളുണ്ട്. അരുണാചല നായകിയായ ഉണ്ണാമലൈക്ക് പ്രത്യേക ക്ഷേത്രമാണുള്ളത്. അവിടെ ചുമരില്‍ അര്‍ദ്ധനാരീശ്വര ചിത്രം. ഇവിടെ വെച്ചാണത്രെ ദേവി തപം ചെയ്ത് ഭഗവാന്റെ വാമഭാഗം ആവശ്യപ്പെട്ടത്. ഉണ്ണാമലൈ ദേവിയെ തൊഴുതുവേണം അരുണാചല സന്നിധിയില്‍ പ്രവേശിക്കാന്‍. നന്ദിയും സൂര്യ ചന്ദ്ര വിഗ്രഹങ്ങളും കടന്നാല്‍ അഗ്നിസ്വരൂപനായ അരുണാചലേശ്വരന്റെ ശിവലിംഗരൂപം. തേജോലിംഗം പ്രധാന പ്രതിഷ്ഠ. അരുണാചലശൈലത്തെ ചുറ്റി 360 തീര്‍ത്ഥങ്ങളും 400 ശിവലിംഗങ്ങളുമുണ്ട്.
ക്ഷേത്രഭരണം
ഹൊയ്സാലരും, കാഞ്ചിയിലെ ചോളന്മാരും തഞ്ചാവൂരിലെ നായിക്കന്മാരും പല കാലങ്ങളിലായി ക്ഷേത്രം ഭരിച്ചു. കര്‍ണാടിക് നവാബ്, മുരാരുരായ കൃഷ്ണറായ, ബുര്‍ഖത് ഉല്ലാഖാന് തുടങ്ങിയവരുടെ ഉപരോധവും നേരിട്ടിരുന്നു. ഫ്രഞ്ച് സൂപ്രീസ് സാമ്പ്രിനേറ്റര്‍, ഇംഗ്ലീഷ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ സ്മിത്ത് എന്നിവര്‍ തിരുവണ്ണാമല ആക്രമിച്ചു. 1760 ല്‍ ക്ഷേത്രം ബ്രിട്ടീഷുകാര്‍ കൈയടക്കി. 1790 ല്‍ ടിപ്പുസുല്‍ത്താന്‍ നഗരം പിടച്ചെടുത്തു. വീണ്ടും ബ്രിട്ടീഷുകാരുടെ കൈകളിലെത്തി. 1951 മുതല്‍ ഹിന്ദു മതചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് നിയമപ്രകാരം, ക്ഷേത്രപരിപാലനം തമിഴ്നാട് സര്‍ക്കാരിന്റെ ഹിന്ദുമത എന്‍ഡോവ്മെന്റ് ബോര്‍ഡിന്(എച്ച്ആര്‍ ആന്റ് സിഇ) ആണ്. ക്ഷേത്രത്തെ 2002 ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കുകയും അതിന്റെ സംരക്ഷണച്ചുമതല ഏറ്റെടുക്കുകയും ചെയ്തു. വ്യാപകമായ പ്രതിഷേധവും സുപ്രീംകോടതിയില്‍ നടന്ന വ്യവഹാരവും ക്ഷേത്രത്തെ ഹിന്ദുമത എന്‍ഡോവ്മെന്റ് ബോര്‍ഡിലേക്ക് തിരികെ എത്തിച്ചു.
പൗര്‍ണ്ണമിയിലെ ‘ഗിരിവാലം’
ശൈവ സമ്പ്രദായക്കാരായ ബ്രാഹ്മണരാണ് പുരോഹിതര്‍. രാവിലെ 5 ന് നട തുറക്കും. രാത്രി 9.30ന് അടയ്ക്കും. വൃശ്ചികമാസത്തിലെ കാര്‍ത്തിക നക്ഷത്രം തുടങ്ങി പത്തുദിവസമാണ് പ്രധാന ഉത്സവം. അന്ന് ക്ഷേത്രം ദീപക്കാഴ്ച്ചകളാല്‍ പ്രഭാപൂരിതമാവും. അരുണാചലത്തിനു മുകളില്‍ വലിയോരഗ്നിസ്തംഭം തെളിയിക്കും. അന്ന് ലക്ഷങ്ങളാണ് അഗ്നിരൂപനെ വണങ്ങാന്‍ എത്തുന്നത്. എല്ലാ പൗര്‍ണ്ണമികളിലും ഈ മലയെ പ്രദക്ഷിണം ചെയ്യുന്ന ഗിരിവാലത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. കാര്‍ത്തിക മാസത്തിലെ ഗിരിവാലം അതിവിശേഷമാണ്.
എത്തിച്ചേരാനുള്ള മാര്‍ഗം
ചെന്നൈയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം, ഇവിടുന്ന് റോഡ് മാര്‍ഗം 185 കിലോമീറ്റര്‍ ദൂരമുണ്ട്. ക്ഷേത്രത്തിലേക്ക് തമിഴ്നാട്ടിലെ എല്ലാ പ്രധാന പട്ടണങ്ങളില്‍ നിന്നും നിരവധി ബസുകള്‍ സര്‍വീസ് നടത്തുന്നു. ബാംഗ്ലൂര്‍, തിരുപ്പതി എന്നിവിടങ്ങളില്‍ നിന്നും ബസുകള്‍ ലഭ്യമാണ്. തിരുവണ്ണാമല ബസ് സ്റ്റാന്റില്‍ നിന്ന് ഒരുകിലോമീറ്റര്‍ അടുത്താണ് ക്ഷേത്രം. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന് തിരുവണ്ണാമലൈ ആണ്. ക്ഷേത്രത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: