പാലക്കാട്: ഓണ പതിപ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക പതിപ്പുകള്‍ പ്ലാസ്റ്റിക് കവറുകളില്‍ വിപണിയിലെത്തിക്കുന്ന രീതിയില്‍ മാറ്റംവരുത്തി മാധ്യമ സ്ഥാപനങ്ങള്‍ മാതൃകയാവണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ഇതിനായി പ്രകൃതി സൗഹൃദ സംവിധാനങ്ങള്‍ കണ്ടെത്തിയാല്‍ പ്രസിദ്ധീകരണങ്ങള്‍ പൊതിഞ്ഞു വരുന്ന പ്ലാസ്റ്റിക് കവര്‍ മാലിന്യമായി തള്ളുന്നത് ഒഴിവാക്കാമെന്ന് കമ്മീഷന് ആക്ടിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് പറഞ്ഞു.
പ്രസിദ്ധീകരണങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വില്‍ക്കുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പത്രസ്ഥാപനങ്ങളില്‍ നിന്നും വിശദീകരണം വാങ്ങിയതായി പറയുന്നു. 2020 ജനുവരി 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമുണ്ടെന്ന് ബോര്‍ഡ് അറിയിച്ചു. രണ്ട് പത്രസ്ഥാപനങ്ങള്‍ ബോര്‍ഡിന് സമര്‍പ്പിച്ച വിശദീകരണത്തില്‍ അവര്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ 50 മൈക്രോണ്‍ കട്ടിയുള്ളതാണെന്ന് പറഞ്ഞിട്ടുണ്ട്. ഇത് ബോര്‍ഡ് പരിശോധിച്ചപ്പോള്‍ കവറുകളുടെ കനം 70 മൈക്രോണ്‍ ആണെന്ന് ബോധ്യമായി. എന്നാല്‍ പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണ നിയമം 2016 പ്രകാരം സ്ഥാപന ഉടമ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഇപിആര്‍ രജിസ്ട്രേഷന് കരസ്ഥമാക്കണമെന്ന വിവരം പത്രസ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്.
പത്രങ്ങളുടെ വാദങ്ങള്‍ സാങ്കേതികമായി ശരിയും നിയമപരമായി നിലനില്‍ക്കുന്നതുമാണെന്ന് കമ്മീഷന് ചൂണ്ടിക്കാണിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒഴിവാക്കാവുന്ന ഒരു മാലിന്യമാണ് പ്ലാസ്റ്റിക് കവറുകളെന്ന് ഉത്തരവില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ നവോത്ഥാന പരിപാടികള്‍ക്ക് തുടക്കമിട്ട് അവ ഏറ്റെടുത്തു നടപ്പിലാക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ ഇതിലും മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായി കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. അഭിഭാഷകനായ ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: