ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന് ജൂലൈ 12 മുതല്‍ 13 വരെ സിറിയന്‍ അറബ് റിപ്പബ്ലിക്കില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. 2016 ഓഗസ്റ്റിനു ശേഷം ഇന്ത്യയില്‍ നിന്ന് സിറിയയിലേക്കുള്ള ആദ്യ മന്ത്രിതല സന്ദര്‍ശനവും വി. മുരളീധരന്റെ ആദ്യ സിറിയ സന്ദര്‍ശനവുമാണ്.
സിറിയന്‍ തലസ്ഥാനമായ ഡമാസ്കസില്‍ സിറിയന്‍ നേതൃത്വവുമായി കേന്ദ്രമന്ത്രി വിപുലമായ ചര്‍ച്ചകള്‍ നടത്തും. ഇന്ത്യാ സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് സ്കീമിന് കീഴില്‍ ഇന്ത്യയില്‍ പഠിച്ച അല്ലെങ്കില്‍ പഠിക്കാന്‍ പോകുന്ന ഒരു കൂട്ടം സിറിയന്‍ വിദ്യാര്‍ത്ഥികളുമായും അദ്ദേഹം സംവദിക്കും. സിറിയന്‍ ഓര്‍ത്തഡോക്സ് സഭാനേതൃത്വത്തെയും സഹമന്ത്രി കാണുമെന്ന് പ്രതീക്ഷിക്കുന്നു. സിറിയയിലെ സംഘര്‍ഷത്തിനിടയിലും ഇന്ത്യ സിറിയയില്‍ എംബസി നിലനിര്‍ത്തിയിട്ടുണ്ട്.
സിറിയയിലെ ധാരാളം വിദ്യാര്‍ത്ഥികളും വ്യവസായികളും രോഗികളും ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. മുന്‍നിര ഐടിഇസി പ്രോഗ്രാമിന് കീഴിലുള്ള സ്കോളര്‍ഷിപ്പ് സ്കീമുകളിലൂടെയും പരിശീലന കോഴ്സുകളിലൂടെയും വര്‍ഷങ്ങളായി സിറിയന്‍ യുവജനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന് കൂടുതല്‍ ഊര്‍ജം പകരാനാണ് കേന്ദ്രസഹമന്ത്രിയുടെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: