മുണ്ടക്കയം: കഴിഞ്ഞ ആഴ്ചകളിലായി കാടിറങ്ങിയ കാട്ടാനക്കൂട്ടം മലയോരമേഖലയില്‍ വ്യാപകമായി കൃഷി നശിപ്പിച്ചു.
പുലിക്കുന്നിന് പിന്നാലെ കോരുത്തോട് കൊമ്പുകുത്തി മേഖലയിലാണ് ശനിയാഴ്ച കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായ കൃഷി നശിപ്പിച്ചത്. കൊമ്പുകുത്തി അരിച്ചേരിമല, മുളങ്കുന്ന് കണ്ണാട്ട് കവല, സ്കൂള്‍ഭാഗം, തടത്തില്‍പടി തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കൃഷിയിടങ്ങളിലാണ് കാട്ടാനകള്‍ താണ്ഡവമാടിയത്.
ഇളംപുരക്കല് സുരേന്ദ്രന്, പുത്തന്‍പുരയ്ക്കല്‍ വിശ്വംഭരന്, കരപ്പുറത്ത് രാമേന്ദ്രന്, മുളയ്ക്കല്‍ പത്മനാഭന്, ഇഞ്ചപ്ലാക്കല്‍ മധു, കോച്ചേരിയില്‍ സാബു, തടത്തില്‍ ഉദയകുമാര്‍ എന്നിവരുടെ കൃഷികളാണ് വ്യാപകമായി നശിച്ചത്. ജനവാസ മേഖലയില്‍ വീടുകളുടെ അടുക്കളവരെ ആനകള്‍ എത്തിയതോടെ ജനങ്ങള്‍ ഭീതിയിലാണ്.
ശക്തമായ മഴയുള്ള സമയത്ത് നാട്ടില്‍ ഇറങ്ങിയ ആനകള്‍ നിരവധി കൃഷിയിടങ്ങള്‍ നശിപ്പിച്ചാണ് കാട്ടിലേക്ക് തിരികെ പോയത്. തെങ്ങ്, കപ്പ, വാഴ, റബര്‍, കുരുമുളക്, കാപ്പി തുടങ്ങിയ കൃഷികള്‍ നശിപ്പിച്ചു. വന്മരങ്ങള് കുത്തിമലര്‍ത്തി. ഈ പ്രദേശത്ത് സോളാര്‍ വേലി ഉണ്ടെങ്കിലും പലയിടങ്ങളിലും പ്രവര്‍ത്തനരഹിതമാണ്. ആഴ്ചകള്‍ക്കു മുന്നേയും ഇവിടെ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ആനകളുടെ ശല്യം അതിരൂക്ഷമായതോടെ ജനങ്ങളുടെ പ്രതിഷേധം വ്യാപകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: