കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം നടന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ച എല്ലാ ബൂത്തുകളിലും തിങ്കളാഴ്ച റീപോളിംഗ് നടത്താന്‍ തീരുമാനം.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് (എസ്ഇസി) ഇക്കാര്യം അറിയിച്ചത്.
നാദിയ പുരുലിയ, മാള്‍ഡ, മുര്‍ഷിദാബാദ്, ബിര്‍ഭും, ജല്‍പായ്ഗുരി, നോര്‍ത്ത്, സൗത്ത് 24 പര്‍ഗാനാസ് എന്നിവിടങ്ങളിലും റീപോളിംഗ് നടക്കും.
ഞായറാഴ്ച വൈകുന്നേരം യോഗം ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന് പലയിടത്തും പോളിംഗിനെ ബാധിച്ച വോട്ട് കൃത്രിമത്വത്തിന്റെയും അക്രമത്തിന്റെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് ഉത്തരവ് പാസാക്കിയത്
റീപോളിംഗ് പ്രഖ്യാപിച്ച ജില്ലകളില്‍ ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ളത് മുര്‍ഷിദാബാദിലാണ് (175, മാള്‍ഡയില്‍ 112).
അക്രമം രൂക്ഷമായ നാദിയയില്‍ 89 ബൂത്തുകളിലും നോര്‍ത്ത്, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളില്‍ യഥാക്രമം 46, 36 ബൂത്തുകളിലും റീപോളിംഗ് നടക്കും.
അതിനിടെ അക്രമങ്ങള്‍ ഞായറാഴ്ചയും തുടര്‍ന്നു. അക്രമങ്ങളില്‍ മരണം 19 ആയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് ദല്‍ഹിയിലെത്തി. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ബി ജെ പി ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: