തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണര്‍ വൃത്തിയാക്കാനിടയില് ഉറകള്‍ പൊട്ടി മണ്ണിടിഞ്ഞ് വീണ് തൊഴിലാളി അകപ്പെട്ട സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമക്കുന്നു. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് ആളെ പുറത്തെടുക്കാന്‍ ശ്രമം നടത്തുന്നത്. വെങ്ങാനൂര്‍ നീലകേശി റോഡ് നെല്ലിതറയില്‍ മഹാരാജന് (55) ആണ് കിണറിനുള്ളില്‍ അകപ്പെട്ടത്. ഇന്നലെ രാവിലെ 9.30 ഓടെ മുക്കോല സര്‍വശക്തിപുരം റോഡില്‍ അശ്വതിയില്‍ സുകുമാരന്റെ വീട്ടുവളപ്പില്‍ 90 അടി ആഴമുളള കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.
ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് കിണറിനുള്ളില്‍ ഇടിഞ്ഞുവീണ മണ്ണ് മാറ്റുന്നതിന് മഹാരാജനും മുക്കോല സ്വദേശികളായ മോഹന്‍, കണ്ണന്, ശേഖര്‍ പുന്നകുളം സ്വദേശി മണികണ്ഠന് എന്നിവര്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ എത്തിയത്. 30 വര്‍ഷം പഴക്കവും 90 അടി താഴ്ചയുമുള്ള കിണറില്‍ സ്ഥാപിച്ച ഉറകള്‍ പൊട്ടി മണ്ണിടിഞ്ഞ് താഴേക്ക് പതിഞ്ഞിരുന്നു. ഈ ഭാഗത്ത് കൂടി വെള്ളം ഊറി വന്നതോടെയാണ് പഴയ ഉറകള്‍ മാറ്റാന്‍ വീട്ടുടമ തീരുമാനിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ നാലുദിവസം മുമ്പ് മണികണ്ഠന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ എത്തി കിണറിലെ മണ്ണ് മാറ്റിയശേഷം 15 ഉറകള്‍ പുതുതായി കിണറിനുള്ളില്‍ അടുക്കി. തുടര്‍ന്ന് ഉറകള്‍ ബലപ്പെടുത്താന്‍ വശങ്ങളില് മണ്ണും നിരത്തി. തുടര്‍ച്ചയായി ദിവസങ്ങള്‍ നീണ്ടു നിന്ന മഴ കാരണം ജോലിനിര്‍ത്തി വെച്ചിരുന്നു.
ഇന്നലെ രാവിലെ ഏഴരയോടെ വീണ്ടും ജോലിക്കെത്തി കിണറിനുള്ളിലെ മണ്ണും പമ്പ്സെറ്റും മാറ്റുന്നതിനാണ് മഹാരാജനും മണികണ്ഠനും കിണറിനുള്ളിലേക്ക് ഇറങ്ങിയത്. മഹാരാജന് മണ്ണ് കോരിയെടുത്ത് മണികണ്ഠന് കൈമാറുന്നതിനിടയില്‍ പുതുതായി അടുക്കിയ ഉറയ്ക്ക് താഴെ ഉണ്ടായിരുന്ന പഴയ റിങ് ഇടിഞ്ഞ് മഹാരാജന്റെ പുറത്തേക്ക് പതിക്കുകയായിരുന്നു. ഇതുകണ്ട മറ്റ് തൊഴിലാളികളുടെ നിലവിളികേട്ടാണ് വീട്ടുകാരും നാട്ടുകാരും ഓടിയെത്തിയത്.
തുടര്‍ന്ന് വിഴിഞ്ഞം, ചെങ്കല്‍ചൂള എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സ് ടാക്സ് ഫോഴ്സ് യൂണിറ്റും വിഴിഞ്ഞം പോലീസും സ്ഥലത്തെത്തി. മണ്ണിനടിയില്‍ കുടുങ്ങിയ ആളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടങ്ങി. രാത്രി വൈകിയും മഹാരാജനെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ജില്ലാ ഫയര്‍ ഓഫീസര്‍ സൂരജിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞം സ്റ്റേഷന് ഓഫീസര്‍ അജയ് ടി.കെ., ചെങ്കല്‍ചൂള സ്റ്റേഷന് ഓഫീസര്‍ രാമസ്വാമി, വിഴിഞ്ഞം പോലീസ് എസ്എച്ച്ഒ പ്രജീഷ് ശശി, എസ്ഐമാരായ സമ്പത്ത്, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: