ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ പ്രധാന ശസ്ത്രക്രിയാ തീയേറ്ററിലേക്ക് രോഗികളെ എത്തിക്കുന്ന രണ്ടാമത്തെ ലിഫ്റ്റും തകരാറിലായതോടെ രോഗികളെ എടുത്തു തോളിലേറ്റി എത്തിക്കേണ്ട സ്ഥിതി. പ്രധാന ശസ്ത്രക്രിയ തീയേറ്ററിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് രണ്ടു ലിഫ്റ്റുകളാണ് ഉണ്ടായിരുന്നത്.
അതില്‍ ഒരെണ്ണം ഒരു വര്‍ഷക്കാലമായി തകരാറിലാണ്. ശേഷിച്ച ഒരെണ്ണത്തില്‍ കൂടിയാണ് തീയേറ്ററിലേക്ക് രോഗികളും ഡോക്ടര്‍മാരും നേഴ്സുമാര്‍ അടക്കമുള്ള ജീവനക്കാരും എത്തിയിരുന്നത്. എന്നാല്‍ രണ്ടു ദിവസമായി ഇതും തകരാറിലായി. ഇതിനെ തുടര്‍ന്ന് റാംമ്പ് വഴിയാണ് രോഗികളെ തീയേറ്ററില്‍ എത്തിക്കുന്നത്. താഴെ വാര്‍ഡുകളില്‍നിന്നും മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ശസ്ത്രക്രിയ തീയേറ്ററിലേക്ക് രോഗികളെ എത്തിക്കുന്നത് വളരെ ബുദ്ധിമുട്ടിയാണ്.
പഴയ അത്യാഹിത വിഭാഗത്തിന് സമീപം മെഡിസിന് ഒപിയിലുള്ള ലിഫ്റ്റുകള്‍ പ്രവര്‍ത്തന രഹിതമായിട്ടും മാസങ്ങള്‍ പിന്നിട്ടു. പുതിയ നിര്‍മാണ പ്രവര്‍ത്തനത്തിന് അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ലിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തില്‍ അധികൃതര്‍ അലംഭാവം കാട്ടുന്നതായാണ് ആക്ഷേപം. രോഗികളും കൂട്ടിരിപ്പുകാരുമാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: