മദനന്
ലോകത്ത് ജീവിച്ചിരിക്കുന്ന 99 ശതമാനം മലയാളികളും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകും. അവര്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന് കേട്ടിട്ടുമുണ്ടാകും. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന വലിയ ചിത്രകാരന്റെയടുത്ത് എത്താനാകുമെന്ന് ചെറുപ്പത്തില്‍ സ്വപ്നം കാണാന്‍ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. വടകരയിലെ കോളജ് പഠനത്തിന് ശേഷം 1980 ലാണ് കോഴിക്കോട് എനിക്ക് ജോലി ലഭിക്കുന്നത്. അതോടുകൂടിയാണ് മഹാമേരുക്കളായ ചിത്രകാരന്മാരെ കാണാനും പരിചയപ്പെടാനും അവരോടൊപ്പം കലാജീവിതം നയിക്കാനും എനിക്ക് കഴിഞ്ഞത്. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹൈസ്ക്കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ ചേര്‍ന്നതിന് ശേഷമാണ് നമ്പൂതിരിയെ ആദ്യമായി കാണുന്നത്. ഭാഷാപോഷിണിയില്‍ വരയ്ക്കുന്ന ഭാസ്ക്കരനോടൊപ്പമാണ് ആദ്യമായി നമ്പൂതിരിയെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നത്. എന്റെ സ്കെച്ച് ബുക്കില്‍ എന്റെ ചിത്രം അദ്ദേഹം വരച്ചു തന്നത് ആദ്യ അനുഗ്രഹമായിരുന്നു.
വരയ്ക്കാനുള്ള അതിയായ ആഗ്രഹം കാരണം കുറച്ച് ചിത്രങ്ങളുമായി ഞാന്‍ അന്ന് ദേശാഭിമാനി വാരികയുടെ എഡിറ്റര്‍ തായാട്ട് ശങ്കരനെ കാണാന്‍ പോയി. ചാള്‍സ് എന്ന പ്രസിദ്ധ ചിത്രകാരന് അന്ന് ദേശാഭിമാനിയിലായിരുന്നു. എന്റെ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടതോടെ തായാട്ട് ശങ്കരന് എനിക്ക് ചിത്രം വരയ്ക്കാന്‍ കഥകളയച്ചുതരാന്‍ തുടങ്ങി. അങ്ങനെയാണ് കേരളത്തിന്റെ കലാരംഗത്തേയ്ക്ക് എന്റെ രേഖാ ചിത്രങ്ങളും ഇടംപിടിച്ചത്. ഞാന്‍ അദ്ധ്യാപനവും ചിത്രംവരയുമായി കഴിഞ്ഞിരുന്ന അക്കാലത്താണ് മാനേജ്മെന്റുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി മാതൃഭൂമി വിടുന്നത്. എ.എസ്. നായര്‍ ആയിരുന്നു മാതൃഭൂമിയില്‍ അക്കാലത്തുണ്ടായിരുന്ന മറ്റൊരു ചിത്രകാരന്. ഇവരെ രണ്ടുപേരെയും മാതൃഭൂമിയിലെത്തിച്ചത് കെ.സി.എസ്. പണിക്കരുടെ ശിഷ്യനായിരുന്ന എം.വി. ദേവനായിരുന്നു. മൂന്ന് പേരും ചോളമണ്ഡലത്തില്‍ പണിക്കരുടെ ശിഷ്യരായിരുന്നു. ദേവനും നമ്പൂതിരിക്കും ശേഷം മാതൃഭൂമി വാരികയില്‍ ചിത്രം വരയ്ക്കാനുള്ള ഉത്തരവാദിത്തം എ.എസ്സിന് മാത്രമായി. അപ്പോഴാണ് അദ്ദേഹം എന്നെ അന്വേഷിക്കുന്നത്. സ്കൂളിലെ ജോലി ഒഴിവാക്കി, നമ്പൂതിരിയുടെ ഒഴിവിലേക്ക് ഞാന്‍ മാതൃഭൂമിയിലെത്തി. 84 മുതല്‍ നമ്പൂതിരിയും മാതൃഭൂമിയുമായുള്ള എന്റെ ബന്ധം നിലയ്ക്കാതെ തുടര്‍ന്നു. നാലുപതിറ്റാണ്ടത്തെ അടുത്ത ബന്ധമാണ് അദ്ദേഹവുമായി എനിക്കുള്ളത്. ഒരുമിച്ച് വരയ്ക്കാനും, അദ്ദേഹത്തോടൊപ്പം ലളിതകലാ അക്കാദമി പോലുള്ള സ്ഥാപനങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും എനിക്ക് കഴിഞ്ഞു. അക്കാദമിയുടെ ചെയര്‍മാനായി അദ്ദേഹം പ്രവര്‍ത്തിച്ചപ്പോള്‍ അംഗമെന്ന നിലയില്‍ ഞാനുമുണ്ടായിരുന്നു.
അതീവസൂക്ഷ്മതയോടെ ചിത്രകലയെ സമീപിച്ച നമ്പൂതിരി മലയാളിയ്ക്ക് മികച്ച രേഖാചിത്രങ്ങള്‍ നല്കി. രേഖാ ചിത്രങ്ങളിലൂടെ മലയാളിക്ക് അദ്ദേഹം പുതിയ ദൃശ്യസംസ്ക്കാരം നല്‍കുകയായിരുന്നു. കമ്പ്യൂട്ടറും ആധുനിക സങ്കേതങ്ങളും ഉള്ള ഇക്കാലത്ത് ഇതൊന്നുമില്ലാതെയാണ് വരകളിലൂടെ അദ്ദേഹം നല്ല ചിത്രങ്ങള്‍ മലയാളിക്ക് നല്‍കിയത്. സവിശേഷമായിരുന്നു ആ ചിത്രീകരണ രീതി. പ്രകൃതിയെ, മനുഷ്യ രൂപങ്ങളെ പ്രത്യേകിച്ച് സ്ത്രീരൂപങ്ങളെ, രേഖാചിത്രങ്ങളിലൂടെ നമ്പൂതിരി ആവിഷ്ക്കരിച്ചപ്പോള്‍ അത് മലയാളിക്ക് ചിത്രകലയിലെ പുതിയ അനുഭവമായി. അരവിന്ദന്റെ കലാസംവിധായകനായി സിനിമയിലും ശോഭിച്ചു. എം.ടി. വാസുദേവന്‍ നായരേയും സംവിധായകന് അരവിന്ദനേയും നമ്പൂതിരിക്ക് കണ്ണും പൂട്ടി വരയ്ക്കാന്‍ കഴിയുമായിരുന്നു. അവരുടെ ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. നമ്പുതിരിയോടൊപ്പം യാത്ര ചെയ്യാനും നിരവധി ചിത്രകലാ ക്യാമ്പുകളില്‍ ഒരുമിച്ച് പങ്കെടുക്കാനും ലളിതകലാ അക്കാദമിക്കാലം എനിക്ക് അവസരം തന്നിട്ടുണ്ട്. മെറ്റല്‍ എന്‍ഗ്രേവിങ്ങിലൂടെ ശില്പകലയിലും അദ്ദേഹം മികവ് തെളിയിച്ചു. കേരളത്തേയും മലയാളസാഹിത്യത്തിലെ മികവാര്‍ന്ന കഥാപാത്രങ്ങളേയും അതിന്റെ സത്ത നഷ്ടപ്പെടാതെ സൂക്ഷ്മതയോടെ ആവിഷ്ക്കരിച്ച മറ്റൊരു ചിത്രകാരനില്ല. മലയാളത്തിന് ഉണ്ടായ തീരാനഷ്ടമാണ് നമ്പൂതിരിയുടെ വിയോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: