എഴുത്തും വായനയുമുള്ള ഏതൊരു മലയാളിക്കും ആമുഖം ആവശ്യമില്ലാത്ത നാമമാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി. ഒരുപക്ഷേ നമ്പൂതിരി എന്നത് ഒരു ജാതി നാമമല്ലാതെ മലയാളി പരിഗണിക്കുന്ന ഒരേയൊരാള്‍ വരയുടെ ഈ പെരുമാള്‍ ആയിരിക്കും. നമ്പൂതിരി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ പലതുകൊണ്ടും വ്യതിരിക്തമായ ആ കലാശരീരം ഒരു രേഖാചിത്രമായി ആസ്വാദകരുടെ മനസ്സില്‍ രൂപപ്പെടും. ആനുകാലികങ്ങളിലെ സാഹിത്യരചനകള്‍ക്കുവേണ്ടി വരച്ച എണ്ണിയൊലൊടുങ്ങാത്ത രേഖാചിത്രങ്ങളിലൂടെ ഒരു കലാപ്രപഞ്ചം തന്നെയാണ് നമ്പൂതിരി സൃഷ്ടിച്ചത്. വാരികകളായ മാതൃഭൂമിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമെല്ലാം പതിറ്റാണ്ടുകളോളം ആഴ്ചതോറും രചനകള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ട നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍ രചനകളെക്കാള്‍ ഒരുപടി മുന്നിലാണെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. കഥകളും നോവലുകളുമൊക്കെ വായിക്കുന്നതിനു മുന്‍പു തന്നെ പരിചയപ്പെടുന്നത് ഈ രേഖാചിത്രങ്ങളായിരിക്കും. വരയുടെ പരമശിവന് എന്ന് വികെഎന്‍ വിശേഷിപ്പിച്ച നമ്പൂതിരി, പിതാമഹന് എന്ന നോവലിനുവേണ്ടി വരച്ച ചിത്രങ്ങള്‍ നര്‍മത്തിന്റെ നേര്‍ചിത്രങ്ങളായിരുന്നു. എം.പി. നാരായണപിള്ളയുടെ പരിണാമത്തിനും എം.മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ക്കും കെ.സുരേന്ദ്രന്റെ ഗുരുവിനും എം.സുകുമാരന്റെ പിതൃതര്‍പ്പണത്തിനും സി.രാധാകൃഷ്ണന്റെ സ്പന്ദമാപിനികളെ നന്ദിക്കും നമ്പൂതിരി വരച്ചിട്ട ചിത്രങ്ങള്‍ ഈ നോവലുകളുടെയും, അത് പ്രസിദ്ധീകരിച്ച ആനുകാലികങ്ങളുടെയും പ്രഥമ സൗഭാഗ്യമായി മാറുകയായിരുന്നു. ഈ നോവലുകള്‍ പലതും പുസ്തകങ്ങളായപ്പോഴും ഉള്ളടക്കത്തിനൊപ്പം നമ്പൂതിരിയുടെ വരകള്‍ ഇടംപിടിച്ചു.
നോവലും കഥകളും വായിക്കാതെ തന്നെ കഥാപാത്രങ്ങളുടെ മനസ്സും ഭാവവും ചലനങ്ങളും അറിയിക്കാന്‍ കഴിയുംവിധം ജീവസ്സുറ്റതായിരുന്നു നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍. ഒറ്റനോട്ടത്തില്‍ എണ്ണിത്തിട്ടപ്പെടുത്താവുന്ന വരകളിലൂടെ രൂപപ്പെടുന്ന കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും പുതിയൊരു സംവേദനതലം സൃഷ്ടിച്ചു. ഭാര്യാഭര്ത്താക്കന്മാരുടെ ഒരു സ്കൂട്ടര്‍ യാത്ര ചിത്രീകരിക്കാന്‍ വേണ്ടത് നാലഞ്ചു വരകള്‍ മാത്രം. ഈ കഥാപാത്രങ്ങളുടെ ബന്ധം എന്താണെന്ന് അവരുടെ ഭാവങ്ങളില്‍നിന്ന് മനസ്സിലാക്കാം. സ്കൂട്ടറിന്റെ വേഗത അനുഭവിക്കാനുമാവും. എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിന് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ അതിലെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സില്‍ ആഴത്തില്‍ പ്രതിഷ്ഠിച്ചു. കരുത്ത് കടഞ്ഞെടുത്ത ഭീമസേനന്റെ രൂപവും, സൗന്ദര്യവും ബുദ്ധിയും തന്റേടവും തികഞ്ഞ ദ്രൗപദിയുടെ രൂപവും നമ്പൂതിരി വരഞ്ഞിട്ടത് അന്യാദൃശ്യമായ വൈഭവത്തോടെയാണ്. മാധവിക്കുട്ടിയുടെ ചന്ദനമരങ്ങള്‍ എന്ന നോവലെറ്റ് വായിച്ചവര്‍ക്ക് നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍ നല്കിയ സൗന്ദര്യാനുഭൂതി വാക്കുകള്‍ക്കതീതമാണ്. ആഴ്ചകള്‍തോറും വായനക്കാര്‍ കാത്തിരുന്നത് കഥകളും നോവലുകളും വായിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല. അവയ്ക്ക് നമ്പൂതിരി വരയ്ക്കുന്ന ചിത്രങ്ങളോട് സംവദിക്കാന്‍ കൂടിയായിരുന്നു. കടുത്ത മത്സരം നിലനില്‍ക്കുന്ന വായനാവിപണിയില്‍ പല ആനുകാലികങ്ങളുടെയും വിജയരഹസ്യങ്ങളിലൊന്ന് നമ്പൂതിരിയുടെ വരകളായിരുന്നു എന്ന് സമ്മതിക്കാതെ തരമില്ല. ഇതുകൊണ്ടുതന്നെ ഈ ചിത്രകാരനെ ഒപ്പം നിര്‍ത്താനുമുണ്ടായിരുന്നു ഒരുതരം മത്സരം.
ഒരു സുപ്രഭാതത്തില്‍ വെളിപാടുപോലെ രൂപപ്പെട്ടതല്ല നമ്പൂതിരിയുടെ രചനാശൈലി. കുലപതികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന കെ.സി.എസ്. പണിക്കരുടെയും എം.വി. ദേവന്റെയും ചിത്രരചനാരീതി പിന്‍പറ്റി വര തുടങ്ങിയ നമ്പൂതിരി, പിന്നീട് പല പരീക്ഷണങ്ങളിലൂടെ സ്വന്തമായ ഒരു ശൈലി വികസിപ്പിച്ചെടുക്കുകയായിരുന്നു. ദേവനിലൂടെയാണ് നമ്പൂതിരി മാതൃഭൂമിയില്‍ ജീവനക്കാരനായെത്തിയത്. കഥാപാത്രങ്ങളുടെ വികാരവിചാരങ്ങള്‍ പ്രസരിപ്പിക്കാന്‍ വരകളെ അലങ്കരിക്കുന്ന രീതി നമ്പൂതിരിക്കുണ്ടായിരുന്നു. വരകളുടെ ഈ ധാരാളിത്തത്തെ ഒരു ഘട്ടമെത്തിയപ്പോള്‍ ഉപേക്ഷിച്ചു. ചിത്രങ്ങളുടെ വിശദാംശങ്ങള്‍ ഇല്ലാതെയും കഥാപാത്രങ്ങളുടെ പശ്ചാത്തലവും ഭാവങ്ങളും വ്യഞ്ജിപ്പിക്കാന്‍ കഴിഞ്ഞതിലൂടെ സവിശേഷമായ ഒരു ശൈലി രൂപപ്പടുകയായിരുന്നു. ചിത്രങ്ങളില്‍ ഒരേ പാറ്റേണ്‍ കാണാന്‍ കഴിയുമെങ്കിലും അവ ഒന്നിനൊന്ന് വ്യത്യസ്തവുമായിരുന്നു. നമ്പൂതിരി വരച്ച ചിത്രങ്ങളുടെ ശരീരഭാഷ എടുത്തുപറയേണ്ടുന്ന ഒന്നാണ്. ഭാരതീയമായ ശില്‍പ്പങ്ങളുടെ ഘടനയാണ് അവയില്‍ പ്രതിബിംബിക്കുക. അഭിനയസന്നദ്ധമായി നില്ക്കുന്ന ക്ഷേത്രശില്‍പ്പങ്ങള്‍ വലിയതോതില്‍ നമ്പൂതിരിയെ സ്വാധീനിച്ചിട്ടുണ്ട്. നമ്പൂതിരിയുടെ ശില്‍പ്പങ്ങളുമായി ചേര്‍ത്തുവച്ചു പരിശോധിക്കുമ്പോള്‍ രേഖാചിത്രങ്ങളുടെ ഈ രൂപഘടന തിരിച്ചറിയാനാവും. കഥകളിയുടെയും മറ്റും കൈമുദ്രകള്‍ രേഖാചിത്രങ്ങളില്‍ സന്നിവേശിപ്പിക്കുന്ന രീതിയും നമ്പൂതിരി സ്വീകരിച്ചിട്ടുണ്ട്. രേഖാചിത്രങ്ങളെ അടുത്തറിയാന്‍ ശ്രമിക്കുമ്പോള്‍ ഈ താളാത്മകത ചിത്രീകരണത്തില്‍ വന്നുനിറയുന്നത് അനുഭവിക്കാനാവും. കലയുടെ ലോകത്തുനിന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി വിടപറഞ്ഞെങ്കിലും വരയുടെ ഈ പെരുമാള്‍ തന്നിട്ടുപോയ രേഖാചിത്രങ്ങള്‍ക്ക് മരണമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: