തിരുവനന്തപുരം: കർക്കടകവാവിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ ഒരുക്കങ്ങൾ ഒന്നുമാകാതെ തിരുവല്ലം പരശുരാമ ക്ഷേത്രം. കേരളത്തിലെ ഏക പരശുരാമ ക്ഷേത്രവും ക്ഷേത്രത്തിനുള്ളിൽ ബലികർമ്മങ്ങൾ നടക്കുന്ന ഇന്ത്യയിലെ ഏക ക്ഷേത്രവുമെന്ന നിലയിൽ പ്രശസ്തമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവല്ലം പരശുരാമ ക്ഷേത്രം. ചരിത്രപരവും സാംസ്കാരിക പരവുമായി വളരെയേറെ പ്രാധാന്യമുള്ള തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം കർക്കടകവാവിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഒരുക്കങ്ങൾ മന്ദഗതിയിലാണ് നീങ്ങുന്നത്.
2020, 2021 വർഷങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങളാൽ ബലികർമ്മങ്ങൾ നടത്താൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും മാറിയ 2022 ൽ നടന്ന പിതൃതർപ്പണത്തിന് നാൽപ്പതിനായിരത്തിലേറെപ്പേർ എത്തിയിരുന്നു. ഇത്തവണ അതിലേറെപ്പേരെ ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ മെല്ലെപ്പോക്ക് നയമാണ് ദേവസ്വം ബോർഡും സർക്കാരും സ്വീകരിക്കുന്നത്. കർക്കിടക വാവിന് മാത്രമല്ല ദിവസവും ബലികർമ്മങ്ങൾ നടക്കുന്ന പരശുരാമ ക്ഷേത്രത്തിൽ ദിവസേന ആയിരത്തി അഞ്ഞൂറിലേറെപ്പേർ ബലികർമ്മങ്ങൾക്കായി എത്തിച്ചേരാറുണ്ട്.
കർക്കിടക വാവിന് ഉൾപ്പടെ ഒരു വർഷം ഏകദേശം ആറു ലക്ഷത്തോളം പേർ ബലിയിടാനായി തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെത്താറുണ്ട് എന്നാണ് കണക്ക്. ബലിതർപ്പണത്തിന് എഴുപത്തിയഞ്ച് രൂപയും തിലഹോമത്തിന് അമ്പത് രൂപയുമാണ് ദേവസ്വം ബോർഡ് ഈടാക്കുന്നത്. എന്നിട്ടും ബലിക്കടവ് വൃത്തിയാക്കാനോ പരിസരം ശുചീകരിക്കാനോ മലിനജലം ബലിക്കടവിലേക്ക് കയറാതിരിക്കാനായി സ്ഥാപിച്ച ഷട്ടറുകൾ നന്നാക്കാനോ വേണ്ട നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല.
സാധാരണ കർക്കടകവാവിന് മാസങ്ങൾ മുമ്പ് തന്നെ തയ്യാറെടുപ്പുകൾ തുടങ്ങുമായിരുന്നു. എന്നാലിത്തവണ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കടവ് വൃത്തിയാക്കുന്ന ജോലികൾ ആരംഭിച്ചത്. മാലിന്യങ്ങൾ അടിഞ്ഞുകൂടി വൃത്തിഹീനമായ അവസ്ഥയിലായ ബലിക്കടവിൽ കുളവാഴയും മറ്റു മാലിന്യങ്ങളും നീക്കുന്നതിനായി കഴിഞ്ഞ വർഷം ലക്ഷങ്ങൾ മുടക്കി ഒരു യന്ത്രം വാങ്ങിയിരുന്നു. ആ യന്ത്രം ഇപ്പോൾ പ്രവർത്തനരഹിതമായി ബലിക്കടവിൽ തുരുമ്പ് പിടിച്ച് കിടക്കുകയാണ്. കുളവാഴ നീക്കുന്നതിനുള്ള യന്ത്രം അറ്റകുറ്റപണികൾ ചെയ്ത് ഉപയോഗയോഗ്യമാക്കുന്നതിന് വേണ്ട യാതൊരു നടപടിയും ഇത് വരെ സ്വീകരിച്ചിട്ടില്ല. അതിനാൽ ഇന്നലെ രണ്ട് വള്ളങ്ങളിലായി നാല് ജോലിക്കാരെ നിർത്തി ചെളി വാരി കരയ്ക്കിടുന്ന ജോലിയാണ് നടന്നത്.
ദിവസവും മഴ പെയ്യുന്നതിനാൽ കരയ്ക്ക് വാരിയിടുന്ന ചെളി ഒലിച്ച് വീണ്ടും ആറിലേക്ക് ഇറങ്ങുകയാണ്. കടവ് ബലി നടക്കുന്ന കടവിലും ക്ഷേത്രത്തിലിടുന്ന ബലി നിമഞ്ജനം ചെയ്യുന്ന കടവിലും കുളവാഴ നിറഞ്ഞ് കിടക്കുകയാണ്. അത് നീക്കുന്ന ജോലി ഇത് വരെ ആരംഭിച്ചിട്ടില്ല. ക്ഷേത്രത്തിനകത്ത് ബലിയിടുന്നവർക്കായുള്ള പന്തലിന്റെ നിർമ്മാണം ഇത് വരെയും തുടങ്ങിയിട്ടില്ല. ദേവസ്വം ബോർഡ് നിശ്ചയിച്ച തുകയ്ക്ക് കരാർ എടുക്കാൻ ആരും തയ്യാറാകാത്തതിനെ തുടർന്നാണ് പന്തൽ നിർമ്മാണത്തിൽ കാലതാമസം നേരിടുന്നതെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നത്.
കർക്കിടക വാവ് പിതൃ ബലിതർപ്പണത്തിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരകണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്ന പരശുരാമ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡ് അധികൃതർ വേണ്ടത്ര ശുഷ്കാന്തി കാണിക്കാറില്ല എന്ന പരാതി വ്യാപകമാണ്. മാലിന്യങ്ങൾ കുന്നുകൂടുമ്പോഴും മാലിന്യ നിർമ്മാർജ്ജനത്തിന് ഫലപ്രദമായ യാതൊരു സംവിധാനങ്ങളും നിലവിലില്ല. വർഷത്തിൽ ഒരിക്കൽ കർക്കടക വാവിനോടുബന്ധിച്ച് ആറിലും ബലിക്കടവിലും നഗരസഭ നടത്തുന്ന ശുചീകരണം മാത്രമാണ് നടക്കുന്നത്. സ്വാഭാവികമായ നീരൊഴുക്ക് ഇല്ലാത്തതിനാൽ ബലിക്കടവിൽ കെട്ടി കിടക്കുന്ന ജലത്തിൽ മാലിന്യം അടിഞ്ഞുകൂടുകയാണ്.
കരമനയാറ്റിൽ നിന്നും ബലിക്കടവിലേക്ക് ശുദ്ധജലം പമ്പ് ചെയ്യാനായി ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് സ്ഥാപിച്ചിട്ടുള്ള രണ്ട് പമ്പുകൾ ഇപ്പോൾ പ്രവർത്തന രഹിതമാണ്. പമ്പ് ചെയ്യുന്ന വെള്ളം ഒഴുക്കിവിടാനായി സ്ഥാപിച്ച പൈപ്പുകളും പൊട്ടിയ നിലയിലാണ്. പൊട്ടിയ പൈപ്പുകൾ നന്നാക്കാനുള്ള നടപടികൾ പോലും സ്വീകരിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്. അതിനാൽ ഇത്തവണ ഭക്തജനങ്ങൾ മലിനജലത്തിൽ തന്നെ നിമഞ്ജനം ചെയ്യേണ്ടി വരും.
എല്ലാ ജോലികളും ചെയ്തു തീർക്കും: അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
തിരുവനന്തപുരം: ഇനിയുള്ള പത്ത് ദിവസങ്ങൾക്കുള്ളിൽ എല്ലാ ജോലികളും യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്ത് തീർക്കുമെന്ന് തിരുവല്ലം പരശുരാമ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹരികുമാർ പറഞ്ഞു. കടവ് വൃത്തിയാക്കുന്ന ജോലികൾ ആരംഭിച്ചു കഴിഞ്ഞു. പൊട്ടിയ ടൈലുകൾ, ഷവറുകൾ തുടങ്ങിയ മാറ്റി സ്ഥാപിച്ചു. പെയിൻ്റിങ് ജോലികൾ നടന്നുകൊണ്ടിരിക്കുന്നു. പന്തലിന്റെ ജോലിയും ഉടൻ ആരംഭിക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓസീസർ ജന്മഭൂമിയോട് പറഞ്ഞു. കുളവാഴ നീക്കുന്നതും പമ്പ് പ്രവർത്തിപ്പിക്കുന്നതും ഉൾപ്പടെയുള്ള ജോലികൾ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റാണ് ചെയ്യുന്നത്. അവ ഉടനേ ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും എ.ഒ. ഹരികുമാർ പറഞ്ഞു.
ദേവസ്വം ബോർഡും സർക്കാരും തിരുവല്ലം ക്ഷേത്രത്തോട് അവഗണന കാട്ടുന്നു: വി.സത്യവതി: (തിരുവല്ലം വാർഡ് കൗൺസിലർ)
ദേവസ്വം ബോർഡും സർക്കാരും തിരുവല്ലം ശ്രീപരശുരാമ സ്വാമി ക്ഷേത്രത്തോടും ഭക്തജനങ്ങളോടും തികഞ്ഞ അവഗണനയാണ് കാണിക്കുന്നത് എന്ന് തിരുവല്ലംവാർഡ് കൗൺസിലർ വി.സത്യവതി. മുൻവർഷങ്ങളെ പോലെ തന്നെ പേരിനുവേണ്ടി മാത്രമാണ് ചർച്ചകൾ നടന്നത്.
ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡ് അധികൃതർ പുലർത്തുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി
മലിനജലം ഒഴുക്കി കളയാനും മാലിന്യം നീക്കാനും ഭക്തർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ദേവസ്വം ബോർഡും സർക്കാരും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ ഭക്തരെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി ആറ്റുകാൽ മണ്ഡലം പ്രസിഡൻ്റ് കോളിയൂർ രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: