ആലപ്പുഴ: സ്ത്രീകളുടെ അന്തസിനും തുല്യനീതിക്കും വേണ്ടിയുള്ള നിയമനിര്‍മാണമാണ് പൊതു സിവില്‍കോഡ് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരു നീതി, ഒരേ പങ്കാളിത്തം എന്ന ഭരണഘടനാശില്‍പ്പികളുടെ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പൊതുസിവില്‍ കോഡിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആധുനിക കാലത്ത് ഒരു മതത്തിനും അന്‍പത് ശതമാനം വരുന്ന സ്ത്രീസമുഹത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തി മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തുണ ചാരിറ്റബിള്‍ സൊസൈറ്റി, കൊച്ചിന് ഷിപ്പ്യാര്ഡിന്റെ സഹകരണത്തോടെ സ്ത്രീകള്‍ക്ക് വഴിയോര കടകള്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷകേന്ദ്രീകൃത നേതൃത്വങ്ങളാണ് പൊതു സിവില്‍കോഡിനെ എതിര്‍ക്കുന്നത്. പുരുഷമേല്‍ക്കോയ്മ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന വിഭാഗമാണത്. ഉത്തരവാദപ്പെട്ട രാഷ്ട്രീയകക്ഷികളും കേവലം വോട്ട് ബാങ്കിനായി പൊതു സിവില്‍ കോഡിനെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. സ്ത്രീസമൂഹം ഇതിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ വികസനം എന്നതല്ല, സ്ത്രീകള്‍ നയിക്കുന്ന വികസനം എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാഴ്ചപ്പാട്. സമസ്ത മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം, ശാക്തീകരണം എന്നിവയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനരീതി. സ്ത്രീകള്‍ നാടിന്റെ നിര്‍മാതാക്കളായി മാറണം. വഴിയോര കച്ചവടക്കാരുടെ ഉന്നമനത്തിന് കേന്ദ്രസര്‍ക്കാര്‍ ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. പ്രത്യേകിച്ച് കൊവിഡ് കാലത്ത് പിഎം സ്വനിധി എന്ന പേരില്‍ ഈടില്ലാതെ വായ്പകള്‍ നല്കി. 46 ലക്ഷം കച്ചവടക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. 5795 കോടി രൂപയാണ് വായ്പയായി നല്‍കിയത്. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു ഉപഭോക്താക്കള്‍ എന്നും വി. മുരളീധരന് പറഞ്ഞു. തുണ ചാരിറ്റബിള്‍ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സന്ദീപ് വാചസ്പതി അദ്ധ്യക്ഷനായി.
സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണന് മുഖ്യാതിഥിയായി. അമൃതാനന്ദമയീ മഠത്തിലെ സ്വാമി വേദാമൃതാനന്ദപുരി, സംഹതി ഇന്ത്യ ഡയറക്ടര്‍ ഫാദര്‍ ആന്റണി ജേക്കബ്, ബിജെപി മേഖലാ പ്രസിഡന്റ് കെ. സോമന്, ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ആര്. ഉണ്ണികൃഷ്ണന്, നഗരസഭാ കൗണ്‍സിലര്‍ മനു ഉപേന്ദ്രന്, ട്രഷറര്‍ ഹരികൃഷ്ണ ഭാരതി എന്നിവര്‍ സംസാരിച്ചു. ചെയര്മാന് ജി. വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: