ഭോപ്പാല്‍: ആദിവാസി യുവാവിന്റെ തലയിലും മുഖത്തും മൂത്രമൊഴിച്ച കേസിലെ പ്രതി പ്രവേഷ് ശുക്ലയുടെ വീട് പൊലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ കര്‍ശന ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
ഇതിനു പിന്നാലെ ശുക്ല മൂത്രം ഒഴിച്ച ആദിവാസ് യുവാവ് ദഷ്മത് റാവത്തിനെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു വരുത്തി ശിവരാജ് സിങ് ചൗഹാന് പാദപൂജയും നടത്തി. നടന്ന സംഭവത്തില്‍ മുഖ്യമന്ത്രി അദ്ദേഹത്തോട് ക്ഷമാപണം നടത്തുകയും കുറ്റക്കാരനെതിരേ കര്‍ശന നടപടി ഉറപ്പു നല്‍കുകയും ചെയ്തു.
സംഭവം വിവാദമായതിനു പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വീട് ഇടിച്ചു നിരത്തിയത്. എന്നാല്‍ സംഭവം മുമ്പ് നടന്നതാണെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിവാദത്തിന് വേണ്ടി കുത്തിപ്പൊക്കിയതാണെന്ന് പ്രതിയുടെ വീട്ടുകാര്‍ ആരോപിച്ചു.
നിലത്തിരുന്ന യുവാവിന്റെ ദേഹത്തേക്ക് സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വീഡിയൊ സമൂഹമാധ്യമങ്ങളിള്‍ പ്രചരിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ദേശീയ സുരക്ഷാ ആക്ട്, എസ് സി,എസ് ടി ആക്ട് എന്നിവയ്ക്കു പുറമേ മറ്റു വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: