കൊച്ചി : കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പാര്‍ട്ടിയോട് ആലോചിക്കാതെ പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചതില്‍ ഹൈബിയെ അസംതൃപ്തി അറിയിച്ചിട്ടുണ്ട്. ഹൈബിയുടേത് കോണ്‍ഗ്രസ് നിലപാടല്ലെന്നും വി.ഡി. സതീശന് പറഞ്ഞു.
ഹൈബി അവതരിപ്പിച്ചത് സ്വകാര്യ ബില്ലാണ്. അദ്ദേഹം ഇനി അതുമായി മുന്നോട്ടുപോകില്ല. ബില്‍ അടിയന്തിരമായി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചയും ഇവിടെ അവസാനിപ്പിക്കണം. ഇനി അതിന്മേല് ഒരു വിവാദത്തിന്റെയും ആവശ്യമില്ല. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് വേണമെന്ന് ആവശ്യം ഉയരാറുണ്ട്. അതുപോലെയാണ് അദ്ദേഹം ഇക്കാര്യവും ഉന്നയിച്ചത്. അത് ശരിയായ നടപടിയാണെന്ന് പാര്‍ട്ടി കരുതുന്നില്ല.
എനിക്ക് ഏറ്റവും വാല്‍സല്യമുള്ള കൊച്ചനുജനാണ് ഹൈബി ഈഡന്. ഈ സംഭവം അറിഞ്ഞപ്പോള്‍ത്തന്നെ അദ്ദേഹത്തെ നേരിട്ടു വിളിച്ച് അതിലുള്ള അസംതൃപ്തി അറിയിച്ചിട്ടുണ്ട്. താനും കൊച്ചിക്കാരനാണ്. പക്ഷേ, കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസ് പാര്‍ട്ടിക്കില്ല. തിരുവനന്തപുരം നല്ല സ്ഥലമാണ്. കൊച്ചിയില്‍ സ്ഥലമൊന്നുമില്ല. തലസ്ഥാനം ഉണ്ടാക്കാന്‍ ഇവിടെ ഇടവുമില്ല.
ഇപ്പോള്‍ത്തന്നെ കൊച്ചി ശ്വാസംമുട്ടിയാണ് നില്‍ക്കുന്നത്. കൊച്ചി ഒരു ചെറിയ സ്ഥലമാണ്. സംസ്ഥാനത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റാന്‍ സാധിക്കില്ല. കൊച്ചിക്ക് മറ്റു ചില പ്രത്യേകതകളുണ്ട്. കൊച്ചി കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമാണ്. ഏറ്റവും കൂടുതല്‍ നികുതി സര്‍ക്കാരിനു നല്കുന്ന സ്ഥലമാണ്. തലസ്ഥാനം അവിടെത്തന്നെ ഇരിക്കട്ടെ. തല്ക്കാലം ഈ വിവാദം ഇവിടെ അവസാനിക്കട്ടേയെന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.
തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം തന്നെ ഹൈബിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ബില്‍ പാര്‍ട്ടിയോട് ആലോചിക്കാതെ കൊണ്ടുവന്നതാണെന്നും, സ്വകാര്യ ബില്‍ മാത്രമാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: