തൃശൂര്‍: കേരളത്തിലെ കോഴിവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഉപഭോക്താക്കളില്‍ സൃഷ്ടിക്കുന്ന അമിത ഭാരം ലഘൂകരിക്കുന്നതിന് ബദല്‍ നിര്‍ദേശങ്ങളുമായി വെറ്ററിനറി സര്‍വ്വകലാശാല. നാടന്‍ കോഴിയിനങ്ങളെയും, മുട്ടക്കോഴി കുഞ്ഞുങ്ങളിലെ പൂവന്മാരെയും അടുക്കള മുറ്റത്ത് വളര്‍ത്തി, അവയ്‌ക്ക് തീറ്റയായി ഗാര്‍ഹിക മാലിന്യത്തില്‍ വളരുന്ന കുഞ്ഞ് ലാര്‍വ്വകളെ ഉപോയഗിക്കുന്ന പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ തിരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ കുടുംബശ്രീയുമായി കൈകോര്‍ത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്.വീട്ടുമുറ്റത്ത് കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന പരിചയ സമ്പന്നരായ 50 കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്ത് നാടന്‍ കോഴിക്കുഞ്ഞുങ്ങളോ, പൂവന്‍ കോഴിക്കുഞ്ഞുങ്ങളോ നല്‍കുകയും ഒപ്പം അവരുടെ വീടുകളില്‍ ലാര്‍വകള്‍ ഉത്പാദിപ്പിക്കുന്ന ചെറുയൂണിറ്റുകള്‍സജ്ജമാക്കി കൊടുക്കുകയും, ശാസ്ത്രീയ കോഴി പരിപാലനത്തില്‍ പരിശീലനം നല്‍കുകയും ചെയ്യും.
സര്‍വ്വകലാശാല തന്നെ ഗവേഷണത്തിലൂടെ ഉരുത്തിരിച്ചെടുത്ത ഗ്രാമശ്രീ ഇനം മുട്ടക്കോഴികളുടെ പൂവന്മാരും, തലശ്ശേരി ഇനത്തില്‍പ്പെട്ട നാടന്‍ കോഴിക്കുഞ്ഞുങ്ങളുമാണ്പദ്ധതിക്കായി ഉപയോഗിക്കുക. സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഗവേഷണത്തിലൂടെ തയ്യാറാക്കിയ ‘ബ്ലാക്ക് സോള്‍ജിയര്‍ ലാര്‍വ്വ’ ഉപയോഗിച്ചുള്ള മാലിന്യ നിര്‍മാര്‍ജന യൂണിറ്റുകളാണ് കോഴികളുടെ തീറ്റയായി ഉപയോഗിക്കുക. രണ്ട് മുതല്‍ മൂന്ന്മാസംവരെ നീണ്ടുനില്‍ക്കുന്ന പരിപാലനത്തിന് ശേഷം ഇറച്ചിക്കോഴികളായി ഇവയെ വിപണനം നടത്താം.
കേരളത്തില്‍ ഇറച്ചിക്കോഴി വിലയിലെ വ്യതിയാനം സാധാരണക്കാരിലും, കര്‍ഷകരിലുമുണ്ടാക്കുന്ന ആഘാതങ്ങള്‍ ലക്ഷൂകരിക്കുന്നതിനും, ബദല്‍ മാര്‍ഗങ്ങള്‍ തയ്യാറാക്കുന്നതിനുമായി സര്‍വ്വകലാശാല സംഘടിപ്പിച്ച ശില്പശാലയിലാണ് പദ്ധതി ആവിഷ്‌കരിക്കപ്പെട്ടത്. സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ പൗള്‍ട്രി സയന്‍സ് സെമിനാര്‍ ഹാളില്‍ ശില്പശാല വി.സി. പ്രൊഫ. ഡോ. എം. ആര്‍. ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സര്‍വ്വകലാശാല സംരംഭകത്വ വിഭാഗം മേധാവി പ്രൊഫ. ഡോ. ടി. എസ്. രാജീവ് അധ്യക്ഷനായ ചടങ്ങില്‍ കുടുംബശ്രീ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. കവിത, കോര്‍പറേഷന്‍ വെറ്ററിനറി ഓഫീസര്‍ ഡോ. വീണ അനിരുദ്ധന്‍, ഡോ. ജസ്റ്റിന്‍ ഡേവിസ് എന്നിവര്‍ പങ്കെടുത്തു. കോഴിവളര്‍ത്തല്‍ കേന്ദ്രം ഡയറക്ടര്‍ ഡോ. അനിത പി. മോഡറേറ്ററായി. ശാസ്ത്രജ്ഞരായ ഡോ. ബിനോജ് ചാക്കോ, ഡോ. ശങ്കരലിംഗം എന്നിവര്‍ വിഷയാവതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: