ന്യൂദല്‍ഹി: ഏകസിവില്‍ കോഡ് നടപ്പാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ കുറിച്ച് നിലപാട് വ്യക്തമാക്കാതെ കോണ്‍ഗ്രസ്. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും കരട് പുറത്തിറങ്ങുകയോ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്താല്‍ അപ്പോള്‍ പരിശോധിച്ച് നിലപാടറിയിക്കാമെന്നാണ് ഇന്ന് സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം പാര്‍ട്ടി വക്താവ് ജയറാം രമേശ് അറിയിച്ചത്.
നേരത്തെ ഹിമാചല്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിക്രമാദിത്യ സിംഗ് സിവില്‍ കോഡിനെ അനുകൂലിച്ചിരുന്നു. എ എ പിയും ശിവസേനയും പിന്തുണച്ചതോടെ പ്രതിപക്ഷ നിരയിലെ ഭിന്നത വ്യക്തമായി.
ഏകസിവില്‍ കോഡിന് അനുകൂല നിലപാടെടുത്താല്‍ മുസ്ലീം മതവിശ്വാസികള്‍ എതിരാകുമോ എന്ന ആശങ്കയാണ് കോണ്‍ഗ്രസിനുളളത്. അതിനെ എതിര്ത്താന് ഹിന്ദു വോട്ടില്‍ വിളളലുണ്ടാകുമോ എന്ന സംശയവും അലട്ടുന്നു. ഈ സാഹചര്യത്തിലാണ് അഴകൊഴമ്പന്‍ സമീപനം തുടരുന്നത്.എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ നിലപാടില്‍ ഘടക കക്ഷിയായ മുസ്ലീം ലീഗിനടക്കം അമര്‍ഷമുണ്ട്.
അതേസമയം മണിപ്പൂരിലെ മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവയ്ക്കണമെന്ന പതിവ് പല്ലവി ഉന്നയിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമിതി മണിപ്പൂര്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യണം. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടി, ഒഡീഷ ട്രെയിന്‍ ദുരന്തം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ച വേണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: