ന്യൂദല്‍ഹി : അമൃതകാലത്തില്‍ രാജ്യത്തെ ഗ്രാമങ്ങളുടെയും കര്‍ഷകരുടെയും സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതില്‍ സഹകരണ മേഖലയുടെ പങ്ക് വലുതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പതിനേഴാമത് ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസ് (ഐസിസി) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സഹകരണ മേഖലയുടെ ശാക്തീകരണത്തിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷകരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കാര്‍ഷികമേഖലയിലെ ഓരോ ഘടകത്തെയും സ്വാശ്രയമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കൃഷിക്കും കര്‍ഷക ക്ഷേമത്തിനുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിവര്‍ഷം ആറുലക്ഷത്തി 50,000 കോടി രൂപ ചെലവഴിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിച്ചിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ കര്‍ഷകര്‍ക്ക് വിവിധ പദ്ധതികളിലൂടെ പ്രതിവര്‍ഷം 50,000 ലഭിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ ക്ഷേമത്തിനായി കൈക്കൊണ്ട വിവിധ സംരംഭങ്ങളെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, കോടിക്കണക്കിന് ചെറുകിട കര്‍ഷകര്‍ക്ക് പിഎം-കിസാന്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. പദ്ധതി പ്രകാരം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ട് ലക്ഷത്തി 50,000 കോടി രൂപ നേരിട്ട് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുപിഎ ഭരണകാലത്ത് അഞ്ച് വര്‍ഷം കൊണ്ട് കാര്‍ഷിക മേഖലയ്ക്കായി ചെലവഴിച്ച 90,000 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പിഎം കിസാന്‍ പദ്ധതിക്കായി സര്‍ക്കാര്‍ മൂന്നിരട്ടി അധികം ചെലവഴിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ബംഗ്ലാദേശ്, പാകിസ്ഥാന്, ചൈന, യുഎസ്എ എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്കുള്ള ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു ചാക്കിന് 270 രൂപയ്ക്കാണ് കര്‍ഷകര്‍ക്ക് യൂറിയ ലഭിക്കുന്നതെന്നും മോദി പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 10 ലക്ഷം കോടി രൂപ വളം സബ്സിഡി ഇനത്തില്‍ സര്‍ക്കാര്‍ ചെലവിട്ടിട്ടുണ്ടെന്നും ഭക്ഷ്യധാന്യങ്ങള്‍ക്ക് മിനിമം താങ്ങുവിലയായി 15 ലക്ഷം കോടി രൂപ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. യൂറിയ സബ്സിഡിക്കായി മൂന്ന് ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി പ്രണാമം പദ്ധതി സംബന്ധിച്ച്, രാജ്യത്ത് ജൈവ, പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും രാസവസ്തു വിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ സഹകരണ മേഖല ഏര്പ്പടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൂക്ഷ്മ ജലസേചനം പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യധാന്യ സംഭരണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനും സാങ്കേതിക വിദ്യയുടെ ഉപയോഗത്തിനും ഡിജിറ്റല്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും സഹകരണ മേഖല പ്രോത്സാഹനം നല്‍കണം.
പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ പ്രത്യേക സഹകരണ മന്ത്രാലയം രൂപീകരിച്ചതായി സഹകരണ മന്ത്രി അമിത് ഷാ
ഈ അവസരത്തില്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ സഹകരണ മേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവന്നതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: