കെ. വിജയന് മേനോന്
ഗുരുവായൂര്‍: ആനക്കഥകളിലെ രാജകുമാരനെന്ന് വിശ്വവിഖ്യാതി നേടിയ ഗുരുവായൂര്‍ കേശവന്റെ ജീവചരിത്രം അഭ്രപാളിയിലാക്കിയ സംവിധായകന് ഭരതന്റെ മനോഹര ചലചിത്രകാവ്യത്തില്, ഗുരുവായൂര്‍ കേശവന്റെ പ്രിയ തോഴിയായി വേഷമിട്ട് ആസ്വാദക ഹൃദയത്തെ ത്രസിപ്പിച്ച നടി ജയഭാരതി ഗുരുവായൂര്‍ ദേവസ്വം ഗസ്റ്റ്ഹൗസ് വളപ്പിലെ കേശവന്റെ പൂര്‍ണകായ പ്രതിമക്കു മുന്നിലെത്തി.
1976 ഡിസംബര്‍ രണ്ടിന് ചരിഞ്ഞ ഗജരാജാവ് ഗുരുവായൂര്‍ കേശവന്റെ ചരിത്രകഥ 1977 ല്‍ സംവിധായകന് ഭരതന് ചലച്ചിത്ര കാവ്യമാക്കിയപ്പോള്‍, ആ സിനിമയില്‍ നന്ദിനിക്കുട്ടിയായി വേഷമിട്ടാണ് ജയഭാരതി പ്രേക്ഷകരെ ഹരംകൊള്ളിച്ചത്. പ്രതിമ സ്ഥാപിക്കുന്നതിനു മുമ്പ്, കേശവന് അന്ത്യവിശ്രമം കൊണ്ട സ്ഥലത്തുവെച്ചു തന്നെയായിരുന്നു, സിനിമയില്‍ കേശവന്റെ അന്ത്യകര്‍മവും ചിത്രീകരിച്ചത്. അരനൂറ്റാണ്ട് മുമ്പ് ചിത്രീകരിച്ച അതേ സ്ഥലത്തുവെച്ചു തന്നെ കേശവ പ്രതിമക്കു മുന്നില്‍ ജയഭാരതി തന്റെ പൂര്‍വ്വകാല ഓര്‍മകളും അയവിറക്കി. ഒരുനിമിഷം വികാരഭരിതയായി. നിറകണ്ണുകളോടെ ഉണ്ടശര്ക്കരയുമായി ചേതനയറ്റ കേശവനരികിലെത്തി കണ്ണൂനീര്‍ പൊഴിച്ച് മൃതശരീരത്തില്‍ ശര്‍ക്കര വെയ്ക്കുന്ന നന്ദിനിക്കുട്ടിയെ അനശ്വരമാക്കിയ ജയഭാരതി, അതും ഓര്‍ത്തെടുത്തു. കഴിഞ്ഞദിവസം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍, മറക്കാനാകാത്ത ആ ഓര്മ സമ്മാനിച്ച കേശവന്റെ പൂര്‍ണകായ പ്രതിമയില്‍ കണ്ണുനട്ട് അല്പനേരം നിന്നു.
കലയും, വ്യവസായവും ഇണക്കിച്ചേത്ത് ഭരതന്റെ സംവിധാന മികവില്‍ പ്രണയവും, വിരഹവും, വേദനയും ചാലിച്ചുചേര്‍ത്ത ഗുരുവായൂര്‍ കേശവനിലെ നന്ദിനിക്കുട്ടി, ഇന്നും പ്രേക്ഷക മനസുകളില്‍ മായാത്ത നിറച്ചാര്‍ത്തോടെയാണ് നിറഞ്ഞുനില്ക്കുന്നത്. പി. ഭാസ്കരന്റെ വരികള്‍ക്ക് ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്കിയ മനോഹര ഗാനങ്ങള്‍, ഇന്നും മലയാളികളുടെ മനസില്‍ മായാതെ നില്ക്കുന്നു. ഗുരുവായൂര്‍ ദേവസ്വം ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തിയ ജയഭാരതിയെ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന്, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കേശവന് ശതാബ്ദിയുടെ സ്മരണക്കായി ദേവസ്വം നടത്തിവരുന്ന ‘കേശവീയം 2023’ പരിപാടിയുടെ ലോഗോ, ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയനും ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് നിലവിളക്കും ജയഭാരതിക്ക് ഉപഹാരമായി സമ്മാനിച്ചു. ക്ഷേത്രത്തില്‍ ദീപാരാധനയും കണ്ടാണ് ജയഭാരതി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: