തിരുവനന്തപുരം : ഇറാനില്‍ തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതം. വിദേശകാര്യ മന്ത്രാലയവും എംബസിയും ഇറാന് അധികൃതരുമായി ബന്ധപ്പെട്ടിരുന്നെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. തൊഴിലാളികളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിടിയിലായ മത്സ്യത്തൊഴിലാളികള്‍ എവിടെയാണ് കസ്റ്റഡിയില്‍ ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രതിനിധികള്‍ ഉടന്‍ തന്നെ അവരുമായി കൂടിക്കാഴ്ച നടത്തും. ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
നയതന്ത്ര സമ്മര്‍ദ്ദം ചെലുത്തി തൊഴിലാളികളെ ഉടന്‍ മോചിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. നരേന്ദ്രമോദിയുടെ ഭരണകാലത്ത് രാജ്യാന്തര തലത്തില്‍ ഇത്തരം വിഷയങ്ങളില്‍ അതിവേഗ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. നൈജീരിയയില്‍ തടവിലാക്കപ്പെട്ട കൊല്ലം സ്വദേശികളെ ഇക്കഴിഞ്ഞ ദിവസം നാട്ടില്‍ തിരികെ എത്തിച്ച സംഭവവും മന്ത്രി ചൂണ്ടിക്കാട്ടി. എത്രയും പെട്ടന്ന് ഇവരെ തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: