ഇംഫാല്‍: സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ ആക്രമണത്തിനായി എത്തിക്കാന്‍ ശ്രമിച്ച ആയുധശേഖരങ്ങള്‍ പിടികൂടി. അസം റൈഫിള്‍സും കൊഹിമ പോലീസും ചേര്‍ന്ന് നാഗാലാന്‍ഡിലെ കൊഹിമ സിറ്റിയില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ആയുധക്കടത്തിനുള്ള ശ്രമം പരാജയപ്പെടുത്തിയത്.
രണ്ട് പിസ്റ്റളുകള്‍, വെടിമരുന്ന്, സ്ഫോടകവസ്തുക്കള്‍, നാല് മാഗസിനുകള്‍, വാഹനം എന്നവ കണ്ടെടുത്തു. ആയുധക്കടത്തിന് അക്രമികള്‍ ശ്രമിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംയുക്ത ഓപ്പറേഷന് ആരംഭിച്ചത്. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ 1100 ആയുധങ്ങളും 13,702 വെടിക്കോപ്പുകളും വിവിധ തരത്തിലുള്ള 250 ബോംബുകളും കണ്ടെടുത്തിട്ടുണ്ടെന്ന് മണിപ്പൂര്‍ പോലീസ് അറിയിച്ചു.
സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരെല്ലാം ജോലിക്ക് ഹാജരാവണമെന്ന് മുഖ്യമന്ത്രി എന്‍ ബീരെന്‍ സിങ് ആവശ്യപ്പെട്ടു. ജോലി ചെയ്യാത്തവര്‍ക്ക് ശമ്പളം തരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കലാപകാരികള്‍ക്ക് മുന്നറിയിപ്പുമായി സൈന്യം
മണിപ്പൂരിലെ കലാപകാരികള്‍ക്ക് മുന്നറിയിപ്പുമായി സൈന്യം. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലും വീഡിയോയിലുമാണ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിവരിച്ച് സൈന്യം മുന്നറിയിപ്പ് നല്‍കിയത്.
മനുഷ്യത്വം കാണിക്കുന്നത് ദൗര്‍ബല്യമായി കാണരുതെന്ന വാക്കുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചേര്‍ത്തതാണ് വീഡിയോ. സ്ത്രീകള്‍ സംഘടിച്ചെത്തി കലാപകാരികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയാണെന്ന് സൈന്യം പറയുന്നു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ എല്ലാ ജനവിഭാഗങ്ങളോടും അഭ്യര്‍ഥിക്കുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: