കാസര്‍ഗോഡ് : വ്യാജരേഖ ഹാജരാക്കി താത്കാലിക അധ്യാപക ജോലി നേടിയ സംഭവത്തില്‍ എസ് എഫ് ഐ മുന്‍ നേതാവ് കെ വിദ്യക്ക് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ഇടക്കാല ജാമ്യം അനുവദിച്ചു. വിദ്യയെ കസ്റ്റഡിയില്‍ വേണമെന്ന് നീലേശ്വരം പൊലീസ് കോടതിയില്‍ ആവശ്യപ്പെടാതിരുന്നതും അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകന് അറിയിച്ചതുമാണ് ജാമ്യം അനുവദിക്കാന്‍ കാരണം.
വ്യാജരേഖാ കേസില്‍ തോളിവ് നശിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 201ാം വകുപ്പ് (തെളിവ് നശിപ്പിക്കല്‍) കൂടി നീലേശ്വരം പൊലീസ് ചുമത്തി. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്.
ഇന്ന് രാവിലെയാണ് വിദ്യ ചോദ്യം ചെയ്യലിനായി നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. നാളെയും മറ്റന്നാളും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കരിന്തളം സര്‍ക്കാര്‍ കോളേജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത ത്. എറണാകുളം മഹാരാജാസ് കോളേജില്‍ താത്കാലിക അധ്യാപികയായി പ്രവര്‍ത്തിച്ചുവെന്ന് വ്യാജരേഖ ചമച്ചതാണ് കേസിന് ആധാരം. അട്ടപ്പാടി കോളേജിലെ സമാന കേസില്‍ അഗളി പൊലീസിന് നല്കിയ അതേ മൊഴി വിദ്യ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.
വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണില്‍ താന്‍ തന്നെയാണെന്നും മറ്റാരും സഹായിച്ചിട്ടില്ലെന്നുമാണ് വിദ്യ പൊലീസിന് നല്കിയ മൊഴി. സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ നശിപ്പിച്ചുവെന്നും വിദ്യ വെളിപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. അതേസമയം കോടതിയില്‍ കുറ്റങ്ങളെല്ലാം വിദ്യ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: