തിരുവനന്തപുരം : വിചാരണ നടക്കുന്ന കേസിലെ കുറ്റപത്രത്തില്‍ വന്ന ഗുരുതര വീഴ്ച ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പ്രോസിക്യൂഷന് ആവശ്യപ്രകാരം കൊലപാതക കേസ് വിചാരണ കോടതി നിര്‍ത്തിവെച്ചു. കേസിലെ നാലാം പ്രതിയെ മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചതില്‍ വന്ന വീഴ്ച ചൂണ്ടികാണിച്ച് പ്രോസിക്യൂഷനാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ആറാം അഡീഷണല്‍ ജില്ലാ സെന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് ഇതുവരെ ഏഴ് സാക്ഷികളെ വിസ്തരിച്ച കേസിന്റെ വിചാരണ നിര്‍ത്തി വെച്ചത്.
കാമുകിക്കായി കാമുകനും കൂട്ടാളികളും സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയെ മാപ്പ് സാക്ഷിയാക്കിയതില്‍ വന്ന സാങ്കേതിക പിഴവ് ചൂണ്ടി കാണിച്ചാണ് അഢീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദീന്‍ വിചാരണ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
2017 സെപ്തംബര്‍ 27 ന് രാത്രി ഒന്‍പത് മണിക്കാണ് നെടുമങ്ങാട് പഴകുറ്റി ഇളവട്ടം കാര്‍ത്തിക വീട് സ്വദേശി മോഹനന് നായര്‍ കൊല്ലപ്പെടുന്നത്. മണക്കാട് കമലേശ്വരം ആര്യങ്കുഴി സ്വദേശി ഇറച്ചി ഷാജി എന്ന ഷാജഹാന്, നെടുമങ്ങാട് ആനാട് ഇളവട്ടം ആശാഭവനില്‍ സീമാ വില്‍ഫ്രഡ്, ബീമാ പളളി മില്‍ക്ക് കോളനി സ്വദേശി മുഹമ്മദ് സുബൈര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സീമാ വില്ഫ്രഡിന് മോഹനന് നായര്‍ നല്കിയ അഞ്ച് ലക്ഷം രൂപ മടക്കി ചോദിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.
അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് കേസിലെ നാലാം പ്രതിയും കമലേശ്വരം കൊഞ്ചിറവിള നൂര്‍ജി മന്‍സില്‍ സ്വദേശിയുമായ സജു കേസിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും തന്നെ മാപ്പ് സാക്ഷിയാക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണ സംഘത്തെ സമീപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ പാലോട് സി. ഐ എസ്. ജയകുമാര്‍ ഇതിനായി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സിജിമോള്‍ കുരുവിളയക്ക് ഹര്‍ജി നല്കി. സി.ജെ.എം പ്രതി സജുവിനെ മാപ്പ് സാക്ഷിയാക്കിയിരുന്നുവെങ്കിലും കുറ്റപത്രം ഫയലിൽ സ്വീകരിച്ച നെടുമങ്ങാട് ഫോറസ്ററ് കേസുകള്‍ വിചാരണ ചെയ്യുന്ന മജിസ്ട്രേറ്റ് എഫ്. മിനിമോള്‍ മാപ്പ്സാക്ഷിയുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയിരുന്നില്ല.
ചട്ട പ്രകാരം പ്രസ്തുത കോടതി മാപ്പ് സാക്ഷിയെ വിസ്തരിച്ച് മൊഴി രേഖപ്പെടുത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വേണം കുറ്റപത്രം വിചാരണ കോടതിയിലേക്ക് അയക്കേണ്ടത് . ഈ നടപടി ക്രമം പാലിക്കപ്പെട്ടിരുന്നില്ല. ഇക്കാര്യം തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായി എത്തിയ എം. സുരേഷ് കുമാറും ശ്രദ്ധിച്ചിരുന്നില്ല. സുരേഷ് കുമാര്‍ അപൂര്‍ണ്ണമായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കേസിലെ നിര്‍ണ്ണായക സാക്ഷിയായ മാപ്പ് സാക്ഷിയെ വിസ്തരിക്കാന്‍ തുടങ്ങുമ്പോഴാണ് നടപടിക്രമങ്ങളിലെ സാങ്കേതിക പിഴവ് പ്രോസിക്യൂഷന്റെ ശ്രദ്ധയില്‍ പെട്ടത്. നിലവിലെ കുറ്റപത്രവുമായി വിചാരണ പൂര്‍ത്തിയായാല്‍ പ്രതികള്‍ നിയമത്തില്‍ നിന്ന് രക്ഷപ്പെടുമെന്ന് ചൂണ്ടി കാണിച്ചാണ് പ്രോസിക്യൂട്ടര്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുളളത്. മാപ്പ് സാക്ഷിയായി പ്രഖ്യാപിക്കുന്നതിലെ സാങ്കേതിക പിഴവ് തിരുത്താന്‍ വിചാരണ കോടതിക്ക് അധികാരമില്ല. ഹൈക്കോടതിയെ ഇക്കാര്യം ധരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ജനറലിനും കത്ത് നല്കി. ഹൈക്കോടതി സാങ്കേതിക പിഴവ് തിരുത്താന്‍ കീഴ് കോടതിക്ക് നിര്‍ദ്ദേശം നല്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമാകും വിചാരണ പുനരാരംഭിയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: