കണ്ണൂര്‍: പച്ചതേങ്ങ സംഭരണത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ നാളികേര കര്‍ഷകര്‍ക്ക് ഇരുട്ടടിയാവുന്നു. തേങ്ങ വിലയിടിവിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണ കേന്ദ്രത്തില്‍ തേങ്ങവില്പന നടത്താന്‍ കര്‍ഷകര്‍ക്ക് ഒട്ടേറെ തടസങ്ങള്‍ കടക്കേണ്ടതുണ്ട്. പൊതുവിപണിയില്‍ കിലോവിന് 21 രൂപയാണ് വില എന്നാല്‍ സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളില്‍ 32 രൂപ വിലക്കാണ് തേങ്ങ സംഭരിക്കുന്നത്. കൂടാളി, ചാവശ്ശേരി, മാലൂര്‍, പേരാവൂര്‍ വിഎഫ്സികെകളിലും മുഴപ്പിലങ്ങാട് സഹകരണ ബേങ്ക്, ആലക്കോട് കോക്കനട്ട് മാര്‍ക്കറ്റിങ്ങ് സോസൈറ്റി എന്നിവിടങ്ങളിലാണ് ജില്ലയില്‍ 32 രൂപയ്ക്ക് പച്ച തേങ്ങ സംഭരിക്കുന്നത്. ഇവിടങ്ങളിലൊന്നും വില്പന റൊക്കം ലഭിക്കില്ല ആഴ്ചകളോ മാസങ്ങളോകഴിഞ്ഞാലെ പണം കയ്യില്‍ കിട്ടുകയുള്ളു.
കൃഷി ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഉണക്കിയതും കേടുവന്നതുമായ തേങ്ങ ഒഴിവാക്കിയാലും 100 കിലോവില് 3 കിലോ കിഴിവ് വരുത്തിയാണ് സംഭരിക്കുന്നത്. പണം റൊക്കം ലഭിക്കുകയുമില്ല. മൂന്ന് കിലോ കുറവു വരുന്നതും കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണുണ്ടാക്കുന്നത്. കൃഷി ഓഫിസറുടെ സര്‍ട്ടിഫിക്കേറ്റിന് ഒട്ടേറെ കടമ്പകള്‍ കടക്കണം. ഒരേക്ര ഭൂമിയുള്ള കര്‍ഷകര്‍ പ്രതിവര്‍ഷം 4900 തേങ്ങ 5 തവണകളായി സംഭരണ കേന്ദ്രത്തില്‍ നല്‍കാം. ബാക്കിവരുന്ന തേങ്ങ പൊതുമാര്‍ക്കറ്റില്‍ നല്‍കേണ്ടിവരും. ഒരേക്ര സ്ഥലത്ത് 70ല്‍ അധികം തെങ്ങുകളുണ്ടെങ്കില്‍ അത് കൃഷി ഓഫിസര്‍ അംഗികരിക്കില്ല.
പൊതുവിപണിയിലാകട്ടെ തേങ്ങയുടെ വില നിത്യേനയെന്നോണം കുത്തനെ ഇടിയുകയാണ്. വള വില വര്‍ദ്ധനവ് കൂലിചിലവ് എന്നിവ വര്‍ദ്ധിക്കുന്നതോടെ തേങ്ങയുടെ വിളവെടുക്കാന്‍ പോലും കര്‍ഷകര്‍ക്ക് സാധിക്കാത്ത സ്ഥിതിയിലാണിപ്പോള്‍. തെങ്ങില്‍ കയറാന്‍ തൊഴിലാളികളെ കിട്ടാനില്ല. ഈ പ്രതിസന്ധിഘട്ടത്തില്‍ വിലകൂടി ഇടിഞ്ഞത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. കൃഷിവകുപ്പ് നാളികേര കര്‍ഷകര്‍ക്ക് ഒട്ടേറെ ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതും ആശ്വാസകരമല്ലാത്ത സ്ഥിതിയാണ്.
കര്‍ണ്ണാടക, തമിഴ്നാട് പോലുള്ള അന്യസംസ്ഥാന ലോബികളുടെ പിടിയില്‍ നാളികേര വിപണിയെത്തിയതോടെ വെളിച്ചെണ്ണ വിലയിലും കുറവില്ല. മാര്‍ക്കറ്റ് വിലയില്‍ 10 രൂപയോളം കൂടുതല്‍ ലഭിക്കുമെങ്കിലും. റൊക്കംവില കൈയ്യില്‍ കിട്ടാത്തതും കര്‍ശന വ്യവസ്ഥകള്‍ ഉള്ളതും മൂലം കര്‍ഷകര്‍ ഇത്തരം സംഭരണ കേന്ദ്രങ്ങളില്‍ തേങ്ങ വില്പന നടത്തുന്നില്ല. 6 മാസത്തിനുള്ളില്‍ വിവിധ സംഭരണ കേന്ദ്രങ്ങളിലായി ശരാശരി 60 മെട്രിക്ക് ടണ്‍ തേങ്ങ മാത്രമേ വില്പനക്കായി എത്തിയിട്ടുള്ളു. സംഭരണ കേന്ദ്രങ്ങളിലെ വ്യവസ്ഥകള്‍ ലഘൂകരിക്കുയും പണം റൊക്കമായി നല്‍കുകയും ചെയ്ത് നാളികേര കര്‍ഷര്‍ക്ക് ആശ്വാസകരമായ രീതിയില്‍ തേങ്ങ സംഭരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: