കൊച്ചി: സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളിലൊന്നു കൂടി ഇനി മലയാളിയുടെ പേരില്‍. പാലക്കാട്ടുകാരന് അശ്വിന് ശേഖറിന്റെ പേരാണ് ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഉല്ക്കാശാസ്ത്രജ്ഞനായി അശ്വിനെ പരിചയപ്പെടുത്തിയാണ് അന്താരാഷ്ട്ര അസ്ട്രോണമിക്കല്‍ യൂണിയന് (ഐഎയു) ഛിന്നഗ്രഹത്തിന് അദ്ദേഹത്തിന്റെ പേരു നല്‍കിയത്. ബുധനാഴ്ച അമേരിക്കയിലെ അരിസോണയില്‍ സംഘടിപ്പിച്ച ആസ്റ്ററോയ്ഡ് കോമറ്റ്സ് മെറ്റേഴ്സ് കോണ്‍ഫറന്‍സിലാണ് ഛിന്നഗ്രഹത്തിന്റെ നാമകരണം പ്രഖ്യാപിച്ചത്.
പാലക്കാട് ചെര്‍പ്പുളശേരിക്കടുത്ത് നെല്ലായക്കാരനാണ് അശ്വിന്. ബഹ്റൈനില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ചുമതലക്കാരായ ശേഖര്‍ സേതുമാധവനും അനിത ശേഖറുമാണ് അച്ഛനമ്മമാര്‍. 2000 ജൂണില്‍ കണ്ടെത്തിയ നാലര കിലോമീറ്റര്‍ വ്യാസമുള്ള 2000എല്‍ജെ27 എന്ന ഛിന്നഗ്രഹത്തിനാ
ണ് (മൈനര്‍ പ്ലാനറ്റ്) അശ്വിന്റെ പേര് നല്‍കിയത്. (33928) അശ്വിന് ശേഖര്‍ എന്നാണ് ഛിന്നഗ്രഹത്തിന്റെ പേര്. ചൊവ്വ, വ്യാഴം ഗ്രഹങ്ങള്‍ക്കിടയിലുള്ള ഛിന്നഗ്രഹങ്ങളുടെ ബെല്‍റ്റിലാണ് ഇതിന്റെ സ്ഥാനം. ഒരു തവണ സൂര്യനെ വലം വയ്ക്കാന്‍ 4.19 വര്‍ഷം വേണം.
നേരത്തെ മലയാളിയായ വൈനു ബാപ്പുവിന്റെ പേരും ഒരു ഛിന്നഗ്രഹത്തിന് നല്‍കിയിരുന്നു. തലശ്ശേരി സ്വദേശിയാണ് അദ്ദേഹം. കൂടാതെ ഇന്ത്യയില്‍ നിന്ന് ശ്രീനിവാസ രാമാനുജന്, സി.വി. രാമന്, സുബ്രഹ്മണ്യ ചന്ദ്രശേഖര്‍, വിക്രം സാരാഭായ് എന്നീ ശാസ്ത്രജ്ഞരുടെ പേരുകളും ഛിന്നഗ്രഹങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഉല്‍ക്കാ പഠനരംഗത്തെ സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് ഈ അംഗീകാരം അശ്വിന് നല്‍കുന്നതെന്ന് അസ്ട്രോണമിക്കല്‍ യൂണിയന് വിശദീകരിച്ചു. പാരിസ് ഒബ്സര്‍വേറ്ററിയിലെ സെലസ്റ്റിയല്‍ മെക്കാനിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഉല്‍ക്കാപഠന സംഘത്തിലെ അംഗമാണ് അശ്വിന്. ലണ്ടന്‍ റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയില്‍ തെരഞ്ഞെടുത്ത ഫെലോയും അസ്ട്രോണമിക്കല്‍ യൂണിയനില്‍ വോട്ടവകാശമുള്ള അംഗവുമാണ് അശ്വിന്.
കൂടാതെ അമേരിക്കന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി, ഇന്ത്യന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി എന്നിവയിലും അംഗമാണ്. അമേരിക്കന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി, മേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്സ് എന്നിവ സംയുക്തമായി നല്കുന്ന ദാന്നി ഹൈനമാന്‍ പ്രൈസ് നിശ്ചയിക്കുന്ന ആറംഗ ജൂറിയിലും അശ്വിന് അംഗമാണ്.
2014ല്‍ ബ്രിട്ടനിലെ ബെല്‍ഫാസ്റ്റില്‍ ക്വീന്‍സ് സര്‍വകലാശാലയില്‍ നിന്ന് ഫിസിക്സില്‍ പിഎച്ച്ഡി നേടിയ അശ്വിന് 2018ല്‍ നോര്‍വേ ഓസ്ലോ സര്‍വകലാശാലയില്‍ നിന്ന് സെലസ്റ്റിയല്‍ മെക്കാനിക്സില്‍ പോസ്റ്റ് ഡോക്ടറല്‍ പഠനം പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: