ഡോ. മുരളീധരന് നായര്‍
സനാതനമെന്താണെന്നും, അതില്‍ തന്നില്‍ നിന്നന്യമായൊരു ഭഗവദ്സങ്കല്പവും ഇല്ലെന്നും മുമ്പ പറഞ്ഞുകഴിഞ്ഞു. എന്നാല്‍ അതിന്റെ കര്മ്മഭാഗമായ വൈദിക പ്രമാണങ്ങള്‍ തീര്‍ത്തും പ്രസ്ഥാനത്തിലധിഷ്ഠിതമാണ്. മനുഷ്യന്റെ ജനനം മുതല്‍ മരണം വരെ പാലിക്കേണ്ടതും നിവര്ത്തിക്കേണ്ടതുമായ ഉല്കൃഷ്ടതത്ത്വങ്ങളടങ്ങിയ പ്രമാണങ്ങള്‍ തന്നെയാണത്.
അവ ഋക്, യജുര്‍, സാമ, അഥര്‍വവേദ നിബദ്ധമായ പല യന്ത്ര, മന്ത്ര, തന്ത്ര വിധികളോടുള്ള, ദൈ്വത ഭാവേനയുള്ള ഭഗവദ്സങ്കല്പങ്ങളും ആചാരാനുഷ്ഠാനങ്ങളും ഷഡാധാരപ്രതിഷ്ഠകളോടുള്ള ക്ഷേത്രങ്ങളും പൂജാ, ഉപാസനാ വിധികളും നിഷ്കര്‍ഷിക്കുന്നു. അതുപോലെ യജ്ഞങ്ങളും, യാഗങ്ങളും ഹോമങ്ങളും.
പ്രകൃതിയുടെയും കാലാവസ്ഥയുടെയും സന്തുലിതാവസ്ഥക്കും ജീവരാശികളുടെ സര്‍വദാ മനുഷ്യകുലത്തിന്റെ അഭിവൃദ്ധിക്കും, ആയുര്‍, ആരോഗ്യ, സൗഭാഗ്യത്തിനും ഉള്ളവയാണാധികവും. അതിനായി ജല, ദീപ, ധൂപ, പുഷ്പ, നൈവേദ്യങ്ങളിലൂടെ ക്ഷേത്രങ്ങളിലും കാവുകളിലും ഗൃഹങ്ങളില്‍ പോലും അവ അനുഷ്ഠിക്കുന്നു. ഇതില്‍ ദൈവം നമ്മില്‍ നിന്ന്യമായ ഒരു സങ്കല്പവുമാണ്.
ആരാധനയില്‍ ആ സങ്കല്പമാണ് യുക്തവും.മനുഷ്യന് മനുഷ്യനില്‍ കൂടിയ, കേമമായൊരു മൂര്‍ത്ത സങ്കല്പം സാധ്യമല്ലാത്തതിനാല്‍ ആ മൂര്ത്തീഭാവങ്ങള്ക്കൊക്കെയും ഉദാത്ത മായ വിശേഷണഗുണങ്ങള്‍ കല്പിച്ചു കൊടുക്കുന്നു. കര്‍മ്മങ്ങള്‍ക്കു യോഗ്യമായ വിധത്തിലുള്ള സ്വരൂപസങ്കല്പം. കൂടുതല്‍ കൈകാലുകളും, തലയും മറ്റും നല്കി സൃഷ്ടിക്കുന്ന പലതരം ദൈവ സ്വരൂപങ്ങള്‍.
സ്വാമി വിവേകാനന്ദന് ഒരിക്കല്‍ പറയുകയുണ്ടായി“Man created God in his Form’. അത് ഏതാണ്ടൊക്കെ ശരിയുമാണ്. കാരണം മനുഷ്യനില്ലെങ്കില്‍ അതുപോലുള്ള ദൈവസൃഷ്ടികളും, അവയുടെ ആരാധനകളും ഉണ്ടാവില്ലല്ലോ?
അവയൊക്കെയും മനുഷ്യര്‍ മനുഷ്യന്റെ നന്മയ്ക്കും പ്രകൃതിയുടെ സന്തുലിതാവസ്ഥക്കും സ്വരൂപിച്ചാരാധിക്കുന്നവയാണ്!
പക്ഷെ അവയൊന്നും കേവലം സ്വരൂപങ്ങള്‍ മാത്രമല്ല സനാതന ഹിന്ദു വിശ്വാസത്തില്‍. അവ തീര്‍ത്തും ശാസ്ത്രീയ യന്ത്ര, മന്ത്ര, തന്ത്ര, വിധിയിലൂടെ വാസ്തു, ജ്യോതിഷ നിബദ്ധമായി നിര്‍മ്മിച്ച ഷഡാധാര പ്രതിഷ്ഠകളാണ്. അല്ലാതെ കേവലം കരിങ്കല്ലു കൊണ്ടോ പ്ലാസ്റ്റര്‍ ഓഫ് പാരിസിലോ വെറുതെ ഉണ്ടാക്കി ആരാധിക്കുന്നവയല്ല തന്നെ. തീര്‍ത്തും ജീവപ്രതിഷ്ഠ ചെയ്ത ഭഗവദ്സ്വരൂപങ്ങളാണവ. അവയില്‍ മനസര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്ന ആയിരക്കണക്കിണു ഭക്തരുടെ ഏകാഗ്രതയാല്‍ ആ വിഗ്രഹങ്ങളില്‍ ശക്തമായ ഓറ സ്വരൂപിക്കപ്പെടുന്നു. അത് ശക്തി ആര്‍ജിക്കുന്നു. ഇക്കാര്യത്തില്‍ ഒരു സംശയത്തിനും ഇടയില്ല.
സനാതന ഹിന്ദുദേവതാ സങ്കല്പങ്ങള് തീര്‍ത്തും പ്രതീകാത്മകമാണ്. ഉദാ: സരസ്വതിയെ തന്നെ നോക്കാം. വിദ്യാസ്വരൂപിണിയായ ആ രൂപം തീര്‍ത്തും അതിനു യുക്തമാകുംവിധമാണ് സങ്കല്പിച്ചിരിക്കുന്നത്. വിദ്യയെന്നത് ശുഭ, ശുഭ്ര, സുന്ദരവും നിരഹംകാരവും ആകണമല്ലോ?
‘യാ കുന്ദേന്തു തുഷാര
ഹാരധവളാ
യാ ശുഭ്ര വസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ,
യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മളച്യുത ശങ്കര പ്രഭൃതിഭിര്
ദേവൈ സദാ വന്ദിതാ
സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷ ജാഡ്യാപഹാ’
ഇങ്ങനെയാണ് വിദ്യാധിപതിയായ സരസ്വതിയുടെ വര്‍ണന. ഇതില്‍ കൂടുതല്‍ മറ്റൊരു വര്‍ണന അതിനു അസാധ്യവുമാണ്. വിദ്യ നശിക്കാതെ അവിടെത്തന്നെ എന്നും നില്ക്കുന്നു. അതാണ് പദ്മാസനത്തില്‍ ഇരുത്തിയത്. അതുപോലെ ധനത്തിന്റെ അധിദേവതയായായ ലക്ഷ്മീദേവിയെ ചുവന്ന വസ്ത്രവും മാണിക്യവീണയുമായി ചെന്താമരയില്‍ നിര്‍ത്തിയാണ് സങ്കല്പം. കാരണം ധനം ദുര്‍വിനിയോഗം ചെയ്താല്‍ ഉടനെ അത് ഇറങ്ങി പോകുംവിധം.
ജീവിതത്തിന്റെ അധിദേവനായ നാരായണനെ ജലത്തില്‍ അനന്തനാഗ തല്പത്തില് കിടത്തി തലയില്‍ ലക്ഷ്മീദേവി എന്ന ധനവും കാലില്‍ ഭൂമി ദേവിയയേും നല്‍കിയത് ഏറെ പ്രതീകാത്മകമാണ്. ധനം തലയില്‍ വെച്ച് ചെലവഴിച്ചു ഭൂമിയില്‍ ചവിട്ടി അതില്‍ വിളവെടുത്ത് നമ്മള് മനുഷ്യര്‍ ജീവിക്കയല്ലേ?
ഇനി ഗണപതിയെന്ന വിഘ്നേശ്വര സ്വരൂപം നോക്കാം. വലിയ തലയും ശരീരവുമുള്ള ഗണപതിക്കു വാഹനമായി സങ്കല്‍പ്പിക്കുന്നത് കേവലം ചെറിയൊരു മൂഷികനെ അഥവാ എലിയെ ആണെന്നതു വളരെ അര്‍ത്ഥവത്തായ പ്രതീകമാണ്. കാരണം മനുഷ്യനെന്ന വിവേകശാലിക്ക്, തല ചിന്തിക്കാനുള്ളതും വാഹനം ആഗ്രഹനിവര്‍ത്തിക്കുള്ള യാത്രയ്ക്കുമുള്ളതാണല്ലോ?
യാത്രയ്ക്ക് പറ്റാത്തത്ര ചെറിയൊരു വാഹനം കൊണ്ട് കാര്യമില്ല. അപ്പോള്‍ ആഗ്രഹനിവര്‍ത്തിക്കുള്ള യാത്രകള്‍ ഒഴിവാക്കാതെ പറ്റില്ല. വലിയ ചിന്തയും ആഗ്രഹനിഗ്രഹവുമാണ് ആ വിഘ്നേശ്വര പ്രതീകം.
ഇനി പറയാനുള്ളത് സാക്ഷാല്‍ ശിവപ്രതീകമായ ശിവലിംഗത്തെ കുറിച്ചാണ്. ശിവന് എന്നത് പ്രപഞ്ചാതീത, രൂപരഹിത നിത്യ, സത്യ മാണെന്ന് പറഞ്ഞു കഴിഞ്ഞല്ലോ? അപ്പോള്‍ അതിനും യുക്തമായ ഒരു സ്വരൂപപ്രതീകം ശിവലിംഗം തന്നെ. ലിംഗം എന്ന സംസ്കൃത വാക്കിന് പ്രതീകം എന്നൊരര്‍ത്ഥവും കാണാം. അതിന്റെ പൂര്‍ണതയിലാണ് ശിവലിംഗസ്വരൂപം. പക്ഷെ അത് ഒരുപാട് ഉയരത്തില്‍ ഒരു ദണ്ഡുപോലെ യാതൊരു തത്വദീക്ഷയുമില്ലാതെ നിര്‍മ്മിച്ചു ആരാധിക്കുന്നതും നിര്‍ഭാഗ്യവാശാല്‍ പലേടത്തും കാണാം.
നമഃ ശിവായ എന്ന പഞ്ചാക്ഷരിയെ വികലമാക്കി, ഷഡാക്ഷരിയാക്കി ജപിക്കുന്നവര്‍ക്ക് എന്തായിക്കൂടാ? ബ്രഹ്മാണ്ഡത്തിനും ഒരു സ്വരൂപമുണ്ട്. അണ്ഡസ്വരൂപമാണ്. അരൂപ ജലം മുകളിലേക്കു ഒഴിച്ചാല്‍ അതും അണ്ഡാകൃതിലേ ഭൂമിയില്‍ വീഴൂ. അത് ഭൂമിയുടെ ഗുരു ത്വാകര്‍ഷണം കൊണ്ടാണല്ലോ?
ഈ ബ്രഹ്മാണ്ഡം ശിവബോധത്തി (Cosmic Awareness)ലൂടെ ശക്തിയുടെ (Cosmic Energy) വിക്ഷേപണത്താല്‍ സൃഷ്ടിക്കപ്പെട്ടതാണല്ലോ? അപ്പോള്‍ അതിന്റെ രൂപത്തിലും ആ സ്വാധീനം കാണും. ശിവലിംഗത്തിനും അതേ രൂപമാണ്! 3ഃ 2 എന്ന അനുപാതത്തില്‍ ആണത്! ശിവലിംഗത്തിനും അതേ അനുപാത സ്വരൂപം തന്നെ. 3 അടി ഉയരവും 2 അടി വീതിയും എന്ന തോതില്‍ അതിന്റെ വീതികുറഞ്ഞ കീഴ്ഭാഗം യോനീപീഠത്തില് മൂന്നില്‍ ഒരു ഭാഗം ഇറക്കി ബാക്കി മൂന്നില്‍ രണ്ടു ഭാഗം ഉയര്ത്തിനിര്ത്തയാണതിന്റെ സ്വരൂപം യഥാവിധി നിര്‍മിക്കേണ്ടത്. അല്ലാതെ നീളന്‍ ദണ്ഡാകൃതിയിലേ അല്ല. ശിവലിംഗം പ്രകൃതി പുരുഷ സംഗമ പ്രതീകം കൂടിയാണ്. പ്രപഞ്ചോല്‍പ്പത്തിയുടെ പ്രതീകം! ശിവോഹം, നമഃ ശിവായ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: