ബെംഗളൂരു: പതിനാലാമത് സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ആതിഥേയരായ ഇന്ത്യയടക്കം എട്ട് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യക്കൊപ്പം കുവൈറ്റ്, നേപ്പാള്‍, പാക്കിസ്ഥാന് എന്നീ ടീമുകളും ഗ്രൂപ്പ് ബിയില്‍ ലെബനന്, മാല്‍ദ്വീപ്, ഭൂട്ടാന്, ബംഗ്ലാദേശ് ടീമുകളും കളിക്കും.
ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് വൈകീട്ട് 3.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കുവൈറ്റ് നേപ്പാളിനെ നേരിടും. രാത്രി 7.30ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടം അരങ്ങേറും.ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് ഈ പോരാട്ടം. ഈ മത്സരത്തില്‍ ജയിച്ച് മികച്ച തുടക്കം കുറിക്കാമെന്ന വിശ്വാസത്തിലാണ് ടീം ഇന്ത്യ.
സുനില്‍ ഛേത്രി നയിക്കുന്ന ടീമില്‍ സഹല്‍ അബ്ദുള്‍ സമദ്, ആഷിഖ് കുരുണിയന് എന്നീ മലയാളി താരങ്ങളുമുണ്ട്. ഗോള്‍വലയ്ക്ക് മുന്നില്‍ ഗുര്‍പ്രീത് സിങ് സന്ധു ഇറങ്ങുമ്പോള്‍ പ്രതിരോധം കാക്കാന്‍ സന്ദേശ് ജിങ്കന്, രാഹുല്‍ ബെക്കെ, പ്രിതം കോട്ടാല്‍, അന്‍വര്‍ അലി എന്നിവര്‍ ഇറങ്ങാനാണ് സാധ്യത. മധ്യനിരയില്‍ സഹല്‍, ആഷിഖ് കുരുണിയന്, ജീക്സണ് സിങ് തുടങ്ങിയവര്‍ എത്തുമ്പോള്‍ സ്ട്രൈക്കര്‍മാരായി സൂപ്പര്‍താരം ഛേത്രിക്കൊപ്പം ലാലിയന്‍സുല ചാങ്തെ ഇറങ്ങുമെന്നാണ് കരുതുന്നത്.
ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയത് ഇന്ത്യയാണ്. എട്ട് തവണ. 1993, 1997, 1999, 2005, 2009, 2011, 2015, 2021 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. നാല് തവണ ഇന്ത്യ റണ്ണേഴസപ്പുമായി. നിലവിലെ ചാമ്പ്യന്മാരും ഇന്ത്യയാണ്. മാല്ദ്വീവ്സ് 2008, 2018 ചാമ്പ്യന്‍ഷിപ്പുകളില്‍ ചാമ്പ്യന്മാരായി. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, ശ്രീലങ്ക ടീമുകള്‍ ഓരോ തവണയും കിരീടമുയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: