ജി.കെ.സുരേഷ് ബാബു
ഈ ആഴ്ച അടിയന്തിരാവസ്ഥയുടെ 48-ാം വാര്‍ഷികമാണ്. അന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി. രാജന് ഒരു ലഘുലേഖ തയ്യാറാക്കി. ‘ഇന്ദിരയുടെ അടിയന്തിരം’ എന്നായിരുന്നു അതിന്റെ പേര്. കേരളത്തിലെ എംഎല്‍എമാര്‍ക്കും മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനും ആഭ്യന്തരമന്ത്രി കെ. കരുണാകരനും അത് അയച്ചുകൊടുത്തു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ കെ. കരുണാകരന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, ‘ത് മൈന്‍ഡ് ചെയ്യണ്ട, പഴയ ദീനബന്ധു പത്രാധിപരുടെ മകനാണ്, കോണ്‍ഗ്രസ് നേതാവായിരുന്നു’ ന്നൊക്കെ പറഞ്ഞ് തള്ളിക്കളഞ്ഞു. പക്ഷേ, പി.രാജന് അടങ്ങിയിരുന്നില്ല. അദ്ദേഹം അത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് ഇന്ദിരാഗാന്ധിക്കും എംപിമാര്‍ക്കും അയച്ചുകൊടുത്തു. അന്നുതന്നെ മിസ (മെയ്ന്റനന്‍സ് ഓഫ് ഇന്റേര്‍ണല്‍ സെക്യൂരിറ്റി ആക്ട്) അനുസരിച്ച് പി. രാജനെ അറസ്റ്റ് ചെയ്തു. അന്ന് മാതൃഭൂമിയുടെ മാനേജ്മെന്റില്‍ വിവേകമുള്ള വി.എം. നായരായിരുന്നു. ജയില്‍മോചിതനാകുന്നതു വരെ ശമ്പളം വീട്ടിലെത്തിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശവും നല്കി.
പി.രാജനെ കൂടാതെ പി. നാരായണന് (ജന്മഭൂമി പത്രാധിപര്‍), എം. രാജശേഖര പണിക്കര്‍ (ഇന്ത്യന്‍ എക്സ്പ്രസ്), വി.എം. കൊറാത്ത് (മാതൃഭൂമി) തുടങ്ങി വിരലിലെണ്ണാവുന്ന മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് അടിയന്തിരാവസ്ഥാ വിരുദ്ധ പോരാട്ടത്തില്‍ അന്ന് അറസ്റ്റിലായത്. എല്ലാ ജനാധിപത്യ മൂല്യങ്ങളെയും കടപുഴക്കി അധികാരത്തിന്റെ മദാന്ധത ബാധിച്ച, അധികാരക്കൊതി പൂണ്ട, ഒരു കിരാത രക്തരക്ഷസന്റെ മോഹങ്ങള്‍ക്കും ദാഹങ്ങള്‍ക്കും മുന്നില്‍, സഹസ്രാബ്ദങ്ങള്‍ നീണ്ട സ്വാതന്ത്ര്യത്തിന്റെയും ആര്‍ജ്ജവത്തിന്റെയും ബൗദ്ധിക മൂല്യത്തിന്റെയും നെടുംകോട്ട അടിയന്തിരാവസ്ഥയിലൂടെ തകര്‍ന്നടിഞ്ഞു. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി. സെന്‍സര്‍ഷിപ്പിലൂടെ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളും സ്വതന്ത്ര വാര്‍ത്തകളും വരുന്നതിന്റെ വഴിയടച്ചു. അതൊക്കെ ഭാരതത്തിന് പുതിയ അനുഭവങ്ങളായിരുന്നു.
അന്ന് കേരളാ പോലീസ് പിടികൂടി കൈവിരല്‍ തല്ലിയൊടിച്ചു എന്ന് പരാതിപ്പെട്ട പിണറായി വിജയനാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി. അടിയന്തിരാവസ്ഥയുടെ 48-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ദിരയുടെ അടിയന്തിരത്തിന് പകരം കേരളത്തില്‍ പിണറായിയുടെ അടിയന്തിരം നടക്കുകയാണ്. ഇന്ദിരാഗാന്ധി അന്ന് ചെയ്ത അതേ കാര്യങ്ങള്‍ ഇന്ന് പിണറായി കേരളത്തില്‍ ചെയ്യുന്നു. കെ. കരുണാകരന് നേതൃത്വം നല്കിയ ആഭ്യന്തരവകുപ്പ് അടിയന്തിരാവസ്ഥയില്‍ നടത്തിയ അതിക്രമങ്ങള്‍ മൃഗീയമായിരുന്നു. പക്ഷേ, അതിന് കൂട്ടുനിന്നത് സി. അച്യുതമേനോനായിരുന്നു. ഇന്ത്യയൊട്ടാകെ 1,74,000 പേരാണ് അറസ്റ്റിലായത്. കേരളത്തില്‍ 7134 പേരും. അറസ്റ്റ് നടപടി കോടതിയില്‍ പോലും ചോദ്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. വരുതിക്ക് നില്‍ക്കാത്ത ജഡ്ജിമാരെ മറികടന്ന് ഇഷ്ടക്കാരെ ചീഫ്ജസ്റ്റിസുമാരാക്കി. ജുഡിഷ്യറിയെ പൂര്‍ണ്ണമായും കൈപ്പിടിയില്‍ ഒതുക്കുന്ന സാഹചര്യമാണ് ഉണ്ടായത്.
ഇന്ന് കേരളം കടന്നു പോകുന്നത് അന്നത്തെ അതേ അടിയന്തിരാവസ്ഥയിലൂടെയാണ്. കേരളത്തില്‍ സിപിഎം ആണെങ്കില്‍ എന്തും ചെയ്യാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. സര്‍വ്വകലാശാലകള്‍ അരാജകത്വത്തിന്റെ ശാലകളായി മാറി. അക്കാദമിക് യോഗ്യതയുള്ള മുഴുവന്‍ പേരെയും പിന്തള്ളി നേതാക്കന്മാരുടെ ഭാര്യമാരും കുടുംബാംഗങ്ങളും മാര്‍ക്കും യോഗ്യതയുമില്ലാതെ കടന്നുകയറുന്നു. ഇത് ചോദ്യം ചെയ്ത ചാന്‍സലറായ ഗവര്‍ണ്ണറുടെ അധികാരം എടുത്തുകളഞ്ഞ് ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരികയായിരുന്നു. ഗവര്‍ണ്ണര്‍ ഒപ്പിടാത്തതുകൊണ്ട് ഇനിയും നിയമമായില്ല. ഇതുതന്നെയല്ലേ അടിയന്തിരാവസ്ഥയില്‍ മഹാറാണി ചെയ്തത്.
കഴിഞ്ഞില്ല, പരീക്ഷ എഴുതാത്തവര്‍ ജയിച്ചു എന്നുമാത്രമല്ല, പിഎസ്സി പരീക്ഷയുടെ ഉത്തരക്കടലാസ് വരെ എസ്എഫ്ഐ നേതാക്കളുടെ വീടുകളില്‍ നിന്ന് കണ്ടെത്തി. സംസ്ഥാന മന്ത്രിസഭയിലെ ഒരു ഗുണ്ടാ മന്ത്രിയുടെ അനുയായിയും അനുചരനുമാണ് പിഎസ്സി പരീക്ഷാ തട്ടിപ്പ് നടത്തി റാങ്കില്‍ ഒന്നാമതെത്തിയ എസ്എഫ്ഐ ഗുണ്ടാ നേതാവ്. പക്ഷേ, അന്വേഷണം എവിടെയെത്തി? പ്രഹസനമായിരുന്നു. പിഎസ്സിയിലെയും യൂണിവേഴ്സിറ്റി കോളജിലെയും തട്ടിപ്പുകള്‍ ഇനിയും പുറത്തുവന്നിട്ടുണ്ടോ? ഒരു കലാലയത്തിന്റെ, സരസ്വതീക്ഷേത്രത്തിന്റെ പരിപാവനതയോടെയാണോ യൂണിവേഴ്സിറ്റി കോളജും സംസ്കൃതകോളജും മഹാരാജാസും പാലക്കാട് വിക്ടോറിയയും ഒക്കെ പ്രവര്‍ത്തിക്കുന്നത്? ഒരിക്കലുമല്ല. എറണാകുളം മഹാരാജാസില്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് പരീക്ഷയെഴുതാതെ വിജയിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നു. എന്ത് ഗൂഢാലോചനയാണ് അഖില നടത്തിയത്? പണ്ട് കോളജില്‍ പഠിക്കുമ്പോള്‍ അവര്‍ കെഎസ്യു ആയിരുന്നു എന്നാണ് ആരോപണം. അങ്ങനെയെങ്കില്‍ നിരോധിത ഭീകരസംഘടനയായ സിമി നേതാവ് കെ.ടി.ജലീലിനെ എങ്ങനെ മന്ത്രിയാക്കാനും എംഎല്‍എ ആക്കാനും കഴിയും? ജലീലിനെ പുറത്താക്കുമോ?
കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സിലെ അഴിമതി ചൂണ്ടിക്കാട്ടി വാര്‍ത്ത കൊടുത്ത മനോരമ റിപ്പോര്‍ട്ടര്‍ ജയചന്ദ്രന് ഇലങ്കത്തിനെതിരെയും പോലീസ് സമന്‍സ് അയച്ചിരിക്കുന്നു. നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനും കുന്നത്തുനാട് എംഎല്‍എ ശ്രീനിജനും എതിരെ വാര്‍ത്ത ചെയ്തതിന്റെ പേരില്‍ മറുനാടന്‍ മലയാളി പത്രാധിപര്‍ ഷാജന് സ്കറിയക്കെതിരെ ഒന്നിലേറെ കേസുകള്‍. ആദ്യം കമ്പനി രജിസ്ട്രേഷന് വ്യാജരേഖ ചമച്ചു എന്ന പേരില്‍ ജാമ്യമില്ലാ വകുപ്പിലായിരുന്നു കേസ്. കമ്പനിയുടെ അഡ്രസ്സ് മാറ്റാന്‍ കൊടുത്ത രേഖയാണ് ഇതെന്നും കേസെടുക്കാന്‍ വകുപ്പില്ലെന്നും തെളിഞ്ഞപ്പോള്‍ പി.വി.അന്‍വര്‍ സാമൂഹ്യമാധ്യമത്തിലൂടെ മറുനാടന്‍ മലയാളിക്കെതിരെ പ്രചാരണം തുടങ്ങി. മറുനാടന്‍ മലയാളി കാരണം ജീവിതം നഷ്ടപ്പെട്ടവര്‍ എന്നപേരില്‍ ചില ഇടതുപക്ഷ കുഴലൂത്തുകാരെക്കൊണ്ട് ആരംഭിച്ച സോഷ്യല്‍ മീഡിയ കാമ്പയിന് പൊളിഞ്ഞു. പിണറായി വിജയന്റെ പോലീസ് കേസെടുത്ത രണ്ടുപേരെ മുന്നില്‍ നിര്‍ത്തിയായിരുന്നു ഈ ആരോപണം. മറ്റൊന്ന് നീതിപീഠത്തിന് എതിരെയും ഇതര രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ക്കെതിരെയും സര്‍വ്വീസിലിരിക്കെ പ്രചാരണം നടത്തിയ ഒരു മജിസ്ട്രേറ്റിന്റെ ജോലി പോയതായിരുന്നു. കൊച്ചിയില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ പരിശീലനത്തിന് എത്തിയ കുട്ടികളെ മണിക്കൂറുകളോളം പുറത്തു നിര്‍ത്തിയ എംഎല്‍എ പി.വി. ശ്രീനിജനെതിരെ നല്കിയ വാര്‍ത്തയ്ക്കാണ് പട്ടികജാതി-വര്‍ഗ്ഗ നിയമമനുസരിച്ച് കേസെടുത്തത്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനത്തു നിന്ന് ഇതേ പ്രശ്നത്തില്‍ ശ്രീനിജനെ ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ ഈ വാദവും നിലനില്‍ക്കില്ല എന്നുവന്നു.
പക്ഷേ, കേസ് പിന്‍വലിക്കാതെ മറുനാടനെതിരെ വേട്ടപ്പട്ടികളെ പോലെ പോലീസ് കുരച്ചു ചാടുകയാണ്, ഷാജനെ അറസ്റ്റ് ചെയ്തേ മതിയൂകൂ എന്ന്. ഷാജന് ബിജെപി അനുകൂല വാര്‍ത്ത ചെയ്യുന്നു എന്നാണ് ആരോപണം. പക്ഷേ, ഇല്ലാത്ത ഗ്രൂപ്പും വഴക്കും പറഞ്ഞ് ഷാജന് എത്രയോ വാര്‍ത്തകള്‍ ബിജെപിക്ക് എതിരെ ചെയ്തു. അതാരും കാര്യമായി പരിഗണിച്ചിട്ടുമില്ല. ഇന്ന് ഷാജന് സ്കറിയ മാത്രമല്ല, ഏഷ്യാനെറ്റിലെ വിനു.വി.ജോണും അബ്ജോദും അഖിലയും ജയചന്ദ്രന് ഇലങ്കത്തും ക്രൈം നന്ദകുമാറും അടക്കം നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഒരേപോലെ വേട്ടയാടപ്പെടുന്നു. ഇന്ദിരയുടെ അടിയന്തിരത്തിനെതിരെ ഉയര്‍ന്ന ജനകീയ പ്രതിരോധവും പ്രതിഷേധവും പിണറായിയുടെ അടിയന്തിരത്തിന് എതിരെയും ഉയരേണ്ടതല്ലേ? അതിശക്തമായ ജനമുന്നേറ്റവും പ്രതിഷേധവും മാധ്യമങ്ങള്‍ക്കെതിരായ ഈ നീതികേടില്‍ ഉണ്ടാവണം. ഇതിനെ ന്യായീകരിക്കാന്‍ എത്തിയ ഇടതുപക്ഷ ആഭിമുഖ്യമുള്ള ചില മാധ്യമപ്രവര്‍ത്തകരുണ്ട്. അധികാര രാഷ്ട്രീയത്തിനോടുള്ള അന്ധമായ കൂറാണ് അവരെ നയിക്കുന്നത്, ഒപ്പം എല്ലിന് കഷ്ണങ്ങളും. മാധ്യമങ്ങള്‍ക്കെതിരായ പി ണറായിയുടെ അടിയന്തിരത്തില്‍ വായ് തുറന്നതു പോലും വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. എവിടെപ്പോയി മലയാളികളുടെ സാമൂഹികബോധം, സ്വാതന്ത്ര്യദാഹം, പോരാട്ടവീര്യം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: