തിരുവനന്തപുരം: സാധാരണക്കാരനുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ച് തൊഴിലവകാശം കൂടിയാണ്. ഓരോ മാധ്യമപ്രവര്‍ത്തകനും പ്രതിനിധാനം ചെയ്യുന്നത് മാധ്യമസ്ഥാപനത്തേക്കാള്‍ ഉപരി പൊതുസമൂഹത്തെയാണെന്ന് സാമൂഹ്യനിരീക്ഷകന്‍ ശ്രീജിത്പണിക്കര്‍. പ്രസ്ക്ലബ്ബില്‍ ഫോറം ഫോര്‍ മീഡിയ ഫ്രീഡം എന്ന സംഘടന കേരളത്തിലെ സര്‍ക്കാരിന്റെ മാധ്യമവേട്ടയ്ക്കെതിരെ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും ഒരു മാധ്യമപ്രവര്‍ത്തകന്റെ ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇല്ലാതാകുന്നത് സമൂഹത്തിന്റെ ശബ്ദമാണ്. അയാള്‍ക്ക് നിക്ഷിപ്ത താത്പര്യം ഉണ്ട് എങ്കില്‍ കൂടി സമൂഹത്തിലെ വ്യത്യസത അഭിപ്രായങ്ങളുള്ളവരുടെ കൂടി ശബ്ദമാണ് അയാള്‍ ഉന്നയിക്കുന്നത്. അങ്ങനെയുള്ള മാധ്യമപ്രവര്‍ത്തകന്റെ ശബ്ദം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ഭരണകൂട ഭീകരത തന്നെയാണ്. തൊഴില്‍ ചെയ്യാനുള്ള അവന്റെ അവകാശത്തിന് മേലുള്ള കടന്നുകയറ്റം കൂടിയാണത്. ഒരു തൊഴിലാളി വര്‍ഗ സര്‍ക്കാരാണെന്ന് പറയുന്നവരാണ് ഇത് ചെയ്യുന്നതാണ് അതിലെ വൈരുദ്ധ്യം. തങ്ങള്‍ക്കെതിരെ വാര്‍ത്ത നല്കിയാല് ബുദ്ധിമുട്ടനുഭവിക്കുമെന്ന വ്യക്തമായ സന്ദേശമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം കേസെടുക്കുന്നതിലൂടെ വ്യക്തമാക്കുന്നതെന്നും ശ്രീജിത് പണിക്കര്‍ പറഞ്ഞു.
മാധ്യമങ്ങളുടെ പൊതുസ്വാതന്ത്ര്യത്തില് കടന്നുകയറുമ്പോള്‍ മാധ്യമങ്ങള്‍ ഒരുമിച്ചുനില്ക്കുന്നില്ല എന്നതാണ് ഇന്ന് മാധ്യമലോകം നേരിടുന്ന വെല്ലുവിളിയെന്ന് ജനം ടിവി പ്രോഗ്രാം ഹെഡ് അനില്‍നമ്പ്യാര്‍ പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന് രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുന്നു. മാധ്യമങ്ങളുടെ ഐക്യം നഷ്ടപ്പെട്ടു. മാധ്യമങ്ങള്‍ സംഘടിതരല്ല എന്ന ബോധ്യമാണ് ഭരണകൂടത്തിന് മാധ്യമങ്ങളുടെ മേല്കടന്നുകയറാനുള്ള ധൈര്യം നല്‍കുന്നത്. ബ്രിട്ടീഷുകാരെ പോലെ ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് പിണറായി വിജയന് സര്‍ക്കാര്‍ ചെയ്യുന്നത്.എല്ലാ വാര്‍ത്തകളും നൂറുശതമാനം ഉറപ്പുവരുത്തിയിട്ട് നല്‍കാനാവില്ല. അതെല്ലാം സൂചനയെന്നും അറിയുന്നുവെന്നും പറഞ്ഞ് വാര്‍ത്തകള്‍ നല്‍കും. മാധ്യമപ്രവര്‍ത്തകരുടെ ഇത്തരം ഇടപെടലുകളാണ് പല അഴിമതികളും പുറത്തുകൊണ്ടുവരുന്നതെന്നും അനില്‍ നമ്പ്യാര്‍ പറഞ്ഞു.
കേരളത്തിലെ മാധ്യമ പ്രവര്‍ത്തനം രാജ്യത്തിനാകെ മാതൃകയായിരുന്നു. ഭരണകൂടത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ആദ്യകാലം മുതല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഉയര്‍ത്തിയിരുന്നതെന്ന് അധ്യക്ഷത വഹിച്ച ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍ പറഞ്ഞു. മാധ്യമപ്രവര്ത്തകന് വാര്‍ത്താ ഉറവിടം എന്നത് പവിത്രമാണ്. അത് ആരോടും പറയാന്‍ പാടില്ലെന്നതാണ് മാധ്യമപ്രവര്‍ത്തകന്റെ വിശ്വാസ്യതയുടെ കേന്ദ്രം.. കേരളത്തിലെ പോലീസ് ഈ ഉറവിടങ്ങള്‍ വെളിപ്പെടുത്താനാണ് മാധ്യമപ്രവര്‍ത്തകരുടെ മേല്‍ കേസെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. കേരളത്തില്‍ നടക്കുന്നത് മാധ്യമ അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ജന്മഭൂമി ഡസ്ക് ചീഫ് ആര്. പ്രദീപ്, എം.എസ്. ഗിരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: