അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കല്ലെറിയുന്നതിന്റെ വീഡിയോ തെളിവായി കിട്ടിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ ബാലാവകാശ കമ്മീഷന്. ഗുജറാത്തിലെ ജുനഗധില്‍ നടന്ന അക്രമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കല്ലെറിയുന്ന വീഡിയോ ദേശീയ ബാലാവകാശകമ്മീഷന് ശേഖറിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഗുജറാത്തിലെ ജുനഗധിലെ പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മീഷന്.
ഗുജറാത്തിലെ ജുനഗധില്‍ കുട്ടികള്‍ കല്ലെറിയുന്നതിന്റെ വീഡിയോ
ജുനഗധിലെ മാജേവാഡി ഗേറ്റിനടത്തുള്ള മസ്ജിദ് അനധികൃതമായി ഭൂമി കയ്യേറുന്നു എന്ന് കാണിച്ച് 2023 ജൂണ്‍ 17ന് ജുനഗധ് മുനിസിപ്പല്‍ കോര്പറേഷന് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വലിയ അക്രമം അരങ്ങേറിയത്. ഇതിന്റെ ഭാഗമായാണ് കല്ലേറ് നടന്നത്.
ഈ വീഡിയോയില്‍ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായുള്ള നിരവധി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കല്ലെറിയുന്നത് കാണാം എന്ന് പൊലീസ് സൂപ്രണ്ടിന് നല്കിയ കത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന് ചൂണ്ടിക്കാട്ടുന്നു. 2015ലെ ബാലനീതി നിയമത്തിലെ 83(2), 75 എന്നീ വകുപ്പുകളുടെ പ്രഥമാദൃഷ്ട്യായുള്ള ലംഘനമാണ് ഇതെന്ന് ദേശീയ ബാലാവകാശ കമ്മീഷന് പറയുന്നു. അതുപോലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ചില പ്രസക്തമായ വകുപ്പുകളുടെയും ലംഘനമാണ്. കുട്ടികളെ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന വ്യക്തിയോ സംഘമോ ഏഴ് വര്‍ഷം വരെ നീളാവുന്ന കഠിനതടവോ അതല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ പിഴയോ ശിക്ഷയായി ഏറ്റുവാങ്ങേണ്ടിവരുമെന്ന് 83(2) വകുപ്പ് പറയുന്നു.
ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് എഫ് ഐ ആര് തയ്യാറാക്കാനാണ് ദേശീയ ബാലാവകാശ കമ്മീഷന് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കത്ത് കിട്ടി ഏഴ് ദിവസത്തിനകം മറുപടി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപെര്കോട്ട് എക്സറ്റന്ഷനടുത്തുള്ള ദര്‍ഗ നടത്തിയ അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയതിന്റെ പേരില്‍ ജൂണ്‍ 16ന് നൂറുകണക്കിന് പേരടങ്ങുന്ന ആള്‍ക്കൂട്ടം ജനഗധ് ജില്ലയിലെ മജീവാഡി ചൗക്കിലെ പൊലീസ് സ്റ്റേഷന് ആക്രമിക്കുകയായിരുന്നു. ജുനഗധില്‍ നടന്ന അക്രമത്തില്‍ പൊലീസിന് നേരെ കല്ലെറുണ്ടായി. പൊലീസ് വാഹനമുള്‍പ്പെടെ കത്തിച്ചു. അക്രമികളെ അടിച്ചമര്‍ത്താന്‍ കൂടുതല്‍ പൊലീസിനെ വിളിച്ചുവരുത്തി. ലാത്തിച്ചാര്‍ജ്ജും നടത്തേണ്ടി വന്നു. നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: