ആലപ്പുഴ: മിയാവാക്കി നടപ്പിലാക്കി വിജയിപ്പിച്ചതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടിയ റാഫി രാമനാഥന് പരിസ്ഥിതി സംരക്ഷണത്തിനായി നിരന്തരം പരിശ്രമിക്കുന്ന അധ്യാപകന്. ആണിയും മറ്റും തറച്ച് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച് വഴിയോര തണല്‍മരങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ 2012ല്‍ റാഫി രാമനാഥന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം ഫലംകണ്ടു. സര്‍ക്കാര്‍ ഇതിനെതിരെ ഉത്തരവ് ഇറക്കി.
വൃക്ഷസംരക്ഷണ,പരിസ്ഥിതി സംഘടനയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ആലപ്പുഴ ജില്ലയില്‍ വിദ്യാലയങ്ങളും, സര്‍ക്കാര്‍ ഓഫീസുകളും, ആരാധനാലയങ്ങളും കേന്ദ്രീകരിച്ച്, നക്ഷത്രവനം, ഔഷധത്തോട്ടം, ശലഭപാര്‍ക്ക് തുടങ്ങി ജൈവവൈവിധ്യ സംരക്ഷണത്തിലൂടെ ഒരു ലക്ഷത്തോളം വൃക്ഷത്തൈകള്‍ നട്ടുസംരക്ഷിക്കുവാന് ഇതിനോടകം സാധിച്ചു. മാവേലിക്കര ബ്ലോക്ക്പഞ്ചായത്തിന്റെ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെ വൈസ് ചെയര്‍മാനായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്കൂളുകളില്‍ നടപ്പിലാക്കിയ ശലഭോദ്യാനം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 2015 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പരിസ്ഥിതി സംരക്ഷകനുളള സംസ്ഥാന പുരസ്കാരം ഇദ്ദേഹത്തിനു നല്കി.
2015ലെ ദേശീയഗെയിംസില്‍ ശുചിത്വമിഷന് ഗ്രീന്‍പ്രോട്ടോക്കോള്‍ ഒഫീഷ്യല്‍ ആയി പ്രവര്‍ത്തിച്ചു. പ്രകൃതി സംരക്ഷണ പാഠങ്ങള്‍ വിദ്യാര്‍ഥികളിലേക്കും, പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനായി തളിര് നല്ല നാളെയ്ക്കായി എന്ന ഡോക്യുമെന്ററി നിര്‍മിച്ചു. ഇതിന് സംസ്ഥാന ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസില്‍ പുരസ്കാരം ലഭിച്ചു. മരങ്ങളുടെ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി നന്മമരം ഡോക്യുമെന്ററി ഒരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: